മലയാളവിവർത്തനം : നാലപ്പാട്ട് നാരായണമേനോൻ
ആസ്വാദനക്കുറിപ്പ് paavangal
പ്രശസ്ത ഫ്രഞ്ച് കവിയും നോവലിസ്റ്റുമായ വിക്ടർ ഹ്യൂഗോയുടെ 3 നോവലാണ് ' ലാ മിറാബലെ ' (Le Miserables ). "പാശ്ചാത്യ നോവലുകളുടെ അമ്മ" എന്ന് വിശേഷിപ്പിക്കുന്ന കൃതി കൂടിയാണ് ലാ മിറാബലെ. നാലപ്പാട്ട് നാരായണമേനോൻ ഈ കൃതി പാവങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
ദരിദ്ര കർഷക കുടുംബത്തിലാണ് ഴാങ് വാൽ ഴാങ് ജനിച്ചത്. ചെറുപ്പത്തിലെ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.ചെറുപ്പത്തിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന അയാൾ മുതിർന്നപ്പോൾ ഒരു മരംവെട്ടുകാരനായി .വിധവയായ ഏക സഹോദരിയുടെയും , അവരുടെ ഏഴു കുട്ടികളുടെയും സംരക്ഷണം ഴാങ് വാൽ ഴാങ് ഇരുപത്തഞ്ചാം വയസ്സിൽ ഏറ്റെടുക്കേണ്ടി വന്നു.
ഒരു മഴക്കാലത്ത് തൊഴിലില്ലാതെ മുഴു പട്ടിണിയിലായപ്പോൾ വിശന്നു കരയുന്ന കുട്ടികൾക്കു വേണ്ടി , മറ്റു മാർഗമില്ലാതെ ഴാങ് വാൽ ഴാങ് ബേക്കറിയിൽ നിന്നും ഒരു റൊട്ടി മോഷ്ടിച്ചു. മാപ്പർഹിക്കുന്ന തെറ്റാണെങ്കിലും അഞ്ചുവർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. സഹോദരിയെയും , കുട്ടികളെയും കാണാനുള്ള മോഹത്താൽ അയാൾ മൂന്നു തവണ ജയിൽ ചാടുന്നു . തടവുചാടിയതിന്റെ പേരിൽ 19 വർഷമായി ശിക്ഷ നീളുന്നു. ശിക്ഷാ കാലയളവിൽ ജയിൽപുള്ളികൾക്കു വേണ്ടിയുള്ള സ്കൂളിൽ നിന്നും ഴാങ് വാൽ ഴാങ് എഴുത്തും വായനയും പഠിച്ചു . 19 വർഷത്തെ കഠിന ശിക്ഷയാനുഭവിച്ച ശേഷം അയാൾ ജയിൽ മോചിതനായി.
ജയിൽമോചിതനായ അയാൾക്ക് ആരും അഭയം കൊടുത്തില്ല. ഒടുവിൽ പാരീസിലെ ഡി പട്ടണത്തിലെ മെത്രാൻ വിശപ്പും ദാഹവും കൊണ്ട് തളർന്ന ഴാങ് വാൽ ഴാങിന് അഭയമേകുന്നു.
മെത്രാൻ , ഴാങ് വാൽ ഴാങിന് സ്നേഹപൂർവ്വം ഭക്ഷണവും , കിടക്കാനുള്ള സൗകര്യങ്ങളും നൽകുന്നു. പിന്നീട് മെത്രാന്റെ അടുക്കൽ നിന്നും അവിടെയുള്ള സാധനങ്ങൾ മോഷ്ടിക്കാൻ ഴാങ് വാൽ ഴാങ് ശ്രമിക്കുന്നതാണ് കഥാസന്ദർഭം.
