summary
പ്രശസ്ത ചെറുകഥാകൃത്തും ,നോവലിസ്റ്റുമായ യു.കെ കുമാരന്റെ പ്രസിദ്ധമായ ഒരു കഥയാണ് ' ഓരോ വിളിയും കാത്ത് '.
കുടുംബത്തിലെ എല്ലാം എല്ലാം ആയ അച്ഛന്റെ ഓരോ വിളിക്കും പിന്നാലെ ഓടുകയായിരുന്നു അമ്മ .അച്ഛൻ മരണപ്പെട്ടപ്പോൾ ആ അമ്മ ഒറ്റപ്പെട്ടുപോകുന്നു .ഈ സമയത്ത് അമ്മയെ നഗരത്തിലേക്ക് കൂടികൊണ്ടുപോകാനായി മകൻ വരുന്നതാണ് കഥാസന്ദർഭം.
അച്ഛന്റെ ശബ്ദവും സാന്നിദ്ധ്യവുമായിരുന്നു ആ വീട് . അച്ഛൻ മരിച്ചതോടുകൂടി ആ വീട് അപൂർണ്ണമായത് പോലെ അമ്മയ്ക്ക് തോന്നി.
അച്ഛൻറെ ഓരോ വിളിയും കാതോർത്ത് കഴിയുകയായിരുന്നു അമ്മ. താൻ വിളിക്കുന്നത് അമ്മ കേട്ടില്ലെങ്കിൽ അച്ഛന് ദേഷ്യം വരും. അതുകൊണ്ട് എപ്പോൾ അച്ഛൻ വിളിച്ചാലും അമ്മ മൂളിക്കൊണ്ട് ഓടിച്ചെല്ലുമായിരുന്നു. പിന്നെ പിന്നെ അച്ഛൻ വിളിച്ചില്ലെങ്കിൽ പോലും അച്ഛൻറെ ശബ്ദം കേട്ടാൽ മറുപടി നൽകുന്നത് അമ്മയുടെ ശീലമായി മാറി.
അച്ഛൻ കിടപ്പിലായപ്പോഴും വീട്ടിലെയും പറമ്പിലെയും എല്ലാ കാര്യങ്ങളും അച്ഛൻ ശ്രദ്ധിച്ചിരുന്നു.മുറിയിൽ കിടന്നുകൊണ്ട് അച്ഛൻ പറമ്പിലെ കാര്യങ്ങൾ ഒക്കെ കൃത്യമായി പറയുമായിരുന്നു.
അച്ഛന് അസുഖം ബാധിച്ചതിനുശേഷം വീട്ടിലെ കൃഷിയും മറ്റു കാര്യങ്ങളുമൊക്കെ നോക്കിയിരുന്നത് കണാരൻ ആയിരുന്നു .
അസുഖം ബാധിച്ച് കിടപ്പിലായപ്പോഴും അച്ഛൻറെ വിളികൾക്കു പിന്നാലെ അമ്മ ഓടുമായിരുന്നു . അച്ഛൻറെ എല്ലാ ചോദ്യവും, നിർദ്ദേശവും അമ്മ അനുസരിക്കും . എപ്പോഴെങ്കിലും അച്ഛന്റെ മറുപടിക്ക് കാലതാമാസം ഉണ്ടായാൽ അച്ഛന് വിഷമം വരുമായിരുന്നു. ' എന്നെ കൊണ്ട് ഒന്നിനും വയ്യാതായി എന്ന് തോന്നിയില്ലേ ' എന്ന് അച്ഛൻ പറയുമ്പോൾ അമ്മ പൊട്ടിത്തെറിക്കാറുണ്ടായിരുന്നു. അച്ഛനോട് ആയിരുന്നില്ല, സ്വന്തം വിഷമങ്ങൾ ഒന്ന് ഉറക്കെ പറഞ്ഞുകൊണ്ട് .
