Notes & Textbook Activities.
1. ചുവടെ കൊടുത്ത വരികൾ വിശകലനം ചെയ്യുക.
“ആയിരം മണിയുടെ നാവുപൊത്തീടാമൊറ്റ-
വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ?”
“പൊങ്ങുവാൻ കഴിഞ്ഞെങ്കിൽ നിരങ്ങാം; കിഴവനെ ത്താങ്ങുമായിരുന്നാക്കൈ… വിതുമ്പീ പെരുന്തച്ചൻ.”
“എൻകരം തോറ്റാലെന്താണെ൯മകൻ ജയിക്കുമ്പോൾ,
എൻകണ്ണിലുണ്ണിക്കേലും പുകളെൻ പുകളല്ലേ?”
ആയിരം മണിയുടെ നാവുപൊത്താൻ ആർക്കും കഴിഞ്ഞെന്നു വരാം. എന്നാൽ ഒരു മനുഷ്യന്റെ നാവ് പോലും കെട്ടിനിർത്താൻ ആവില്ല. അപവാദങ്ങളും കുറ്റപ്പെടുത്തലുകളും നടത്താൻ മനുഷ്യമനസുകൾക്കുള്ള പ്രത്യേകതയാണ് ഇവിടെ സൂചിപ്പിക്കുന്നത്. പെരുന്തച്ചൻ മകനെ ഉളി എറിഞ്ഞു കൊന്നു എന്ന് നാടാകെ അപഖ്യാതി പരന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
തച്ചന്റെ ഭാര്യയായ നാനിക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ കൈകൾ നിരങ്ങി നീങ്ങുന്ന തന്നെ താങ്ങുമായിരുന്നു എന്ന് തച്ചൻ വിഷാദിക്കുന്നു. ഭാര്യയുടെ അനാരോഗ്യവും പെരുന്തച്ചനെ കൂടുതൽ വിഷാദിപ്പിക്കുന്നു. ഭർത്താവിന്റെ ദുഃഖത്തിൽ ആശ്വാസം പകരാൻ ഭാര്യക്ക് കഴിയും. എന്നാൽ തച്ചനെ സംബന്ധിച്ച് അങ്ങനെയൊരാശ്വാസം ലഭിക്കുന്നില്ല.
താൻ തോറ്റാലും തന്റെ മകൻ ജയിക്കുകയും കീർത്തി നേടുകയും ചെയ്യുമ്പോൾ അത് തന്റെ കൂടി കീർത്തിയായിട്ടാണ് ഒരു പിതാവ് കരുതുക. മകന്റെ നേട്ടങ്ങളിൽ ഏതൊരച്ഛനും അഭിമാനം മാത്രമേ തോന്നുകയുള്ളൂ എന്ന ആശയമാണ് ഈ വരികളിലുള്ളത്.
2. തൊഴിലിനോട് അങ്ങേയറ്റം ആത്മാർത്ഥത കാണിച്ച വ്യക്തിയാണ് പെരുന്തച്ചൻ എന്നു വ്യക്തമാക്കുന്ന വരികൾ കണ്ടെത്തുക.
“പുതലിച്ചുപോയെന്റെയിത്തടി; കൊതിച്ചാലാ-
ക്കാതലിലുളി നടത്തീടുവാനാവില്ലല്ലോ!’
“പണിചെയ്യുവാൻമേലാതാകിലും തൊങ്കിത്തേങ്ങി-പ്പണിയാലയിൽപ്പുകൊന്നിരിക്കാൻ കഴിഞ്ഞെങ്കിൽ,
എങ്കിൽ, ഞാൻ മുഴക്കോലുമുളിയും പണിക്കൂറിൽ
പ്പങ്കിടാറുള്ളഹ്ലാദമിന്നു൦ ഹാ! നുണഞ്ഞേനെ!
3. “വന്ദനം വന്ദനം! വാർമെത്തും ദ്രാവിഡ –
നന്ദിനിയായി വളർന്ന ഭാഷേ “
“ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കിന്നെൻ
പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടു കിടക്കുന്നു!”
താളം, ഈണം, അക്ഷരങ്ങളുടെ എണ്ണം എന്നിവ പരിശോധിച്ച് രണ്ട് ഈരടികളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.
വന്ദനം വന്ദനം എന്ന കവിതാഭാഗത്ത് ആദ്യവരിയിൽ പന്ത്രണ്ട് അക്ഷരവും രണ്ടാമത്തെ വരിയിൽ പത്ത് അക്ഷരവുമാണുള്ളത്. ഇത് മഞ്ജരി വൃത്തത്തിലുള്ള കവിതയാണ്. മഞ്ജരി വൃത്തത്തിന്റെ ഈണവും താളവുമാണ് ഈ വരികളിലുള്ളത്.
