സ്വാന്തന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ ഒക്കെ ആയിരുന്ന ശ്രീ .എ.പി.ഉദയഭാനു നല്ല നല്ല ലേഖനങ്ങൾ മലയാളഭാഷയ്ക്ക് നൽകിയിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . കൊച്ചുചക്കരച്ചി എന്ന ഈ ലേഖനത്തിൽ അദ്ദേഹം തന്റെ തറവാട്ടുവീട്ടിൽ ഉണ്ടായിരുന്ന മാവുകളെ കുറിച്ച് വായനക്കാരുടെ ഹൃദയത്തിൽ തൊടും വിധം വർണ്ണിച്ചിരിക്കുന്നു . മാവുകളുടെ കൂട്ടത്തിൽ എല്ലാവർക്കും ഏറ്റവും പ്രിയം ഉണ്ടായിരുന്ന കൊച്ചുചക്കരച്ചി എന്ന മാവിന്റെ ജീവിതകഥ കൂടി ആണ് ഈ ലേഖനം .
"വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽ വച്ച് വൃക്ഷമായത് മാവ് തന്നെയാണ്" ഇങ്ങനെയാണ് ലേഖകൻ തന്റെ ലേഖനം തുടങ്ങുന്നത് . അതിനുള്ള കാരണങ്ങളും അദ്ദേഹം പറയുന്നുണ്ട് . ഏതു രീതിയിലും മാങ്ങ കഴിക്കാം . ഉണ്ണിമാങ്ങയായും , പച്ചമാങ്ങയായും , മാമ്പഴമായും , മാങ്ങ ഉണക്കിയും അങ്ങനെ പല വിധം . മാങ്ങയുടെ അണ്ടിപ്പരിപ്പിന് പോലും ഔഷധമൂല്യം ഉണ്ട്. മാവുകൾ പൂക്കുമ്പോൾ ഗ്രാമങ്ങളിൽ പണ്ടൊക്കെ ഉത്സവം പോലെ ആയിരുന്നു .
.ലേഖകൻ തന്റെ കുട്ടിക്കാലത്തെ മാമ്പഴക്കാലം ഓർത്തെടുക്കുന്നു. ആകാശം മുട്ടെ പൊക്കമുണ്ടായിരുന്ന "കുരുടിച്ചി"എന്ന മാവിന്റെ മാങ്ങകൾക്ക് ചക്കക്കുരുവിന്റെ വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ നല്ല മധുരമായിരുന്നു . കാവ്കുളങ്ങരെ നിന്ന ചക്കരച്ചി എന്ന മാവിന്റെ മണവും ലേഖകന്റെ മനസ്സിൽ എത്തുന്നു . അങ്ങനെ എത്രയെത്ര മാവുകൾ .മാങ്ങാകൊതിയന്മാരുടെ സമാജം കൂടിയിരുന്നത് ചക്കരമാവിന്റെ കീഴിൽ ആയിരിക്കുന്നു . അവർ അവിടെ 'അണ്ണാൻ പിറന്നാൾ ' എന്ന യാഗം നടത്തി വായുഭഗവാനെ പ്രീതിപ്പെടുത്തി മാങ്ങകൾ വീഴ്ത്തിച്ചിരുന്നു .
പ്രകൃതിയിൽ കവികൾക്ക് ഏറ്റവും പ്രിയപ്പെട്ട വൃക്ഷം മാവ് ആണ് എന്ന് ലേഖകൻ പറയുന്നു . കവികൾ തേനൂറുന്ന കവിതകൾ രചിക്കുന്നത് മാമ്പഴപ്രേമികൾ ആയതുകൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു. പ്രണയത്തിനെ ദേവൻ ആയ കാമന്റെ കൈയ്യിലെ അഞ്ചു അമ്പുകളിൽ ഒന്ന് മാമ്പൂവ് ആയിരുന്നത് കൊണ്ടാകാം കവികൾക്ക് മാവിനോട് പ്രണയം.
"അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ "
എന്ന് തുടങ്ങുന്ന തന്റെ 'മാമ്പഴം" എന്ന കവിതയിലൂടെ വൈലോപ്പള്ളി ശ്രീധരമേനോൻ എന്ന കവി മലയാളികളെ മുഴുവൻ കരയിച്ചു . മാമ്പൂവ് ഒടിച്ചെടുത്ത കുട്ടിയെ 'അമ്മ വഴക്ക് പറയുന്നതും , ഇനി ഈ മാവിലെ മാങ്ങ തിന്നാൻ താൻ വരില്ല എന്ന് കുട്ടി പറയുന്നതും , ഒടുവിൽ ആ മാവിൽ മാങ്ങ പൂക്കുമ്പോൾ മരണപ്പെട്ടു പോയ തന്റെ മകനെ ഓർത്തു ഹൃദയം പൊട്ടിക്കരയുന്ന അമ്മയെയും മലയാളികൾക്ക് എന്നത്തേയും വേദനയാണ് .
