1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

മലയാളം അടിസ്ഥാന പാഠാവലി: പത്താം ക്ലാസിലെ ‘അമ്മത്തൊട്ടില്‍’ എന്ന കവിതയ്ക്ക് ആസ്വാദനം; അമ്മത്തൊട്ടിലാടുമ്പോൾ

bins

 


പുതു തലമുറയിലെ കുറച്ചു പേരെങ്കിലും പുരാവസ്തു എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വൃദ്ധജനങ്ങൾ അനുഭവിക്കുന്ന അന്യതാ ബോധത്തിന്റെ നേർക്കാഴ്ചയാണ് റഫീക്ക് അഹമ്മദിന്റെ അമ്മത്തൊട്ടിൽ എന്ന കവിത. ജീവിതത്തിന്റെ യാത്രാവേളകളിൽ ഒരു മനുഷ്യമനസ്സിൽ അടയാളപ്പെടുത്തുന്ന ഇടങ്ങളാണ് പള്ളിക്കൂടം, ആശുപത്രി, ദേവാലയം. ഇവിടെയൊക്കെയുള്ള അനുഭവങ്ങൾ മനുഷ്യ മനസിലെ ഓർമ്മക്കൂട്ടിൽ തളംകെട്ടി നിൽക്കും. വാർധക്യത്തിൽപോലും നമ്മുടെ സ്മരണകൾക്ക് നിറച്ചാർത്തു നൽകാൻ ഇത്തരം ഇടങ്ങൾ ഉപകരിക്കും. അണുകുടുംബകാലത്ത് ഭാര്യയും, ഭർത്താവും തങ്ങളുടെ തിരക്കുകൾക്കിടയിൽ ഒഴിവാക്കുന്ന മാതാപിതാക്കളുടെ കഥന കഥയാണ് അമ്മത്തൊട്ടിൽ.

തങ്ങളുടെ സുഖജീവിതത്തിന് ബാധ്യതയാകുന്ന ഇത്തരം ജീവിതങ്ങളെ ഒഴിവാക്കിത്തള്ളുന്ന വൃദ്ധമന്ദിരങ്ങൾ കൂണുപോലെ മുളയ്ക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. കവിതയിലെ വൃദ്ധയായ അമ്മ ഉപേക്ഷിക്കപ്പെടാൻ ഇടയാക്കപ്പെടുന്നത് ഭാര്യയുടെ നിർബന്ധത്തിനാൽ ആണ്. സ്വന്തം മകനാൽ ഉപേക്ഷിക്കപ്പെടാൻ കാറിൽ പല ഇടങ്ങൾ കറങ്ങിത്തിരിഞ്ഞു പോകുന്നു. പുതിയ ലോകത്തെ തിരക്കുള്ള ഇടമാണല്ലോ മാളുകൾ. ആ മാളിനു സമീപം ഉപേക്ഷിക്കാനുള്ള ശ്രമം പരാജയപ്പെടുന്നത് ഒരു തെരുവുനായ കാരണമാണ്. ഇവിടെ കവി അത് ചിന്തനീയമായ വരികളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

“പെറ്റു കിടക്കും തെരുവു പട്ടിക്കെന്തൊരൂറ്റം,

കുരച്ചത് ചാടിക്കുതിക്കുന്നു.

തെരുവു പട്ടികൾ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ നേർക്കാഴ്ച അവതരിപ്പിക്കുന്നത് സന്ദർഭോചിതമാണ്. മനുഷ്യൻ ഒരു തെരുവു നായയേക്കാൾ തരംതാഴുന്നത് സുഖലോലുപതയ്ക്ക് വേണ്ടിയാണ്. സ്വന്തം അമ്മയെ പരിപാലിക്കാൻ ശ്രമിക്കാതെ എവിടെയെങ്കിലും കൊണ്ടുപോയി തള്ളാനുള്ള മകന്റെ ശ്രമത്തെ കൃത്യമായ നിരീക്ഷണത്തിലൂടെ കവി അപഹസിക്കുന്നു.

ഒരമ്മ മക്കളെ എങ്ങനെയാണ് പോറ്റി വളർത്തുന്നത്. പിച്ച വച്ച് നടക്കുന്ന പ്രായത്തിൽ ഒരു പോറലുമേൽക്കാത്ത കരുതലാണ് അമ്മ നൽകുന്നത്. വീട്ടിൽ നിന്നും കാറിൽ കയറ്റി വട്ടം ചുറ്റുന്ന മകന് അമ്മയെ എവിടെ ഉപേക്ഷിക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ. തിരിച്ച് വീട്ടിൽ എത്തിച്ചാൽ ഭാര്യയുടെ അവഹേളനം കേൾക്കേണ്ടി വരും.

