പൗലോ കൊയ്‌ലോ |
പൗലോ കൊയ്‌ലോയുടെ ലോക പ്രസിദ്ധ നോവലായ" ദ ആൽകെമിസ്റ്റ്" എന്നതിലെ ഒരു ഭാഗമാണ് എണ്ണ നിറച്ച കരണ്ടി. ഈ ലോകത്തിലെ സൗഭാഗ്യങ്ങളും സുഖങ്ങളും ആവോളം ആസ്വദിക്കുമ്പോഴും മൂല്യങ്ങൾ മനസ്സിൽ ഉണ്ടായിരിക്കണം അതാണ് സന്തോഷത്തിന്റെ രഹസ്യം. ഈ ഗുണപാഠമാണ് ഈ നോവലിന്റെ ഉള്ളടക്കം.ഒരു സ്വപ്ന ദർശനത്തിന്റെ പ്രേരണയിൽ സാന്റിയാഗോ എന്ന ഇടയ ബാലൻ നടത്തുന്ന യാത്രയാണ് ആൽക്കെമിസ്റ്റ് എന്ന നോവലിൽ ചിത്രീകരിക്കുന്നത്. സാന്റിയാഗോ കണ്ടുമുട്ടിയ ഒരു വൃദ്ധൻ പറഞ്ഞ കഥയാണ് പാഠഭാഗം.
സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് അറിഞ്ഞു വരാൻ ഒരു കച്ചവടക്കാരൻ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ ജ്ഞാനിയുടെ അരികിലേക്ക് അയച്ചു. നാൽപ്പതു ദിവസം അലഞ്ഞുനടന്ന അവൻ ജ്ഞാനിയുടെ കൊട്ടാരം കണ്ടു പിടിച്ചു. അവൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായ സ്ഥലവും അനുഭവവുമാണ് അവിടെ ഉണ്ടായിരുന്നത്. ജ്ഞാനിയൊരു മഹർഷി ആയിരുന്നില്ല. കൊട്ടാരത്തിൽ എല്ലാവരും ഉത്സവലഹരിയിൽ ആയിരുന്നു. ഒരു മേശപ്പുറത്ത് രുചികരമായ വിഭവങ്ങൾ, മറ്റൊരു സ്ഥലത്ത് ഗാനമേള, കച്ചവടക്കാർ വന്നു പോകുന്നു ,ആളുകൾ സന്തോഷത്തോടെ സംസാരിച്ചു നിൽക്കുന്നു .ജ്ഞാനി ഓരോരുത്തരോടും സംസാരിച്ചു നിൽക്കുന്നു. ജ്ഞാനിയോട് സംസാരിക്കാൻ രണ്ടുമണിക്കൂർ കാത്തുനിൽക്കേണ്ടിവന്നു. രണ്ടു തുള്ളി എണ്ണ നിറച്ച കരണ്ടി കയ്യിൽ പിടിച്ച് കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടു വരാൻ ജ്ഞാനി അവനോട് പറഞ്ഞു. എന്നാൽ എണ്ണ തുളുമ്പാതെ സൂക്ഷിച്ചു നടന്നതുകൊണ്ട് കൊട്ടാരത്തിലെ ഭംഗി ആസ്വദിക്കാൻ അവന്കഴിഞ്ഞില്ല .ഊണുമുറിയിലെ തിരശ്ശീലയെക്കുറിച്ചും പൂന്തോട്ടത്തെക്കുറിച്ചും ഗ്രന്ഥപ്പുരയെക്കുറിച്ചും ചോദിച്ചപ്പോൾ ഒന്നും പറയാൻ അവനു സാധിച്ചില്ല.വീണ്ടും കൊട്ടാരത്തിലെ സൗന്ദര്യം നന്നായി കണ്ടു വരാൻ ജ്ഞാനി അവനോട് ആവശ്യപ്പെട്ടു .ഇത്തവണ ഉദ്യാനത്തിലെ പൂക്കളും ചിത്രപ്പണികളും എല്ലാം അവൻ നന്നായി ആസ്വദിച്ചു .എന്നാൽ കരണ്ടിയിലെ എണ്ണ മുഴുവൻ നഷ്ടപ്പെട്ടിരുന്നു .ആ ജ്ഞാനി അവനെ ഉപദേശിച്ചു .ഈ ലോകത്തിലെ സുഖങ്ങളും സന്തോഷങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചു കൊള്ളൂ. അപ്പോഴും കൈവശമുള്ള കരണ്ടിയും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിൽ ഉണ്ടായിരിക്കണം. അതുതന്നെയാണ് സന്തോഷത്തിന്റെ രഹസ്യം. ഈ ഗുണപാഠം അവന്റെ മനസ്സിൽ പതിഞ്ഞു .അവൻ ത ന്റെ ശ്രദ്ധ മൊത്തം സ്വന്തം ആട്ടിൻ കൂട്ടത്തിൽ മേൽ തന്നെ പതിപ്പിച്ചു.
മൂല്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനെക്കുറിച്ചാണ് ഈ പാഠഭാഗത്തിൽ പറയുന്നത്. ഓരോരുത്തർക്കും സ്വപ്നങ്ങൾക്ക് അനുസരിച്ച് ജീവിതം ആസ്വദിക്കാം. അപ്പോഴും മൂല്യങ്ങളും സംസ്കാരവുമൊക്കെ മനസ്സിലുണ്ടാകണം. എങ്കിൽ മാത്രമേ യഥാർത്ഥ സന്തോഷം സാധ്യമാകൂ. ഭ്രമിപ്പിക്കുന്ന പുറം കാഴ്ചകളിലും സുഖങ്ങളിലും മുഴുകുമ്പോഴും മനസ്സിലെ നന്മയുടെ വെട്ടം സൂക്ഷിക്കുക.കൊന്നപ്പൂവിനെപോലുള്ള വിശുദ്ധിയും പ്രതീക്ഷയും മനസ്സിൽ കരുതി വെക്കുക.