1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ചരിത്രത്തിലേക്ക്

bins

CHAPTER 1






ചരിത്രത്തിലേക്ക്

ചരിത്രമുറങ്ങും ചരിത്രാതീത കാലം


നുഷ്യന്‍ എന്നാണ് ഉണ്ടായത് എന്നു ചോദിച്ചാല്‍ കാക്കത്തോള്ളായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് കൂട്ടുകാര്‍ പറയും. അതെ, പണ്ടുപണ്ടുപണ്ട്, ഏകദേശം 2 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ പൂര്‍വികര്‍ ജന്മംകൊണ്ടിട്ടുള്ളത്! കുരങ്ങില്‍ നിന്ന് പരിണമിച്ചാണ് മനുഷ്യനുണ്ടായതെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നതിനേക്കാള്‍ മനുഷ്യനും കുരങ്ങിനും ഒരു പൊതു പൂര്‍വികനാണുള്ളതെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഇങ്ങനെയൊക്കെയാണെങ്കിലും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമൊക്കെ കഴിയുന്ന ബുദ്ധിയുള്ള ആധുനിക മനുഷ്യന്‍ പിറവിയെടുത്തിട്ട് കേവലം 50000 വര്‍ഷമേ ആയിട്ടുള്ളു കേട്ടോ.
ഇങ്ങനെ മനുഷ്യന്‍ രൂപപ്പെട്ടതു മുതല്‍ ഇന്നോളമുള്ള നാള്‍വഴികള്‍ നമ്മളെങ്ങനെയാണ് മനസിലാക്കുന്നതെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ?
അവര്‍ ഉപേക്ഷിച്ചുപോയ രേഖകളിലൂടെയാണ് നമ്മളത് മനസിലാക്കുന്നത്. രേഖകള്‍ എന്നു പറയുമ്പോള്‍ എഴുതപ്പെട്ടവ മാത്രമല്ല, എഴുതപ്പെടാത്തവയും ഉണ്ട്. എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ഈ രേഖകളെ സൂക്ഷമം പഠിച്ചിട്ടാണ് ചരിത്രകാരന്‍മാര്‍ ചരിത്രം രചിക്കുന്നത്. അതുകൊണ്ടാണ് ഭൂതകാലത്ത് മനുഷ്യന്‍ അവശേഷിപ്പിച്ച് കടന്നുപോയ ചരിത്ര വസ്തുക്കളെ പഠിച്ച് ചരിത്രകാരന്‍ നടത്തുന്ന വ്യാഖ്യാനമാണ് ചരിത്രമെന്ന് വിഖ്യാത ചരിത്രകാരനായ ഇ.എച്ച്.കാര്‍ പറഞ്ഞത്.
എഴുതപ്പെട്ട രേഖയായി വളരെ കുറച്ചുകാലത്തെ രേഖകള്‍ മാത്രമേ നമുക്ക് കിട്ടാനുള്ളു. എന്തായിരിക്കും അതിനുകാരണം? മനുഷ്യന്‍ എഴുത്തുവിദ്യ കണ്ടെത്തിയിട്ട് വളരെകുറച്ചു നാളുകളേ ആയിട്ടുള്ളു എന്നതു തന്നെ. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് സുമേറിയക്കാര്‍ വികസിപ്പിച്ചെടുത്ത ‘ക്യൂണിഫോം’ ആണ് ആദ്യത്തെ 


