വഴിയാത്ര-- ഇ വി കൃഷ്ണപിള്ള

ഇ വി കൃഷ്ണപിള്ള 


                                                                                 ദൃശ്യാവിഷ്‌ക്കാരം 
 

പണ്ട് വണ്ടിയും വള്ളവും ഇല്ലാതിരുന്ന കാലത്ത് നടന്ന് തന്നെയാണ് ആളുകൾ യാത്രചെയ്തിരുന്നത്. ചായക്കടകളും ഹോട്ടലുകളും അന്ന് ഇല്ലായിരുന്നു. വൈകുന്നേരമാകുമ്പോൾ ഭാര്യ അടക്യ്ക്കാമരത്തിലെ പാള ചീകിയൊതുക്കി അതിനകത്ത് പൊതിച്ചോറ് കെട്ടുമായിരുന്നു. യാത്രയ്ക്കിടയിൽ ഏതെങ്കിലും വീട്ടിൽക്കയറി പാത്രമോ മറ്റോ വാങ്ങി ഊണു കഴിച്ച് ആ വീട്ടുകാരുമായി വിശേഷങ്ങൾ പറഞ്ഞ് ഉറങ്ങുമായിരുന്നു.പിറ്റേന്ന് യാത്ര തുടരുമായിരുന്നു. വളരെയധികം ദൂരം യാത്ര ചെയ്യണമെങ്കിൽ അരിയും മറ്റു സാധനങ്ങളും കയ്യിൽ കരുതുമായിരുന്നു. പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണു വരാത്തവനും ജീവിതത്തിൽ സുഖം അനുഭവിച്ചിട്ടില്ല എന്ന് തമാശരൂപത്തിൽ പറയാറുണ്ട്.

 

മറ്റുള്ളവരുടെ നന്മയിൽ വിശ്വസിച്ചാണ് പണ്ടുള്ളവർ യാത്ര ചെയ്തിരുന്നത്.ധനവാന്മാർ വഴിയാത്രക്കാർക്ക് ഭക്ഷണം കൊടുത്തിരുന്നു. അവരുടെ വീട്ടിൽ ഇത്തിരി ചോറ് വച്ചാൽ മതി എന്നിരിക്കിലും വഴിയാത്രക്കാരെക്കരുതി അഞ്ചിരട്ടി അരിയിട്ട് ചോറു വയ്ക്കുമായിരുന്നു. അടുക്കളയിൽ മാത്രം കഴിഞ്ഞിരുന്ന ധനവാന്മാരുടെ വീട്ടിലുള്ള സ്ത്രീകൾ മിക്കവാറും ഒഴിഞ്ഞ വയറുകളോടുകൂടിയാണ് ഉറങ്ങിയിരുന്നത്.അങ്ങനെ ചോറു കൊടുത്തിരുന്നത് ഒരു അന്തസ്സായാണ് അന്ന് പണക്കാർ വിചാരിച്ചിരുന്നത്. 

അന്ന് പത്രങ്ങൾക്ക് പകരമായിരുന്നു ഈ വഴിയാത്രക്കാർ. ഭക്ഷണം കൊടുക്കുന്ന വീട്ടുകാരെക്കുറിച്ച് അവർ നാട്ടിൽ നല്ലതു പറയുമായിരുന്നു .ഇങ്ങനെ പ്രസിദ്ധി കൂടിയപ്പോൾ കടവും പെരുത്ത് ചില ധനവാന്മാർ ദാരിദ്ര്യത്തിലായി .അവരുടെ വീട്ടുകാർ തെരുവിലുമായി.

 