പീള കെട്ടിയ കണ്ണുകൾ തുറന്നും, അടച്ചുമിരിക്കുമ്പോൾ നാം ചിന്തിക്കണം നമ്മെ വളർത്തുവാൻ പുറം കണ്ണും, ഉൾക്കണ്ണും തുറന്നു വെച്ചിരുന്നവരാണിവർ. അമ്മയുടെ കണ്ണുകളുടെ മങ്ങലിനെ കവി മങ്ങിപ്പഴകിയ പിഞ്ഞാണ വർണമായി അവതരിപ്പിച്ചിരിക്കുന്നു. ആശുപത്രി പരിസരത്ത് ഉപേക്ഷിക്കാൻ ശ്രമിച്ചപ്പോൾ മകന്റെ മനസ് സ്വന്തം കുട്ടിക്കാലത്തേക്ക് നടന്നു പോയി. പനി പിടിച്ച് അവശനായ കുട്ടിക്കാലത്ത് അമ്മ ഈ ആശുപത്രിയിലാണ് ഓടിക്കിതച്ച് തന്നെ എത്തിച്ചത്. അന്ന് തനിക്കു കിട്ടിയ കുത്തിവെയ്പിന്റെ നീറ്റൽ ഇന്ന് ഈ സമയത്ത് അയാളുടെ മനസിൽ മറ്റൊന്നായി രൂപാന്തരപ്പെടുന്നു. ഈ വേദന കുറ്റബോധത്തിന്റെയാണ്. അവശയായ അമ്മയെ കളയാനുള്ള തീരുമാനത്തിൽ നിന്നുണ്ടായ കുറ്റബോധം.

അമ്മ ഇപ്പൊഴും കണ്ണ് തുറന്നുപിടിച്ചിരിക്കയാണ്. സ്വന്തം മകനോടുള്ള കരുതലായി നമുക്കതിനെ കാണാം. വിദ്യാലയ പരിസരത്ത് ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോഴാണ്. തന്റെ സ്കൂൾ ജീവിതത്തെ അയാൾ ഓർത്തെടുത്തത്. പള്ളിക്കൂടമുറ്റത്ത് ആദ്യമായി എത്തിയതും നിർബന്ധം പിടിച്ച് കരഞ്ഞതും, ഉച്ചവരെ അമ്മ സ്കൂൾ പരിസരത്ത് നിന്നതും എല്ലാം എന്നെ കരുതുന്നതിന് വേണ്ടിയായിരുന്നല്ലോ എന്ന ചിന്ത അയാളുടെ വേദനയുടെ തീവ്രത കൂട്ടി.

“എങ്ങിനി കൊണ്ടിറക്കേണ്ടൂ സ്വയം ബുദ്ധികെട്ടു കരിന്തിരിയാളും വരെയവർ

ഒന്നെന്നെ കൊണ്ടു ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച കോവിലിൽ. “?

നോക്കുക കോവിലിൽ കൊണ്ടു പോകണമെന്ന നിരന്തര ശാഠ്യം മകന് ശല്യപ്പെടുത്തലായി തോന്നുന്നു. ഇപ്പോൾ കോവിലിന്റെ പടിക്കൽ കാർ നിർത്തി ഇറങ്ങി നോക്കിയപ്പോൾ ആരോ സമീപത്ത് ഉള്ളതുപോലെ തോന്നുന്നു. ഈശ്വരൻ കാറ്റു കൊള്ളാനിറങ്ങിക്കാണുമെന്ന് അനുമാനിച്ച് അവിടെ ഉപേക്ഷിക്കാനാകാതെ മടങ്ങുന്നു.

ഈ ഒരു യാത്രയിൽ അയാൾക്കുണ്ടായ ഓർമ്മകൾ ഏറെയാണ്. എല്ലാം അമ്മ തന്ന കരുതലിന്റെ സുഖമുള്ള ഓർമ്മകൾ. ‘അമ്മയുടെ മാറിൻ ചൂട്, കാച്ചെണ്ണ ഗന്ധം, പുലർച്ചയിൽ ചൂട്ടു കത്തുന്ന മണം ഇതൊക്കെ ഓർമ്മയുടെ നിറം വർധിപ്പിച്ചു. തന്നെ ഭാര്യ അധിക്ഷേപിച്ചേക്കാം എന്നാലും അമ്മയെ ഉപേക്ഷിക്കില്ല എന്ന തീരുമാനത്തിൽ അയാൾ എത്തുന്നു.

പിറകിലെ സീറ്റിൽ ചാഞ്ഞു മയങ്ങിക്കിടപ്പാണ് അമ്മ. കണ്ണുകൾ അപ്പോഴും തുറന്നാണ് ഇരിക്കുന്നത്. അമ്മ മിഴി പൂട്ടാതെ ഇരിക്കുന്നത് മകനെ ആശ്ചര്യപ്പെടുത്തുന്നു. അവസാനത്തെ വരികളിൽ കവി ചിന്തനീയമായ അർഥതലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. മകൻ അമ്മയെ ഉപേക്ഷിക്കുന്നില്ല എന്ന് തീരുമാനമെടുത്തത് വൈകിപ്പോയിരുന്നു.

മകന് താനൊരു ബാധ്യതയാകാൻ ഇടവരരുത് എന്ന ആഗ്രഹത്തോടെ അമ്മ നീണ്ട ഉറക്കത്തെ പ്രാപിച്ചിരുന്നു. മനുഷ്യ ജീവിതത്തിന്റെ ഒരു ഘട്ടമാണ് വാർധക്യം. ചിലപ്പോൾ എല്ലാവരും ആ ഘട്ടംവരെ എത്തണമെന്നുമില്ല. വാർധക്യം ബാധിച്ചവരെ പുച്ഛിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് അമ്മത്തൊട്ടിൽ എന്ന കവിത. പുതിയ കാലത്തെ മനുഷ്യന്റെ മനോഭാവത്തെ വരച്ചുകാട്ടുകയാണ് പുതു തലമുറയുടെ കവി റഫീക്ക് അഹമ്മദ്.

To Top