ഒരു പൂച്ചയെ പോലെ പതുങ്ങിപതുങ്ങി ഴാങ് വാൽ ഴാങ് തന്റെ വിരൽത്തുമ്പ് കൊണ്ട് പതുക്കെ വാതിൽ തുറന്നു. കുറച്ചുകൂടി ധൈര്യം കൈവരിച്ച് ഒന്നുകൂടി വാതിൽ തള്ളി . അങ്ങനെ അകത്തേയ്ക്ക് കടക്കാനുള്ള വഴിയായി. പക്ഷെ , വാതിലിന്റെ അടുക്കൽ ഒരു മേശ ഉണ്ടായിരുന്നതുകൊണ്ട് അകത്തേക്ക് കേറാനുള്ള വഴി തടയപ്പെട്ടു.
അപ്പോൾ തന്നെ ഴാങ് വാൽ ഴാങിന് അപകടം മനസ്സിലായി. മുമ്പ് രണ്ട് തവണ തള്ളിയതിനെക്കാളും കൂടുതൽ ശക്തിയോടെ ഒന്നുകൂടി വാതിലിൽ തള്ളി .
പക്ഷേ , എണ്ണമയമില്ലാത്ത ആ തിരികുറ്റി വലിയ ഒരു നിലവിളി പുറപ്പെടുവിച്ചു. ആ ശബ്ദം കേട്ടപ്പോൾ ഴാങ് വാൽ ഴാങ് നടുങ്ങി പോയി . ആ തിരുകുറ്റിയുടെ ശബ്ദം കേട്ടപ്പോൾ പരലോകത്തു വച്ച് താൻ ഈ ലോകത്ത് വച്ച് ചെയ്ത കർമ്മങ്ങൾ വിചാരണയ്ക്ക് എടുത്താൽ തോന്നാൻ ഇടയുള്ള അത്രയും വലിയ ഭയം തോന്നി .
ആ തിരുകുറ്റി യുടെ ശബ്ദം അപകടം അറിയിക്കാൻ വേണ്ടി കുരക്കുന്ന നായയെപ്പോലെയും അയാൾക്ക് തോന്നി . ഴാങ് വാൽ ഴാങ് പേടികൊണ്ട് അനങ്ങാതെ നിന്നു. ഇപ്പോൾ മെത്രാൻ ഉണരുമെന്നും , മെത്രാന്റെ കൂടെയുള്ള വൃദ്ധ സ്ത്രീകൾ ഉണർന്ന് നിലവിളിക്കുമെന്നും , പിന്നാലെ നാട്ടുകാരും പോലീസുമൊക്കെ വരുമെന്നും അയാൾക്ക് തോന്നുന്നു. അങ്ങനെ രണ്ടു നിമിഷത്തേയ്ക്ക് ഴാങ് വാൽ ഴാങ് തന്റെ കാര്യം പോയി എന്ന് തീർച്ചപ്പെടുത്തി .
ഉപ്പുകൊണ്ട് തീർത്ത ഒരു പ്രതിമപോലെ , ഴാങ് വാൽ ഴാങ് നിന്നിടത്ത് തന്നെ അനങ്ങാതെ നിന്നു . ഒന്നനങ്ങുവാൻ പോലും അയാൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല . കുറച്ചുനേരം കഴിഞ്ഞപ്പോൾ പതുക്കെ അയാൾ മുറിയ്ക്കകത്തേയ്ക്ക് കടക്കാൻ നോക്കി . അവിടെ ഒരനക്കവും ഉണ്ടായിരുന്നില്ല. ആ തിരുകുറ്റിയുടെ ശബ്ദം ആരെയും ഉണർത്തിയിട്ടില്ലെന്ന് ഴാങ് വാൽ ഴാങിന് മനസ്സിലായി.
അങ്ങനെ ഒന്നാമത്തെ അപകടം കഴിഞ്ഞു. എന്നിട്ടും ഴാങ് വാൽ ഴാങിന്റെ മനസ്സിൽ വല്ലാത്ത പേടിയുണ്ടായിരുന്നു . എന്നാലും അയാൾ ഒരടി പോലും പിന്നോട്ട് വച്ചില്ല. എത്രയും പെട്ടെന്ന് സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് പുറത്ത് കടക്കണമെന്നത് മാത്രമായിരുന്നു ഴാങ് വാൽ ഴങ്ങിന്റെ അപ്പോഴത്തെ ലക്ഷ്യം .