രണ്ടാമത്തെ കവിതാഭാഗത്ത് രണ്ടുവരികളിലും പതിനാലാക്ഷരങ്ങളാണുള്ളത്. ഇത് കേക വൃത്തത്തിലുള്ള കവിതയാണ്. രണ്ടുകവിതാഭാഗങ്ങളും താളം, ഈണം,
അക്ഷരങ്ങളുടെ എണ്ണം എന്നിവയിൽ വ്യത്യസ്തത പുലർത്തുന്നു.
4. നാനിയെ കവി അവതരിപ്പിക്കുന്നത് എപ്രകാരമാണ്?
കരിവെറ്റിലത്തണ്ടും കൊട്ടടയ്ക്കയും നൂറിൻതരിയും പുകയില ഞെട്ടും തപ്പി വെട്ടിവച്ചാൽ പോലും കേൾക്കാൻ കഴിയാത്ത അവസ്ഥയിൽ വയർചുങ്ങികൂനിക്കൂടി വൃദ്ധയായ നാനി പടിമേലിരിക്കുന്നു.
5. പെരുന്തച്ചന്റെ ചിന്തകളിൽ മരം നിറഞ്ഞുനിൽക്കുന്ന തച്ചൻമനസ്സ് കണ്ടെത്താനാവും. നിങ്ങളുടെ നിരീക്ഷണം വ്യക്തമാക്കുക.ഉളിവയ്ക്കുമ്പോൾ കട്ടപൊന്നുപോലെ തിളങ്ങുന്ന കാതലാർന്ന പ്ലാവും, കളിയോടങ്ങൾ പണിയാൻ ഉപയുക്തമായ കാതലുള്ള തേന്മാവും നിറയെപൂത്തും കായ്ച്ചും നിൽക്കുന്ന മീനമാസക്കാലത്ത് ഇറയത്തു ചെന്നിരുന്ന് അതെല്ലാം കാണണമെന്ന് പെരുന്തച്ചൻ ആഗ്രഹിക്കുന്നു. തന്റെ പറമ്പിൽ ഒരു കുറ്റിവാഴ പോലുമില്ലാത്തതിന്റെ ദുഃഖം തച്ചനെ അലട്ടുന്നുണ്ട്. എവിടെയെങ്കിലും ഒരു മരം കാണാൻ ഇപ്പോഴും തച്ചന് അതിയായ ആഗ്രഹമുണ്ട്. എവിടയെങ്കിലും ഒരു മരം കണ്ടാൽ അതിന്റെ അളവും ഉപയോഗവും തിട്ടപ്പെടുത്താൻ തച്ചൻ ആഗ്രഹിക്കുന്നു. താൻ കണ്ടിട്ടുള്ള വന്മരങ്ങളെക്കുറിച്ചുള്ള സ്മരണ ഇപ്പോഴും തച്ചനിൽ അവശേഷിക്കുന്നു. പണി ചെയ്യുവാൻ വയ്യെങ്കിലും പണിശാലയിലെത്തി മുഴക്കോലും ഉളിയും ഉപയോഗിക്കുമ്പോഴുള്ള ആഹ്ലാദം പങ്കിടാൻ തച്ചനാശിക്കുന്നു. ഇപ്രകാരം പെരുന്തച്ചന്റെ ചിന്തകളിൽ മരം നിറഞ്ഞുനിൽക്കുന്ന തച്ചൻമനസ്സ് കണ്ടെത്താനാവും.
6. “കരിവീട്ടിത൯ കാതൽ കടഞ്ഞു കുഴിച്ച വ൯മരിക കമഴ്ത്തിയ പോലെഴും വിണ്ണിൻ താഴെ.”
ഈ വരികളിൽ വിണ്ണിന്റെ എന്തെല്ലാം സവിശേഷതകളാണ് തെളിയുന്നത്?
വിണ്ണിന്റെ നീലിമയും വൃത്താകാരമായ ചക്രവാളവും ഈ വരികളിൽ തെളിയുന്നു. സ്വച്ഛമായ ആകാശത്തിന് പകൽ സമയം നീലനിറവും രാത്രിയിൽ കറുത്തനിറവുമാണ് തോന്നിക്കുന്നത്.
അർത്ഥമെഴുതാം
വാതം – വാതരോഗം
പുതലിച്ചു – ദ്രവിച്ചു
തച്ചൻ – ആശാരി
നാനി – പെരുന്തച്ചന്റെ ഭാര്യ
തിണ്ണ – വേദിക
ഉടമ്പ് – ദേഹം