ഓരോ വിളിയും കാത്ത് _യു കെ കുമാരൻ


പ്രസിദ്ധ കഥാകാരൻ യു കെ കുമാരന്റെ  കഥയാണ് ഓരോ വിളിയും കാത്ത്. കുടുംബത്തിന്റെ  എല്ലാമെല്ലാമായ അച്ഛൻ മരണപ്പെട്ടപ്പോൾ ഒറ്റപ്പെട്ടുപോയ അമ്മയുടെ വേദനകളും വിഹ്വലതകളുമാണ് കഥയിൽ കാണുന്നത്. ഇത്രയും കാലം അച്ഛന്റെ  ഓരോവിളിയ്ക്കും പിന്നാലെ ഓടുകയായിരുന്നു അമ്മ. അച്ഛൻ ഓരോന്ന് പറഞ്ഞ് അമ്മയെ വിളിച്ചുകൊണ്ടിരിക്കും .അമ്മ അതിന് മറുപടി നൽകിക്കൊണ്ടിരിക്കും .ഇങ്ങനെയായിരുന്നു ആ വീട്ടിലെ ജീവിതം.അമ്മയെ ഒറ്റക്കാക്കി പോകുന്നതിൽ മകന് തികച്ചും സങ്കടമുണ്ട്. രാത്രി ഒരു കുട്ടിയെ കൂട്ടുകിടത്തുന്നുണ്ടെന്ന് പറഞ്ഞ്  ആശ്വസിപ്പിച്ചു .അച്ഛന്റെ മരണത്തോടുകൂടി ആ വീട്ടിലെ എന്തെല്ലാമോ ചോർന്നു പോയത് പോലെ അവർക്ക് തോന്നി .അച്ഛന്റെ  ശബ്ദവും സാന്നിദ്ധ്യവും ആയിരുന്നു ആ വീട് .ഒരു വീട് എന്നാൽ ചുമരുകളും ജനലുകളും വാതിലുകളും ഒന്നുമല്ല. ആ വീട്ടിലുള്ളവരുടെ ഇഴയടുപ്പമുള്ള ബന്ധമാണ് വീടിനെ വീടാക്കുന്നത് എന്ന് അവർ മനസ്സിലാക്കി.


ഒരു ഉത്തമനായ ഗൃഹനാഥനായിരുന്നു അച്ഛൻ. കിടന്ന കിടപ്പിൽ തന്നെ അദ്ദേഹം കന്നിപ്പാടത്ത് വെയിലിന്റെ  വേലിയേറ്റങ്ങൾ അറിഞ്ഞിരുന്നു. കവുങ്ങിൽ അടക്കകൾ പഴുത്തിരിക്കുന്നുവെന്നും ,വാവലുകൾ ചിറകടിച്ചു പറന്നു പോകുന്നുവെന്നും, തെങ്ങിലെ തേങ്ങകൾ വരണ്ടുണങ്ങി എപ്പോൾ വേണമെങ്കിലും വീഴുമെന്നും, നെല്ലിന് വേലി കെട്ടാൻ സമയമായി എന്നും, കതിരിൽ ചവിട്ടി ആരോ നടന്നു പോകുന്നുവെന്നും അച്ഛൻ കിടന്ന കിടപ്പിൽ പറയുമായിരുന്നു .പൊരുളില്ലാത്ത സംസാരമാണെന്ന് തോന്നുമെങ്കിലും ചെന്നുനോക്കുമ്പോൾ അച്ഛൻ പറഞ്ഞതെല്ലാം ശരിയാണെന്ന് മനസ്സിലാകുമായിരുന്നു.ഒരു ഉത്തമനായ ഗൃഹനാഥനും ഒരു നല്ല കൃഷിക്കാരനും സ്വന്തം വീടിനേയും പുരയിടത്തേയും ഒത്തിരിയേറെ സ്നേഹിച്ചിരുന്ന വ്യക്തിയും ആയിരുന്നു അച്ഛൻ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും

അച്ഛന്റെ ചോദ്യങ്ങൾക്ക് ഉടനെ മറുപടി പറഞ്ഞില്ലെങ്കിൽ അച്ഛൻ പരിഭവം പറയുമായിരുന്നു. അപ്പോൾ അമ്മ പറയും എനിക്ക് ഒട്ടും വയ്യെങ്കിൽപ്പോലും ഓരോ വിളിപ്പുറത്തും ഞാനെത്തുമല്ലോയെന്ന്.അച്ഛൻ പോയതോടുകൂടി അമ്മ ഗൗരവക്കാരിയായി മാറി.എപ്പോഴും സ്വന്തം കാലിന്റെ  വേദനയെക്കുറിച്ച് മാത്രമായി ചിന്ത .അച്ഛന്റെ  വിളികൾക്ക് പിന്നാലെ പോകുമ്പോൾ  അമ്മ സത്യത്തിൽ തന്റെ  ചെറുപ്പ കാലത്തിലേക്ക് മടങ്ങുകയായിരുന്നു. ഓരോവിളിയ്ക്കും വേണ്ടി അമ്മ കാതോർത്തിരിക്കുമായിരുന്നു. ഇപ്പോൾ ആ നിശബ്ദതയിൽ അമ്മയുടെ മനസ്സും ശൂന്യമായി.അച്ഛന് വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരാളായിരുന്നു അമ്മ. ഇപ്പോൾ തന്റെ  അവശതകളിലേക്ക് മാത്രമായി അമ്മയുടെ ശ്രദ്ധ.