ഴാങ് വാൽ ഴാങ് മുറിയ്ക്കകത്തേയ്ക്ക് കടന്നു . മെത്രാന്റെ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യം ഴാങ് വാൽ ഴാങിന് ഇല്ലായിരുന്നു . അതുകൊണ്ട് മെത്രാനെ നോക്കാതെ അയാൾ കട്ടിൽ പിന്നിട്ട് നടന്നു .
ആദ്യം അയാൾ നോക്കിയത് വെള്ളി സാധനങ്ങൾ ഉള്ള കുട്ടയിലേക്കാണ് . വെള്ളി സാധനങ്ങൾ എല്ലാം കുട്ടയിലേയ്ക്ക് ആക്കിയശേഷം ഴാങ് വാൽ ഴാങ് ഈശ്വരവന്ദനമുറിയിലെത്തി . ജനാല തുറന്നു , തറയിലുണ്ടായിരുന്ന ഒരു വലിയ വടിയെടുത്ത് ജനാല കട്ടിളപടി പൊളിച്ച് പുറത്തേയ്ക്ക് കടന്നു. വെള്ളി സാധനങ്ങൾ എല്ലാം പട്ടാളമാറാപ്പിലേയ്ക്ക് ഇട്ടശേഷം അയാൾ കുട്ട വലിച്ചെറിഞ്ഞു. തോട്ടം പിന്നിട്ട് കഴിഞ്ഞപ്പോൾ ഒരു കുറുക്കനെപ്പോലെ മതിൽ ചാടിക്കടന്ന് ഴാങ് വാൽ ഴാങ് അവിടെ നിന്നും രക്ഷപെട്ടു .
അടുത്ത ദിവസം രാവിലെ മോൺസിന്യേർ ബിയാങ് വെന്യൂ ( മെത്രാൻ ) തോട്ടത്തിലൂടെ നടക്കുകയായിരുന്നു . വല്ലാത്ത പേടിയോടെ മദാം മഗ്ല്വാർ മെത്രാന്റെ അടുക്കലേക്ക് ചെന്ന് വെള്ളിസാധനങ്ങൾ വയ്ക്കുന്ന കുട്ട എവിടെയെന്ന് അറിയാമോ എന്ന് മെത്രാനോട് ചോദിച്ചു . അപ്പോൾ തന്നെ മെത്രാൻ തോട്ടത്തിലെ പൂച്ചട്ടിയിൽ നിന്നും കിട്ടിയ ആ കുട്ട മദാം മഗ്ല്വാറിന് നൽകി .
മെത്രാൻ മദാം മഗ്ല്വാറിന് കുട്ട നൽകിയെങ്കിലും , അതിനുള്ളിൽ വെള്ളി സാധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വെള്ളി സാധാനങ്ങൾ നഷ്ടപ്പെട്ടതിന്റെ വിഷമത്താൽ മദാം മഗ്ല്വാർ ഒരു നിമിഷ നേരം കൊണ്ട് ഈശ്വരവന്ദനമുറിയിലേക്ക് ചെന്നു. എന്നിട്ട് വീണ്ടും മെത്രാന്റെ അടുക്കൽ വന്നു . ആ സമയത്ത് മെത്രാൻ കുട്ട എറിഞ്ഞപ്പോൾ കേടുപ്പറ്റിയ ഒരു പൂച്ചെടിയെ സൂക്ഷിച്ചു നോക്കുകയായിരുന്നു .
മദാം മഗ്ല്വാർ ഈശ്വര വന്ദനമുറിയിലേക്ക് ചെന്നത് ഴാങ് വാൽ ഴാങിനെ കാണാനായിരുന്നു . പക്ഷെ ഴാങ് വാൽ ഴാങ് അവിടെ ഇല്ലായിരുന്നു . അപ്പോൾ തന്നെ വെള്ളി സാധനങ്ങൾ മോഷ്ടിച്ചത് ഴാങ് വാൽ ഴാങ് ആണെന്ന് മദാം മഗ്ല്വാറിന് മനസ്സിലാകുന്നു .