എഴുതപ്പെട്ട അക്ഷരങ്ങള്‍.
എഴുതപ്പെട്ട ഈ രേഖകള്‍ കണ്ടെത്തിയതുമുതലുള്ള ചരിത്രത്തെയാണ് ‘ചരിത്ര കാല’മെന്ന് (historic period) പറയുന്നത്. എന്നാല്‍ അതിനു മുമ്പുള്ള കാലത്തെകുറച്ച് നമുക്കറിയണ്ടേ? അതിനായി നമ്മള്‍ ആശ്രയിക്കുന്നത്, പണ്ടത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ഉപകരണങ്ങള്‍, പാത്രങ്ങളുടെയും പ്രതിമകളുടെയും അവശിഷ്ടങ്ങള്‍, മനുഷ്യരുടെയും അവര്‍ വളര്‍ത്തിയ മൃഗങ്ങളുടെയും ധാന്യങ്ങളുടെയും ജൈവാവശിഷ്ടങ്ങള്‍ (fossils), വസ്ത്രകഷ്ണങ്ങള്‍ മുതലായവയെയാണ്. ഇവയിലൊക്കെത്തന്നെ അന്നത്തെ നമ്മുടെ മുതുമുത്തച്ഛന്‍മാരുടെ ജീവിത കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത് വായിച്ചെടുത്താല്‍ എന്തെല്ലാം അത്ഭുതകരമായ കാര്യങ്ങള്‍ നമുക്കറിയാനാവുമെന്നോ! എഴുത്തുവിദ്യ കണ്ടെത്താത്ത ആ കാലത്തെയാണ് ചരിത്രാതീതകാലമെന്ന് (pre-historic period) പറയുന്നത്.
കല്ലുകൊണ്ടുള്ള അഥവാ ശിലകള്‍ കൊണ്ടുള്ള ആയുധങ്ങളാണ് വേട്ടയാടാനും കിഴങ്ങുവര്‍ഗങ്ങള്‍ കുഴിച്ചെടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്നത് എന്നതാണ് ചരിത്രാതീത കാലത്തെ മനുഷ്യര്‍ക്ക് പൊതുവായി കണ്ടെത്തിയ പ്രത്യേകത . അതുകൊണ്ട് ചരിത്രാതീത കാലത്തിന് ‘ശിലായുഗ’മെന്നും പേരുണ്ട്. ശിലായുഗത്തെ അഥവാ ചരിത്രാതീതകാലത്തെ നമുക്ക് വീണ്ടും മുന്നായി തിരിക്കാം. പ്രാചീന ശിലായുഗം (Paleolithic period or old stone age), മദ്ധ്യശിലായുഗം (Mesolithic period or middle stone age), നവീനശിലായുഗം (Neolithic period or new stone age).
ഇനി നമുക്ക് ഈ മൂന്ന് കാലഘട്ടത്തെയും പറ്റി ചെറുതായൊന്ന് പരിചയപ്പെട്ടാലെന്താ?
മൂന്ന് കാലഘട്ടങ്ങളിലും ഏറ്റവും പഴക്കം ചെന്നത് പ്രാചീന ശിലായുഗമാണ്. ‘പാലിയോലിത്തിക്’ കാലമെന്നാണ് ഗ്രീക്കില്‍ ഇതറിയപ്പെടുന്നത്. ‘പാലിയോ’ (paleo) എന്നാല്‍ പ്രാചീനം, പുരാതനം എന്നൊക്കെയാണര്‍ത്ഥം. ‘ലിത്തോസ്’(lithos) എന്നാല്‍ കല്ല് അല്ലെങ്കില്‍ ശില എന്നും. ഇക്കാലത്തെ മനുഷ്യര്‍ പരുക്കനായ കല്ലുകളായിരുന്നത്രേ ആയുധമായി ഉപയോഗിച്ചിരുന്നത്. അവ തേച്ച് മിനുസപ്പെടുത്താനൊന്നും പാവങ്ങള്‍ക്കറിയുമായിരുന്നില്ല. ഈ പരുക്കന്‍ കല്ലായുധങ്ങള്‍ കൊണ്ട് അവര്‍ മൃഗങ്ങളെ എറിഞ്ഞും തല്ലിയും വേട്ടയാടി ഭക്ഷച്ചിരുന്നു.
പാലിയോലിത്തിക് കാലത്തിനുശേഷമാണ് മദ്ധ്യശിലായുഗം അഥവാ ‘മെസോലിത്തിക്’ കാലമാരംഭിക്കുന്നത്. മെസോലിത്തിക് എന്ന ഗ്രീക്ക് പദത്തിനര്‍ത്ഥം ‘മദ്ധ്യം’ എന്നാണ്. ഈ കാലഘട്ടത്തിലെ മനുഷ്യര്‍ ആയുധങ്ങളെ ചെറുതായി തേച്ചുമിനുക്കാന്‍ പഠിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും അവര്‍ക്കതിനായതുമില്ല. വേട്ടയാടലായിരുന്നു ഇവരുടേയും മുഖ്യ തൊഴില്‍.
ഇതിനും ശേഷമാണ് നവീനശിലായുഗം വരുന്നത്. കൂട്ടുകാരെ നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്. കാരണം മനുഷ്യന്‍ കൃഷിയാരംഭിച്ചതും സ്ഥിരതാമസമാരംഭിക്കുന്നതും ഈ കാലഘട്ടത്തിലാണ്. അതിനു കാരണമായതെന്താണെന്നോ? തേച്ചുമിനുക്കിയ കല്ലായുധങ്ങള്‍!!! മനുഷ്യന്റെ ബുദ്ധിയില്‍തന്നെ വികാസം വരുത്തുന്നതിന് ഈ മാറ്റം വളരെ പ്രധാനമായിരുന്നു. അതുകൊണ്ട് ഗോര്‍ഡന്‍ ചൈല്‍ഡെന്ന മഹാനായ പുരാവസ്തുഗവേഷകന്‍ നവാനശിലായുഗത്തെ ‘നവീനശിലായുഗ വിപ്ലവം’ (Neolithic Revolution) എന്നാണ് വിളിച്ചത്.