 മകന്റെ  നിർബന്ധത്തിനു വഴങ്ങി നഗരത്തിലേക്ക് വരാമെന്ന് അമ്മ വാക്കുകൊടുത്തു. വാവിന്റെ ദിവസം അച്ഛന്  ഇഷ്ടമുള്ള കാപ്പി കൂടി ഇളനീരിനൊപ്പം അമ്മ അച്ഛന്റെ  മുറിയിൽ വച്ചു.അമ്മ നഗരത്തിലേക്ക് വരുന്നതിൽ മകന് സന്തോഷമുണ്ട്. മകന്റെ കുട്ടി കൂമൻ മൂളുന്നതിനൊപ്പം മൂളിയപ്പോൾ നഗരത്തിലും കൂമൻ മൂളുന്ന  ഒച്ച കേൾക്കാൻ സാധിക്കുമോ എന്ന് അമ്മ ചോദിച്ചു. അവിടെ ടിവിയുടെ ഒച്ച മാത്രമേയുള്ളൂവെന്ന് പേരക്കുട്ടി ഉത്തരം പറഞ്ഞു. നല്ല വെള്ളവും നിലാവുമില്ലാത്ത ആ നഗരം ഗ്രാമീണവാസിയായ അമ്മയെ സംബന്ധിച്ചിടത്തോളം പൊരുത്തപ്പെടാൻ ഇത്തിരി ബുദ്ധിമുട്ട് ഉള്ളതാണ് എന്ന് മകന് അറിയാമായിരുന്നു.വീടിനു മുന്നിലൂടെ പോയ പൈക്കച്ചവടക്കാരൻ മൂപ്പര് എങ്ങോട്ട് പോയി എന്ന് ചോദിച്ചപ്പോൾ മൂപ്പര് പോയി എന്നു മാത്രമേ അമ്മ മറുപടി പറഞ്ഞുള്ളൂ . പോയില്ല എന്ന കാര്യം തനിക്കു മാത്രമേ അറിയുകയുള്ളൂ എന്ന് അമ്മ പറഞ്ഞ് നെടുവീർപ്പിട്ടു. മകനൊപ്പം പോകേണ്ട ദിവസം എത്തിയിട്ടും കട്ടിലിൽ ആലോചിച്ചു കിടക്കുന്ന അമ്മയോട്  എന്താണ് വരാത്തതെന്ന് മകൻ ചോദിച്ചപ്പോൾ ഞാൻ എങ്ങനെയാണ് മോനെ വരുന്നതെന്നും അച്ഛൻ എന്നെ എപ്പോഴും വിളിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്നലെയും വിളിച്ചുവെന്നും വിളിക്കുമ്പോൾ ഞാൻ ഇവിടെ ഇല്ല എന്ന് വെച്ചാൽ അത് ശരിയാവുകയില്ലയെന്നും മറുപടി പറയുന്നു.


(കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും അവർ വച്ചുപുലർത്തുന്ന സ്നേഹവും ആദരവുമാണ് ഈ കഥയെ സുന്ദരമാക്കുന്നത്. അച്ഛനും അമ്മയും തമ്മിൽ ദൃഢമായ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്.അച്ഛന്റെ  ശബ്ദവും സാന്നിദ്ധ്യവുമില്ലായ്മ അമ്മയിൽ ഒരു ശൂന്യതയാണ് വരുത്തിവെച്ചത് .ഒരുപാടുപേർ ഇറങ്ങിപ്പോയത് പോലുള്ള ഒരു അവസ്ഥ വന്നു.സ്നേഹം നിറഞ്ഞ പെരുമാറ്റവും ബന്ധങ്ങളുമാണ് ഒരു വീടിനെ വീടാക്കുന്നത്. അല്ലാതെ വലുപ്പച്ചെറുപ്പമല്ല. മരിച്ചിട്ടും അച്ഛന്റെ  സാന്നിധ്യം അമ്മ അറിയുന്നു. ആ വീടു വിട്ട് താൻപോയാൽ ഓർമ്മകളുറങ്ങുന്ന വീട് നോക്കാൻ ആരും ഇല്ലാത്ത അവസ്ഥ  ആ അമ്മയെ വേദനിപ്പിക്കുന്നു.ജീവിച്ചിരിപ്പില്ലാത്ത അച്ഛനോട് പോലും ബന്ധം പുലർത്തുന്ന ആ അമ്മയ്ക്ക് അച്ഛൻ തന്റെ  കൂടെയുണ്ട് എന്ന തോന്നലാണ് ജീവിതത്തോട് അടുപ്പിക്കുന്നത്.)

         

                        ദൃശ്യാവിഷ്‌ക്കാരം    

  ദൃശ്യാവിഷ്‌ക്കാരം കണ്ടതിനുശേഷം

 കഥാകൃത്തിന്റെ(യു കെ കുമാരൻ )ആശംസ

To Top