ഴാങ് വാൽ ഴാങ് മതിൽ ചാടി കടന്നതിന്റെ അടയാളം അവിടെ കാണാമായിരുന്നു . അയാൾ കോഷ്ഫിലെ ഇടവഴിയിലൂടെ വെള്ളി സാധനങ്ങൾ മോഷ്ടിച്ച ശേഷം മതിൽ ചാടി പോയ വഴി മദാം മഗ്വാർ മെത്രാന് കാണിച്ചു കൊടുത്തു . അങ്ങനെ വെള്ളി സാധനങ്ങൾ മോഷ്ടിച്ചത് ഴാങ് വാൽ ഴാങ് തന്നെയാണെന്ന് അവർ ഉറപ്പിക്കുന്നു.
മെത്രാൻ കുറച്ച് നേരം മിണ്ടാതെ നിന്നശഷം , ഗൗരവത്തോടുകൂടി മദാം മഗ്വാറിനെ നോക്കി , എന്നിട്ട് സൗമ്യ സ്വരത്തിൽ മദാം മഗ്വാറിനോടു ചോദിച്ചു " ആ വെള്ളി സാധനങ്ങൾ നമ്മുടെ ആയിരുന്നുവോ ! " . ആ നിമിഷം മദാം മഗ്വാറും മിണ്ടാതെയായി . പിന്നെ കുറച്ചനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല .പിന്നീട് മെത്രാൻ പറഞ്ഞു " ഞാൻ ആ വെള്ളി സാധാനങ്ങൾ ഇത്രയും നാൾ സൂക്ഷിച്ചിരുന്നത് ഒരിക്കലും ശരിയായിട്ടല്ല .വെള്ളി സാധനങ്ങൾ പാവങ്ങളുടേതാണ് . ആ വന്ന മനുഷ്യൻ കാഴ്ചയിൽ തന്നെ ഒരു പാവമായിയുന്നു " .
കുറച്ചുനേരം കഴിഞ്ഞപ്പോൾ തലേദിവസം രാത്രി ഴാങ് വാൽ ഴാങ് ഭക്ഷണം കഴിച്ചെടുത്തുവച്ച് മെത്രാൻ പ്രാതൽ കഴിക്കുകയായിരുന്നു . ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് മെത്രാൻ അവിടെ മിണ്ടാതിരുന്ന തന്റെ സഹോദരിയോടും , മദാം മഗ്ല്വാറിനോടുമായി ഒരു കാര്യം പറഞ്ഞു . " ഒരു കഷ്ണം അപ്പം ഒരു കപ്പ് പാലിൽ എടുത്ത് മുക്കുന്നതിന് ഒരാൾക്ക് മരം കൊണ്ടുള്ള മുള്ളും , സ്പൂണും അവശ്യമില്ല " .
ആ സഹോദരി സഹോദരന്മാർ പ്രാതൽ കഴിഞ്ഞ് എഴുന്നേറ്റപ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു . വാതിൽ തുറന്നപ്പോൾ മുറ്റത്ത് ഒരു ചെറിയ ആൾകുട്ടം ഉണ്ടായിരുന്നു . മൂന്നുപേർ കൂടി ഒരാളെ പിടികൂടിയിരിക്കുകയായിരുന്നു . ആ മൂന്നു പേർ പൊലീസുകാരായിരുന്നു , മറ്റൊന്ന് ഴാങ് വാൽ ഴാങ്ങും .