ചരിത്ര കാലം

താളിയോല


കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തില്‍ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാദ്ധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാന്‍ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ മതപരവും സാഹിത്യപരവും ആയുര്‍വേദ സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. 1960കള്‍ വരെ കളരിയാശാന്‍മാര്‍ കുട്ടികള്‍ക്കുള്ള പാഠങ്ങള്‍ എഴുതികൊടുത്തിരുന്നത് താളിയോലകളിലാണ്. നാരായം എന്നറിയപ്പെടുന്ന മൂര്‍ച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളില്‍ എഴുതിയിരുന്നത്.

പ്രത്യേകതകള്‍

പല രൂപത്തിലും വലിപ്പത്തിലും താളിയോലകള്‍ കാണാമെങ്കിലും അധികവും ദീര്‍ഘചതുരാകൃതിയിലാണ്. എഴുത്താണി അഥവാ നാരായം കൊണ്ടാണ് പനയോലയില്‍ എഴുതിയിരുന്നത്.
ഗ്രന്ഥരചനയ്ക്കു പുറമേ പ്രാചീനകാലത്ത് സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് (അധികവും രാജാക്കന്മാര്‍) താളിയോല ഉപയോഗിച്ചിരുന്നു. വിശേഷരീതിയിലുള്ള ചിത്രപ്പണികള്‍ ചെയ്ത താളിയോല ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള 'ചിത്ര രാമായണം' ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്.

ഉപയോഗവും നിര്‍മ്മാണവും

താളി എന്ന വാക്കിന് പന എന്നര്‍ഥമുണ്ട്. കുടപ്പനയുടേയും കരിമ്പനയുടേയും ഇളം ഓലകള്‍ എടുത്ത് ഉണക്കിയാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ഓലകള്‍ വാട്ടി ഉണക്കി എടുക്കുന്ന രീതിയാണ് സാധാരണ അവലംബിക്കാറ്. ഉണക്കി പുകകൊള്ളിക്കുന്ന രീതിയും ഉണ്ടായിരുന്നു. കൂടുതല്‍കാലം ഈടുനില്ക്കുന്നതിനായി മഞ്ഞള്‍ ചേര്‍ത്ത് വാട്ടി ഉണക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഓലകള്‍ നൂറ്റാണ്ടുകള്‍ പഴക്കമായാലും കേടുകൂടാതെ ഇരിക്കും. എഴുതിയ ഓലകള്‍ ഒന്നിനുമുകളില്‍ ഒന്നായി ക്രമത്തില്‍ അടുക്കി ഓലയില്‍ സുഷിരങ്ങളുണ്ടാക്കി ചരട് കോര്‍ത്ത് കെട്ടിവയ്ക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്.'ഗ്രന്ഥക്കെട്ട്' എന്ന പ്രയോഗം ഇതില്‍ നിന്ന് ഉണ്ടായതാകാം. താളുകള്‍ അടുക്കിവയ്ക്കുമ്പോള്‍ ഘനക്കുറവും വീതി കൂടുതലും കിട്ടും എന്നതിനാല്‍ കുടപ്പന ഓലകളാണ് ഗ്രന്ഥരചനയ്ക്ക് അധികവും ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ച് കൂടുതല്‍ താളുകള്‍ വേണ്ടിവരുന്ന വലിയ ഗ്രന്ഥങ്ങളുടെ രചനയ്ക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ ചില കൊട്ടാരങ്ങളിലും ഗ്രന്ഥപ്പുരകളിലും ഇന്നും സൂക്ഷിക്കുന്നുണ്ട്.
കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ഇന്നും അപൂര്‍വമായി പനയോല ഉപയോഗിക്കാറുണ്ട്. നീളത്തില്‍ ഈര്‍ക്കിലോടുകൂടി മുറിച്ചെടുത്ത ഓലയാണ് എഴുത്താശാന്മാര്‍ (കളരി) ഉപയോഗിച്ചിരുന്നത്. ജാതകം കുറിക്കുന്നതിനും പനയോല ഉപയോഗിച്ചിരുന്നു.
കേരള സര്‍വ്വകലാശാലയുടെ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ (കാര്യവട്ടം) അമൂല്യങ്ങളായ വളരെയധികം താളിയോല ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് കൂടുതല്‍ ഭംഗി കിട്ടുന്നതിനും ശ്രദ്ധേയമാക്കുന്നതിനുമായി കല്യാണക്കത്തുകള്‍ പനയോലയില്‍ അച്ചടിച്ചിറക്കുന്ന രീതിയും അപൂര്‍വമായി കാണാറുണ്ട്
ശിലാലിഖിതങ്ങള്‍ 



 
കോട്ടകള്‍










To Top