ഒരുപാട് വിഷമം വന്നാൽ മാത്രമേ അമ്മ കടുപ്പിച്ച് എന്തെങ്കിലും തിരിച്ചു പറയു .അമ്മ സംസാരിച്ച് തുടങ്ങിയാൽ അച്ഛൻ നിശ്ശബ്ദനാകുകയും ചെയ്യും.അമ്മയിൽ നിന്ന് എന്തെങ്കിലും കേൾക്കാനുള്ള ഒരു ആഗ്രഹം കൊണ്ടായിരിക്കാം അച്ഛൻ ഇങ്ങനെ പെരുമാറുന്നത് എന്ന് മകന് തോന്നിയിരുന്നു.
അച്ഛൻ മരിച്ചതൊടുകൂടി പലപ്പോഴും കടുപ്പിച്ച് എന്തെങ്കിലും സംസാരിക്കാനുള്ള അവസരം അമ്മയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സംസാരിക്കാൻ ആരും ഇല്ലാത്തത്തിന്റെ പരിഭവം അമ്മയിൽ ഉണ്ടായിരുന്നു. അമ്മ പിന്നെ ആരോടും അധികം മിണ്ടാതായി.
അച്ഛൻറെ വിളികൾ ആണ് അമ്മയുടെ ചെറുപ്പം നിലനിർത്തിയിരുന്നത്.എന്നാൽ അച്ഛന്റെ മരിച്ചതോടെ ,അച്ഛന്റെ വിളിക്കായി കാതോർത്ത് അമ്മയ്ക്ക് വാർദ്ധക്യം ബാധിച്ചു .വീട് നിശബദമായപ്പോൾ അമ്മയുടെ മനസ്സും നിശബ്ദമായി പോയി.
എല്ലാ ആഴ്ചയും അമ്മയെ കാണാൻ മകൻ നഗരത്തിൽ നിന്ന് വരുമായിരുന്നു. എല്ലാ ആഴ്ചയിലും വരുന്നതിന്റെ ബുദ്ധിമുട്ടു കൊണ്ട് ഒരു ദിവസം മകൻ അമ്മയോട് തൻറെ കൂടെ നഗരത്തിലേയ്ക്ക് വരാനായി ക്ഷണിക്കുന്നു. താൻ പോയാൽ വീടും പറമ്പും നോക്കാൻ ആരും കാണില്ലെന്ന് അമ്മയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ വീട് വിട്ട് നഗരത്തിലേയ്ക്ക് പോകാൻ അമ്മ ഒട്ടും തയ്യാറായിരുന്നില്ല. എന്നിട്ടും വാവ് കഴിഞ്ഞിട്ട് വരാം എന്ന് അമ്മ പറയുന്നു.
വാവിന്റന്ന് ബലി കഴിഞ്ഞിട്ട് , പരേതാന്മാക്കളുടെ വിശപ്പും ദാഹവും അടക്കുന്ന രാത്രികൊടുക്ക എന്ന ക്രിയ ഉണ്ടായിരുന്നു. മരിച്ചവർക്ക് ദാഹജലമായി ഇളനീരും ,പലഹാരങ്ങളും നൽകുന്ന ക്രിയയാണ് ഇത്. അച്ഛന് ഇളനീരിനേക്കാൾ ഇഷ്ടം കാപ്പി ആയിരുന്നു. അതുകൊണ്ട് അമ്മ ഇളനീരിനൊപ്പം ഒരു കപ്പ് കാപ്പി കൂടി മുറിയിൽ എത്തിച്ചു.കൂടെ പലഹാരങ്ങളും.
ചടങ്ങു കഴിഞ്ഞതിനുശേഷം അമ്മ പലഹാരങ്ങൾ എല്ലാം പുറത്തെടുത്തു വിളമ്പി .കഴിക്കാനായി കണാരനും ,അയൽക്കാരായ ചാത്തുവച്ചനും, അമ്പുവും , കുറുപ്പും ഉണ്ടായിരുന്നു . അച്ഛൻ ഉണ്ടായിരുന്നപ്പോഴും ഇവരൊക്കെ വീട്ടിൽ വരുമായിരുന്നു .താൻ നാളെ മകനോടൊപ്പം നഗരത്തിലേയ്ക്ക് പോകുമെന്ന് അമ്മ അവരോട് പറഞ്ഞു .നല്ല ആൾക്കാർ ആരെങ്കിലും വരുമ്പോൾ വീട് വാടകയ്ക്ക് കൊടുക്കാമെന്ന് കരുതി അതുവരെ വീട് നോക്കാനായി കണാരനെ ഏൽപ്പിക്കുന്നു.