പിന്നീട് ലേഖകൻ 'കൊച്ചുചക്കരച്ചി' എന്ന മാവിന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങുന്നു .വലിയ ചക്കരച്ചി , കൊച്ചു ചക്കരച്ചി എന്നീ രണ്ടു മാവുകൾ ലേഖകന്റെ തറവാട്ടിൽ ഉണ്ടായിരുന്നെങ്കിലും വീടിനോടു ചേർന്ന് തലയെടുപ്പോടെ നിന്ന കൊച്ചു ചക്കരച്ചിയോടായിരുന്നു എല്ലാവർക്കും ഇഷ്ടം ."നാവുണ്ടായിരുന്നെങ്കിൽ ഒരുപാട് തലമുറകളുടെ കഥകൾ കൊച്ചുചക്കരച്ചിയ്ക്ക് പറയാൻ ഉണ്ടാകുമായിരുന്നു " എന്ന് ലേഖകൻ പറയുന്നതിലൂടെ കൊച്ചുചക്കരച്ചി ഒരുപാട് പ്രായം ചെന്ന മാവ് ആണ് എന്ന് നമുക്ക് മനസ്സിലാക്കാം . പണ്ട് ഒരു അപ്പൂപ്പൻ കൊച്ചു ചക്കരച്ചിയെ വെട്ടാൻ പോയതാണ് . എന്നാൽ കൊച്ചു ചക്കരച്ചിയെ ഇഷ്ടപ്പെട്ടിരുന്നവർ തടഞ്ഞത് കാരണം നടന്നില്ല . ഈ കഥ കൊച്ചുചക്കരച്ചിയെ കൂടുതൽ പ്രിയങ്കരിയാക്കി .
കൊച്ചു ചക്കരച്ചിയുടെ മാങ്ങകൾ വിൽക്കാൻ ലേഖകന്റെ 'അമ്മ ശ്രമിച്ചെങ്കിലും നടന്നില്ല . മാവിൽ കേറാൻ ശ്രമിച്ചവരെ നീറുകൾ കടിച്ചോടിച്ചു . യുദ്ധകാലം ആയപ്പോൾ യുദ്ധത്തിനുള്ള തോക്കും മറ്റും ഉണ്ടാക്കാൻ തടി വേണമായിരുന്നു . അങ്ങനെ തടിയുടെ വില കൂടി . ആ സമയത്ത് കൊച്ചു ചക്കരച്ചിയെ വെട്ടിമുറിച്ച് വിൽക്കാൻ ശ്രമം നടന്നെങ്കിലും കൊച്ചുചക്കരച്ചിയെ ഇഷ്ടപ്പെട്ടിരുന്നവർ ആ നീക്കത്തെ തടഞ്ഞു .
എന്നാൽ കൊച്ചുചക്കരച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഈ ലേഖകൻ വളർന്ന് ഗൃഹനാഥൻ ആയപ്പോൾ കൊച്ചുചക്കരച്ചിയെ വെട്ടിക്കളയാൻ വേണ്ടി വാദിച്ചു . കൊച്ചു ചക്കരച്ചിയുടെ ഒരു ഭാഗം ഒടിഞ്ഞു വീഴാറായിരുന്നു . അങ്ങനെ വീണാൽ വീട് പൊളിയും. ഇഷ്ടമുള്ളതിനെ ഉപേക്ഷിച്ചായാലും വീട് സംരക്ഷിക്കുക എന്നതാണ് ഒരു ഗൃഹനാഥന്റെ കടമ എന്ന് ലേഖകൻ ഇവിടെ ഓർമിപ്പിക്കുന്നു . എന്നാൽ ആ കൊച്ചുചക്കരച്ചിയെ മുറിക്കാൻ ലേഖകന്റെ 'അമ്മ സമ്മതിച്ചില്ല. കൊച്ചുചക്കരച്ചി ചതിക്കില്ല എന്നായിരുന്നു അമ്മയുടെ വിശ്വാസം.