മലയാളം 8-ാം ക്ലാസ് കേരള പാഠാവലി


യൂണിറ്റ് -1

ഇനി ഞാനുണർന്നിരിക്കാംം




കരുതലും കരുണയും പകർന്ന് ജീവിതം സ്വർഗ തുല്യമാക്കാം എന്നോർമ്മിപ്പിക്കുന്ന മൂന്നു പാഠങ്ങളാണ് ഈ യൂണിറ്റിലുള്ളത്. രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ഒരു ഭാഗം 'സാന്ദ്ര സൗഹൃദം', പി. സുരേന്ദ്രൻ എഴുതിയ ഓർമക്കുറിപ്പ്, 'അമ്മമ്മ ' , ഇ.വി. കൃഷ്ണ പിള്ളയുടെ ലേഖനം 'വഴി യാത്ര' എന്നിവയാണ് ആ പാഠ ഭാഗങ്ങൾ.

പാഠം1

സാന്ദ്ര സൗഹൃദം

സാന്ദീപനീ മഹർഷിയുടെ കീഴിലുള്ള ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് രണ്ടു വഴിക്ക് പിരിഞ്ഞ കൂട്ടുകാരാണ് ശ്രീകൃഷ്ണനും കുചേലനും. ശ്രീകൃഷ്ണൻ ദ്വാരകയിലെ രാജാവായി. കുചേലനാകട്ടെ നിത്യ ദാരിദ്ര്യത്തിലാണ് കഴിഞ്ഞു കൂടുന്നത്. ഇത്തരമൊരവസ്ഥയിൽ പഴയ കൂട്ടുകാരനെ കാണാൻ കുചേലൻ ദ്വാരകയിലെത്തുന്നു. ശ്രീകൃഷ്ണൻ തന്റെ സഹപാഠിയെ സന്തോഷത്തോടെ സ്വീകരിച്ചു. അവർ പഴയ കാല ഓർമകൾ പങ്കുവയ്ക്കുന്നു.

ആശയ സംഗ്രഹം

സാന്ദീപനീ മഹർഷിയുടെ ആശ്രമവാസക്കാലത്ത് ഗുരുപത്നിയുടെ നിർദേശ പ്രകാരം ശ്രീകൃഷ്ണനും കുചേലനും കാട്ടിൽ പോയി. വിറക് ശേഖരിച്ചപ്പോഴേക്കും നേരം ഇരുട്ടി. അപ്രതീക്ഷിതമായി വന്ന കൊടുങ്കാറ്റും മഴയും അവരെ ഭയപ്പെടുത്തി. പുലരും വരെ വനത്തിൽ കഴിയുന്നതെങ്ങനെ എന്നോർത്ത് അവർ വിഷമിച്ചു. പറത്തിക്കൊണ്ടു പോകുമെന്ന് തോന്നു മാറുള്ള കൊടുംകാറ്റിൽ പരസ്പരം കൈകൾ കോർത്ത് ഒരു ഗുഹയിൽ നേരം വെളുക്കുന്നതു വരെ അവർ പേടിച്ചിരുന്നു.

ശിഷ്യരെ കാണാതായതോടെ സാന്ദീപനീ മഹർഷി പത്നിയോട് കോപിച്ചു. പുലർച്ചെത്തന്നെ ശിഷ്യരെ അന്വേഷിച്ച് അദ്ദേഹം കാട്ടിലേക്ക് പോയി. ഗുരുവിനെക്കണ്ടയുടനെ തണുത്ത് വിറച്ച് പേടിച്ച അവർ അദ്ദേഹത്തെ നമസ്കരിച്ചു. ഗുരു സന്തോഷത്തോടെ ശിഷ്യരെ അനുഗ്രഹിച്ചു. ഇതൊക്കെ ഇപ്പോഴും ഓർമ്മയില്ലേ എന്ന് കൃഷ്ണൻ കുചേലനോടാരാഞ്ഞു.

ഗുരുവിന്‍റെ അനുഗ്രഹത്തിന്‍റെ നന്മ മാത്രമാണ് നമുക്കള്ളത്, ഗുരുവിന്‍റെ അനുഗ്രഹമില്ലാതെ ആർക്കും ജന്മ സാഫല്യമുണ്ടാവില്ല എന്നും കൃഷ്ണൻ കുചേലനോട് പറയുന്നു.

സാമൂഹികമായ ഉച്ചനീചത്വമോ,  സാമ്പത്തികമായ അസമത്വമോ സൗഹൃദത്തിന്‍റെ തീവ്രത കുറയ്ക്കുന്നില്ല. വർഷങ്ങൾക്കു ശേഷം ദ്വാരകാധിപതിയായ കണ്ണനെ കാണാനെത്തുന്ന ദരിദ്രനായ കുചേലനെ അദ്ദേഹം ഹൃദ്യമായി സ്വീകരിക്കുന്നതിലൂടെ കൃഷ്ണകുചേലന്മാരുടെ നിഷ്കളങ്ക സൗഹൃദമാണ് വെളിപ്പെടുന്നത്. ഈ ഒരൊറ്റ കാവ്യത്തിലൂടെ വഞ്ചിപ്പാട്ട് കാവ്യശാഖയുടെ ഉപജ്ഞാതാവായി രാമപുരത്തു വാര്യർ അറിയപ്പെട്ടു.

വഞ്ചിപ്പാട്ടിന്‍റെ വൃത്തം നതോന്നതയാണ്.

ഈ പാഠഭാഗ ആശയം ഉത്തരമായി വരുന്ന എത്ര ചോദ്യങ്ങൾ ഉണ്ടാക്കാമെന്ന് കൂട്ടുകാർ കണ്ടെത്തി എഴുതു.

ചെമ്മേ, മറന്നില്ലല്ലി, കുളുർന്നു , പുക്ക്, പാർത്തിരിയാതെ, ഉഷപ്പോളം, തുരപ്പ് എന്നു തുടങ്ങി ഇന്ന് പ്രചാരത്തിലില്ലാത്ത പല വാക്കുകളും രാമപുരത്തു വാര്യർ കാവ്യഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്.
To Top