നഗരത്തിലേക്ക് വരാൻ അമ്മ മാനസികമായി തയ്യാറെടുത്തതിൽ മകന് വളരെ സന്തോഷമായി.അയൽക്കാരെല്ലാം പോയപ്പോൾ കുട്ടിയോട് ചോദിച്ച് അമ്മ നാട്ടിലെ വിശേഷങ്ങൾ ഓരോന്നായി തിരക്കി. ഏതോ മരത്തിൽ ഇരുന്ന് കൂമൻ മൂളുന്നുണ്ടായിരുന്നു. അതിനു പിൻവിളിയായി വേറെ എവിടെ നിന്നോ അതേ മുളലും .കൂമന്റെ മൂളൽ കുട്ടി ശ്രദ്ധിക്കുകയായിരുന്നു. കുട്ടിക്ക് ആ ശബ്ദം ഇഷ്ടപ്പെട്ടതുകൊണ്ട് അതേ ശബ്ദത്തിൽ കുസൃതി പോലെ അവൻ തിരിച്ചു മൂളി.
"വീട്ടിൽ കൂമന്റെ ശബ്ദം കേൾക്കുമോ" എന്ന് അമ്മ കുട്ടിയോടു ചോദിച്ചു. ഇതിനു മറുപടിയായി "ടിവിയുടെ ഒച്ച മാത്രമേ കേൾക്കുകയുള്ളൂ "എന്ന് കുട്ടി പറയുന്നു. നല്ല വെള്ളമോ , നീലാവോ ,കൂമന്റെ ഒച്ചയോ ഒന്നും ഇല്ലാത്ത നാട്ടിൽ പിന്നെ എന്താണ് ഉള്ളതെന്ന് അമ്മ തമാശയോടെ കുട്ടിയോട് ചോദിക്കുന്നു .ഇതിലൂടെ കവി ഗ്രാമത്തിലെയും നഗരത്തിലേയും പ്രകൃതി ഭംഗിയിൽ വളരെ വ്യത്യാസമുണ്ട് എന്ന് തെളിയിച്ചു കാണിക്കുന്നു.
ഇടയ്ക്കിടെ വഴിയിലൂടെ പോകുന്ന ചിലർ അച്ഛൻ എവിടെയെന്ന് അമ്മയോട് ചോദിക്കും. "അച്ഛൻ പോയി" എന്ന് അമ്മ പറയുമായിരുന്നെങ്കിലും അച്ഛൻ പോയിട്ടില്ലെന്ന് അമ്മയ്ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. കാരണം അച്ഛന്റെ മരണം ഇതുവരെ അമ്മയ്ക്ക് മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.
ഉറങ്ങുന്നതിന് മുൻപ് അമ്മ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്യുന്നു.പിറ്റേ ദിവസം രാവിലെ മകൻ അമ്മയെ വിളിച്ചുണർത്തുന്നു.അമ്മ എന്തോ ആലോചിച്ചു കിടന്നു . അമ്മയോട് എണീക്കാനായി മകൻ നിർബന്ധിച്ചു. പെട്ടെന്ന് തന്നെ ചാടിയെഴുന്നേറ്റിട്ട് അമ്മ മകനോട് പറഞ്ഞു " ഞാനെങ്ങനാ മോനെ വര്വാ? അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ....." അച്ഛൻറെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ആ വീട്ടിൽനിന്ന് അമ്മയ്ക്ക് എങ്ങോട്ടും മാറിനിൽക്കാൻ ആകുന്നില്ല.