യൂറോപ്പ് പരിവർത്തന പാതയിൽ നവോഥാനം

  ഒറ്റനോട്ടത്തില്‍

യൂറോപ്പില്‍ സാഹിത്യം, കല, സംസ്കാരം, വിജ്ഞാനം, ചിത്രകല, സംഗീതം, പ്രതിമാശില്പം, വാസ്തുശില്പം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലയിലും പതിനാലാം നൂറ്റാണ്ടുമുതല്‍ ഉണ്ടായ പുനര്‍ജീവന (പുനര്‍ജന്മ)ത്തെയാണ് നവോഥാനം (Renaissance) എന്നുപറയുന്നത്. 1350 മുതല്‍ 1650 വരെയാണ് നവോഥാന കാലമെന്ന് വിളിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നത ഉണ്ട്. സഭകളിലും മഠങ്ങളിലും ഒതുങ്ങിനിന്നിരുന്ന വിദ്യാഭ്യാസം സര്‍വ്വകലാശാലകളിലേക്ക് മാറിയതും നവോഥാനത്തിന്റെ പ്രധാനഘടകമാണ്. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച തത്വചിന്താപരമായ ചര്‍ച്ചകളാണ് പിന്നീട് യൂറോപ്പില്‍ സര്‍വ്വകലാശാലകള്‍ക്ക് ജന്മം നല്കിയത്. പാരീസ്, ഓക്സ്ഫോര്‍ഡ്, ബൊളോന തുടങ്ങിയ സര്‍വ്വകലാശാലകളില്‍ പലതിലും മതം, ജ്യോതിഷം, വ്യാകരണം, വൈദ്യം, നിയമം, ന്യായം, ഗണിതം, സംഗീതം തുടങ്ങിയ പഠനവിഷയങ്ങളായി. ഇത് പുതിയ ചിന്താസരണികള്‍ക്ക് വഴിതെളിച്ചു. പാരീസ് സര്‍വ്വകലാശാലയിലെ പീറ്റര്‍ അബെലാഡ് 'യസ് നോ' എന്ന കൃതിയിലൂടെ ഉയര്‍ത്തിവിട്ട പുതിയ ചിന്താഗതി സഭകളുടെ വിരോധത്തിന് വഴിതെളിച്ചു. മനുഷ്യരുടെ ബുദ്ധിശക്തി ലോകത്ത് ഉണ്ടാക്കാന്‍ പോകുന്ന പുതിയ പരിവര്‍ത്തനങ്ങളെപ്പറ്റി റോജര്‍ ബേക്കണ്‍ നടത്തിയ പ്രഖ്യാപനങ്ങളും യാഥാസ്ഥികരെ ചൊടിപ്പിച്ചു. തോക്ക്, വടക്കുനോക്കിയന്ത്രം, അച്ചടിയന്ത്രം തുടങ്ങിയവയുടെ വരവ് നവോഥാനത്തിന്റെ ഫലങ്ങളായി കണക്കാക്കാം. ഇവ നവോഥാനത്തിന്റെ ചാലകശക്തികളായി പിന്നീട് മാറി.

വാണിജ്യ-വ്യവസായപരമായ പുതിയ നഗരങ്ങളുടെ ഉയര്‍ച്ചയാണ് നവോഥാനത്തിന് സഹായിച്ച മറ്റൊരു പ്രധാന ഘടകം. വെനീസ്, ഫ്ളോറന്‍സ്, ജനോവ, ലിസ്ബണ്‍ , പാരീസ്, ബര്‍ഗ്സ്, ലണ്ടന്‍ , ഹാംബര്‍ഗ്, ന്യൂറംബര്‍ഗ്, വിസ്ബി, നവോഗറോദ് തുടങ്ങിയ പുതിയ വാണിജ്യ വ്യവസായ നഗരങ്ങള്‍ ഉയര്‍ന്നു. വെനീസ്, ഫ്ളോറന്‍സ് തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളിലൂടെയാണ് പൗരസ്ത്യദേശത്തെ ഉല്പന്നങ്ങള്‍ യൂറോപ്പിലെത്തിയിരുന്നത്. ഇത് മുസ്ലിം സാംസ്കാരികകേന്ദ്രങ്ങളുമായി ബന്ധപ്പെടാനും, ക്രമേണ പുരാതന ഗ്രീക്ക്റോമന്‍ കൃതികളുടെ കൈയ്യെഴുത്ത് പ്രതികള്‍ യൂറോപ്പിലെത്താനും കാരണമായി. അരിസ്റ്റോട്ടലിയന്‍ വിജ്ഞാനം സമ്പൂര്‍ണമായി പരിരക്ഷിച്ച് പ്രചരിപ്പിച്ചതില്‍ അറബികളുടെ പങ്ക് വലുതാണ്. അരിസ്റ്റോട്ടലിന്റെ കൃതികളുടെ ലാറ്റിന്‍ പരിഭാഷ ഇവരാണ് നടത്തിയിട്ടുള്ളത്. അവ പലതും യൂറോപ്പിലെത്തി. അതുപോലെ ഹിന്ദു ഗണിതശാസ്ത്രങ്ങളും അറബി അക്കങ്ങളും, പൂജ്യവുമെല്ലാം അവര്‍ യൂറോപ്പിലേയ്ക്ക് സംക്രമിപ്പിച്ചു. നവോഥാനത്തില്‍ മംഗോളിയരുടെ സംഭാവന വലുതാണ്. സ്പെയിന്‍ , പോര്‍ട്ടുഗല്‍ , ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലുണ്ടായ നവോഥാനം ആ രാജ്യങ്ങളില്‍ നിലനിന്ന പാരമ്പര്യത്തിലധിഷ്ഠിതമായ പലതിനേയും തകര്‍ത്ത് എറിഞ്ഞു. പുതിയ ചിന്താഗതിക്കാരും പഴമക്കാരും തമ്മിലുള്ള മത്സരം പലയിടത്തും ശക്തമായി.

സാഹിത്യത്തില്‍ ദാന്തേ (1265-1321) മുതല്‍ ശാസ്ത്രത്തില്‍ ഗലിലിയോ (1564-1642) വരെയാണ് നവോഥാനകാലം എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാഹിത്യത്തില്‍ പെട്രാര്‍ക്ക് (1305-1374), ജോവന്നി ബൊക്കാച്ചിയോ (1313-1375), സര്‍വന്റ്സ് (1547-1616), ജര്‍മ്മനിലെ നിക്കോളസ് (1401-1464), റുഡോള്‍ഫസ് അഗ്രിക്കോള (1443-1485), ഡെസിഡിറിയസ് ഇറാസ്മസ് (1466-1536), ഫാന്‍സ്വറാബ്ലെ (1495-1553), മൈക്കല്‍ മൊണ്ടേയ്ന്‍ (1553-1592), ജോഫ്റെ ചോസര്‍ (1340-1400), സര്‍ തോമസ് മൂര്‍ (1478-1535), എഡ്മണ്ട് സ്പെന്‍സര്‍ (1552-1599), ക്രിസ്റ്റൊഫര്‍ മാര്‍ലോ (1564-1593), വില്യം ഷേക്സ്പിയര്‍ (1564-1614), ജോണ്‍ മില്‍ട്ടണ്‍ (1608-1674), കലയില്‍ ലിയനാര്‍ദോ ദാവഞ്ചി (1452-1519), ടിറ്റ്സ്യന്‍ (1477-1576), റാഫേല്‍ (1483-1520), മൈക്കലാഞ്ജലോ (1475-1564), ഹാന്‍സ് ഹോള്‍ബെയിന്‍ (1497-1543), ഡ്യുര്‍ (1475-1528), വെലാസ്ക്വെസ് (1599-1660), പീറ്റര്‍ പൗള്‍ റൂബന്‍സ് (1577-1640), റെംബ്രാന്‍ഡ് (1606-1669), ശാസ്ത്രത്തില്‍ ലിയനാര്‍ദോ ദാവിഞ്ചി (1452-1519), കോപ്പര്‍നിക്കസ് (1473-1553), ഗലീലിയോ (1564-1642), വെസാലിയസ് (1514-1564), ഫ്രാന്‍സിസ് ബേക്കണ്‍ (1561-1626) തുടങ്ങിയവര്‍ പ്രധാനികളാണ്. ഇതില്‍ കലയില്‍ എന്ന പോലെ ശാസ്ത്രത്തിലും ശ്രദ്ധേയനായിരുന്നു ലിയനാര്‍ദോ ദാവഞ്ചി. ആവിയന്ത്രവും, അന്തര്‍വാഹിനിയും പാരച്ച്യൂട്ടും, വിമാനവുമെല്ലാം അദ്ദേഹം സ്വപ്നംകണ്ട യന്ത്രങ്ങളാണ്. ചിത്രകാരനെന്നപോലെ എന്‍ജിനീയര്‍ കൂടിയായിരുന്നു അദ്ദേഹം.

Flying Shuttle

Spinning jenny

To Top