ചില വഴിയാത്രകൾ വിവാഹ ബന്ധങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. ഇങ്ങനെ ഭക്ഷണം കൊടുക്കുന്ന വീട്ടുകാരിൽ സംതൃപ്തി തോന്നി വിവാഹാലോചനകൾ ഉണ്ടാവുകയും വിവാഹങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട് .ഒരാൾ യാത്രയ്ക്ക് പുറപ്പെടുമ്പോൾ ഏതൊക്കെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിച്ചാണ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങുന്നത്.പണ്ടത്തെ വഴിയാത്രയിലൂടെ ലോകപരിചയത്തിന് സാധ്യമായിരുന്നു
 കൊല്ലത്തുനിന്ന്തിരുവനന്തപുരത്തേക്ക് വള്ളത്തിൽ ഒരു യാത്ര പോകുന്നത് അമ്പാസമുദ്രക്കാരൻ ചെട്ടിയാരും ,പറവൂർക്കാരൻ ഹൈക്കോടതിക്കക്ഷിയും ,പത്തനാപുരത്തുകാരൻ മൈതീൻപിച്ച മുതലാളിയും, ചവറക്കാരൻ ഗൃഹനാഥനും, പെരിങ്ങനാട്ടുകാരൻ  ഒരുനമ്പ്യാതിയും, തുമ്പമൺകാരൻ അധ്യാപകനും ,പ്രാക്കുളത്തുകാരനായ രോഗിയും , മാവേലിക്കരക്കാരൻ ഒരു മന്ത്രവാദിജ്യോത്സ്യനും ആയിരുന്നു .യാത്രക്കാർ ആദ്യം  ഒന്നും മിണ്ടിയില്ല .പിന്നീട് കൊച്ചുകൊച്ചു സംസാരത്തിലൂടെ അവർ പരിചയപ്പെട്ടു. 

ഒടുവിൽ അമ്പാസമുദ്രം ചെട്ടിയാരും മാവേലിക്കരക്കാരൻ ജ്യോത്സ്യനും അടുത്തടുത്ത് കിടക്കുന്നതു കാണാൻ സാധിക്കുന്നു. മുതലാളിയുടെ നീണ്ട താടിയിൽ പെരിങ്ങനാട് നമ്പ്യാതിരിയുടെ പൂണൂൽ കുരുങ്ങിക്കിടക്കുന്നത് കാണുവാൻ സാധിക്കുന്നു .അങ്ങനെ വർഷങ്ങളായി പരിചയമുള്ള സുഹൃത്തുക്കളെപ്പോലെ അവർ കഴിയുന്നു. അധ്യാപകൻ "ധനിക്ക് ശത്രുക്കൾ അസംഖ്യം ഉണ്ടാകു"മെന്നതിൽ ധനി എന്നുപറഞ്ഞാൽ ധനവാൻ ആണെന്ന് മുതലാളിയെ പഠിപ്പിക്കുന്നു .എല്ലാവർക്കും എല്ലാവരേയും അറിയാൻ സാധിക്കുന്നു.  

കാലം മാറി. പിന്നീട് തീവണ്ടിയിലായി യാത്ര .തിരക്കുപിടിച്ച് ടിക്കറ്റ് വാങ്ങിച്ച് പലരും മുറികളിൽ കയറുന്നു. ഒരാളും മറ്റൊരാളെ പരിചയപ്പെടാൻ ശ്രമിക്കുന്നില്ല .വേഗതയേറിയ യാത്രയായതിനാൽ ഒരു രോഗിക്ക് തന്റെ  രോഗം ശമിക്കുന്നതിനു മുമ്പ് ,ഒരാൾ തന്റെ  യാത്രയുടെ കണക്ക് കൂട്ടി വയ്ക്കുന്നതിനുമുമ്പ്, കുട എവിടെ സൂക്ഷിക്കുമെന്ന് ഒന്ന് കണ്ണോടിക്കുന്നതിനുമുമ്പ്, പത്രം വായിച്ചു തീർക്കുന്നതിനും മുമ്പ്,ഒരാൾ പുറത്തേക്കു തുപ്പി. ആ തുപ്പൽ കാറ്റിന്റെ  വേഗം കൊണ്ട് തിരിച്ച് തീവണ്ടിയുടെ അകത്തേക്ക് കേറുന്നതിനു മുൻപ് അയാൾ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും എന്നാണ് ഇ വി കൃഷ്ണപിള്ള പറയുന്നത് .സ്റ്റേഷനിൽ എത്തിയാൽ പിന്നെ പോർട്ടർമാരുടെ വിളിയും ആകെ തിരക്കുമാണ്. വണ്ടിക്കാർ തമ്മിൽ പിടിവലിയും കാണാം.ഹോട്ടൽ ഭക്ഷണമാണ് എല്ലാവരും കഴിക്കുന്നത് .അതിന് കാശു കൊടുക്കണം. ആരും ആരോടും മിണ്ടുന്നില്ല. ഈ മാതിരി യാത്രകൊണ്ട് ഒരുവിധ ലോകപരിചയവും നമുക്ക് കിട്ടുന്നില്ല

To Top