മേലധികാരിയായ പോലീസുകാരൻ ഒരു സലാം വച്ചുകൊണ്ട് മെത്രാന്റെ അടുക്കലേക്കു ചെന്നു . മെത്രാൻ ഴാങ് വാൽ ഴാങ്ങിനെ നോക്കിയിട്ട് "നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു , ഞാൻ തന്ന മെഴുകുതിരികാലുകൾ എടുക്കാത്തത് എന്താണ് , അതും മറ്റു വെള്ളി സാധനങ്ങൾ പോലെ കട്ടിയുള്ളതാണ്" എന്ന് പറഞ്ഞു .
മെത്രാന്റെ ആ വാക്കുകൾ കേട്ട് ഴാങ് വാൽ ഴാങ് കണ്ണുകൾമിഴിച്ചു നിന്നു. പറഞ്ഞറിയിക്കുവാൻ നിവൃത്തിയില്ലാത്ത ഭാവത്തോടുകൂടി അയാൾ മെത്രാനെ തുറിച്ചു നോക്കി .
മേലധികാരിയായ പൊലീസുകാരൻ മെത്രാനോട് പറഞ്ഞു " മോഷ്ടിച്ചു ചാടിപോവുന്ന ഒരാളുടെ മട്ടിലായിരുന്നു ഇയാൾ നടന്നിരുന്നത് , കൂടാതെ ഇയാളുടെ അടുത്ത് വെള്ളി സാധനങ്ങളും ഉണ്ടായിരുന്നു അതുകൊണ്ടാണ് ഇയാളെ പിടിച്ച് ഇങ്ങോട്ട് കൊണ്ടുവന്നത് " അപ്പോൾ തന്നെ പോലീസുകാരോട് ഴാങ് വാൽ ഴാങ് പറയാൻ സാധ്യത ഉള്ള കാര്യം മെത്രാൻ തന്നെ പറഞ്ഞു . "രാത്രി താൻ കഴിച്ചുകൂടിയ സ്ഥലത്തെ ഒരു വൃദ്ധ മതാചാരൃൻ തനിക്ക് സമ്മാനമായി നൽകിയതാണ് ഈ വെള്ളി സാധനങ്ങൾ "എന്ന് അയാൾ പറഞ്ഞുകാണും എന്ന് മെത്രാൻ പോലീസുകാരോട് പറയുന്നു .
പൊലീസുകാർ ഴാങ് വാൽ ഴാങിനെ വിട്ടയയ്ക്കാൻ തയ്യാറാകുന്നു . തന്നെ വിട്ടയക്കാൻ പോകുന്നു എന്ന സത്യം ഴാങ് വാൽ ഴാങിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല . മെത്രാൻ മെഴുകുതിരിക്കാലുകളും , വെള്ളിവിളക്കുകാലുമെടുത്ത് ഴാങ് വാൽ ഴാങിന് നൽകി . അയാൾ വിറച്ചുകൊണ്ട് മെഴുകുതിരികാലുകൾ വാങ്ങി . മെത്രാനെ ബുദ്ധിമുട്ടിക്കാതെ സഹോദരിയും , മദാം മഗ്ല്വാറും അത് നോക്കി നിന്നു.
ഴാങ് വാൽ ഴാങിനോട് സമാധാനത്തോടുകൂടി പോകാനും , ഇനി ഇങ്ങോട്ട് വരുമ്പോൾ തോട്ടത്തിലൂടെ വരാതെ വാതിലിലൂടെ തന്നെ എപ്പോഴും വരുകയും പോകുകയും ചെയ്യാമെന്നും , രാത്രിയും പകലും ആ വാതിൽ പൂട്ടുകയിലെന്നും മെത്രാൻ പറഞ്ഞു .
പോലീസുകാർ പോയശേഷം മെത്രാൻ ഴാങ് വാൽ ഴങ്ങിന്റെ അടുക്കൽ ചെന്ന് ഒരു താഴ്ന്ന സ്വരത്തിൽ "ഒരു സത്യവാനായിരിക്കുവാൻ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്നു നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളത് മറക്കരുതെന്നും , ഒരിക്കലും മറന്നു പോകരുത്" എന്നും മെത്രാൻ ഓർമപ്പെടുത്തുന്നു .