ഉത്തരേന്ത്യയിലെ ജാതി വിവേചനത്തെക്കുറിച്ചും അത് സൃഷ്ടിക്കുന്ന ദയനീയമായ ജീവിത സാഹചര്യത്തെക്കുറിച്ചും തുറന്നെഴുതുന്ന സാഹിത്യകാരനാണ് ശരൺകുമാർ ലിംബാളെ. അതിന് അദ്ദേഹം എടുത്ത അസംസ്കൃത വസ്തുവാണ് സ്വന്തം ജീവിതം.അക്കർമാശി എന്ന ഒറ്റക്കൃതി കൊണ്ട് തന്നെ അദ്ദേഹം ശ്രദ്ധേയനായി. ഒരു ദളിത് ബ്രാഹ്മണനായ ( അർധ ജാതി)അദ്ദേഹം നേരിട്ട അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ആവിഷ്കരിക്കുന്നത് .ദാരിദ്ര്യം കൊണ്ടും വിവേചനങ്ങൾ കൊണ്ടും അതിദയനീയമായിപ്പോയ ബാല്യ കൗമാരങ്ങളെ അദ്ദേഹം ഈ കൃതിയിൽ വരച്ചു വച്ചിരിക്കുന്നു. ചാണകത്തിൽ നിന്നും ശേഖരിക്കുന്ന ധാന്യ വസ്തുക്കൾ പൊടിച്ചു തിന്ന് വിശപ്പകറ്റേണ്ടി വന്ന കുട്ടിക്കാലവും ചപ്പുചവറുകൾക്കിടയിൽ നിന്ന് ആഹാരം കണ്ടെത്തേണ്ടി വന്ന കൗമാരവുമെല്ലാം വായനക്കാരനെ ഏറ്റവും പരിഗണന അർഹിക്കുന്നവരുടെ ജീവിത പരിസരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും വിധമാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. വെല്ലുവിളികളെ സാഹിത്യ രചനയ്ക്കുള്ള മഷിപാത്രമാക്കി മാറ്റി വിജയത്തിലേക്ക് നടന്ന ലിംബാളെയുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളാണ് അക്കർമാശി എന്ന ഭാഗത്ത് ചേർത്തിരിക്കുന്നത്.
കഷ്ടപ്പാടുകൾക്കിടയിലും മൂല്യവത്തായ ഒരു ജീവിതം സാധ്യമാണെന്ന ഗുണാത്മക സന്ദേശമാണ് ഈ പാഠഭാഗം നൽകുന്നത് .കുമാർമാമയുടേയും ശാന്ത ആത്യയുടേയും ഒപ്പം ബാലനായ ശരൺകുമാർ ലിംബാളെ പഴം വണ്ടി ഉന്തി ജീവിച്ചു .കുമാർമാമ മടിയനും ഒരു കടക്കാരനും ആയിരുന്നു .അയാൾ എന്നും ശാന്താ ആത്യയുമായി വഴക്കിടും.
പിന്നീട് കുമാർമാമയും ശാന്ത ആത്യായും കീറക്കടലാസും പഴന്തുണിയും പെറുക്കി . ചവറു പെറുക്കാൻ ശരൺകുമാർ ലിംബാളെയും കൂടെക്കൂടി. ചിലപ്പോൾ കടലാസ് പൊതികളിൽ മനുഷ്യമലമായിരിക്കും ഉണ്ടാവുക. മിഠായിപ്പൊതി കണ്ടാൽ ലിംബാളെയുടെ വായിൽ വെള്ളമൂറും. ചില കടലാസുകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നും. അത് നിവർത്തി വായിക്കാൻ തുടങ്ങും.ചവറുകൾക്ക് പകരം തൂക്കി നോക്കേണ്ടത് തങ്ങളുടെ വിശപ്പാണെന്ന് ലിംബാളെയ്ക്ക് തോന്നാറുണ്ട് .പഠനം തുടരുന്നതിൽ ലിംബാളെ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു .ബോർഡിംഗ് സ്കൂളിൽ ചേർത്തപ്പോൾ വല്ലാത്ത ഏകാന്തത തനിക്ക് തോന്നി എന്നാണ് ലിംബാളെ പറയുന്നത്. ഒരിക്കൽ സന്താമായി കാൽനടയായി ബോർഡിംഗ് സ്കൂളിൽ വന്നു കണ്ടു. പഴയൊരു ജോഡി ചെരുപ്പ് കയ്യിലുണ്ടായിരുന്നു. ഒരു ബസ്സ്റ്റാൻഡിൽ നിന്നും കിട്ടിയതാണ് .അത് ശരിക്കും പെൺകുട്ടികൾക്കുള്ളതായിരുന്നു. ഒരു ചെരുപ്പുകുത്തിയുടെ അടുത്ത് കൊണ്ടുപോയെങ്കിലും മഹാർ ജാതിയിൽപ്പെട്ടതാണ് സന്താമായി എന്നറിഞ്ഞപ്പോൾ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാൻ കൂട്ടാക്കിയില്ല.
തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനത്തെക്കുറിച്ച് ലിംബാളെ ഓർക്കുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വഴിയിൽനിന്ന് മുപ്പത് രൂപ വീണുകിട്ടി .അത് എടുക്കുന്നത് കൂട്ടുകാരൻ പിർജാദെ കണ്ടു .അത് പകുതി വീതം എടുത്ത് സിനിമ കാണാം എന്ന് അവൻ പറഞ്ഞു . സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥന കഴിഞ്ഞയുടനെ ലിംബാളെ ഹെഡ് മാസ്റ്ററെ ചെന്നു കണ്ടു. കിട്ടിയ പൈസ മുഴുവൻ അദ്ദേഹത്തെ ഏൽപ്പിച്ചു. സത്യസന്ധതയിൽ സന്തുഷ്ടനായ അദ്ദേഹം ഉച്ചഭാഷിണിയിലൂടെ അഭിനന്ദിച്ചു. അക്കൊല്ലം അവരുടെ ക്ലാസിൽ കായികമത്സരങ്ങളിൽ ആർക്കും സമ്മാനം കിട്ടിയിരുന്നില്ല .ക്ലാസ് ടീച്ചറുടെ അടുത്ത് എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം കുറച്ചുസമയം ക്ലാസ്സ് നിർത്തി .എന്നിട്ട് പറഞ്ഞു. നമ്മൾ ഇക്കൊല്ലത്തെ സ്പോർട്സിൽ തോറ്റു പോയി. പക്ഷേ സാരമില്ല .ലിംബാളെയുടെ സത്യസന്ധത ഈ ക്ലാസിന്റെ മുഴുവൻ വിജയമാണ്.തന്റെ
സത്യസന്ധത തനിക്കു നൽകിയ ആനന്ദം മുപ്പത് രൂപയെക്കാൾ വളരെ വലുതായിരുന്നു എന്നാണ് ശരൺകുമാർ ലിംബാളെ പറയുന്നത്. ആഗ്രഹങ്ങൾ സഫലമാക്കാൻ മൂല്യങ്ങൾ കൈവിടാതിരിക്കുക. മൂല്യ സംരക്ഷണം നമുക്ക് ആനന്ദം നൽകിയിരിക്കും എന്നതാണ് ഈ പാഠഭാഗത്തിൽ നിന്നും നമുക്ക് കിട്ടുന്ന സന്ദേശം .ഏത് എളിയ ജീവിത സാഹചര്യങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിലൂടെ ഉയർന്ന നിലയിൽ എത്താമെന്ന് ശരൺകുമാർ ലിംബാളെയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു