വൈക്കം മുഹമ്മദ് ബഷീർ -അമ്മ

 

വൈക്കം മുഹമ്മദ് ബഷീർ 
ദൃശ്യാവിഷ്ക്കാരം  
 
സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാള കഥയുടെ സുൽത്താനായിത്തീർന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ  ഓർമ്മക്കുറിപ്പിൽ നിന്നെടുത്ത അനുഭവകഥയാണ് അമ്മ. ദേശസ്നേഹവും മാതൃസ്നേഹവും നിറഞ്ഞുനിൽക്കുന്ന ഈ കഥ വളരെ പ്രശസ്തമാണ് .ബഷീറിന്റെ  വിദ്യാർത്ഥി ജീവിതവും സ്വാതന്ത്ര്യ സമരത്തിന്റെ  വീരഗാഥകളും ഉമ്മയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഓർമ്മകളും എല്ലാമടങ്ങുന്ന 'അമ്മ 'ബഷീറിന്റെ  ആത്മകഥയായി തന്നെ വായിക്കാം. അമ്മയുടെ കത്തിൽ നിന്നാരംഭിച്ച് ഓർമ്മയിലൂടെ അമ്മയിലേക്കും ഗാന്ധിജിയിലേക്കും ഉപ്പ് സത്യാഗ്രഹ സമരകാലത്തെ അനുഭവങ്ങളിലേക്കും ഒടുവിൽ അമ്മയുടെ അടുക്കലേക്ക് തന്നെ തിരിച്ചെത്തുന്ന ശൈലിയാണ് ബഷീർ ഇതിൽകൈക്കൊണ്ടിരിക്കുന്നത് .അമ്മയുടേയും മാതൃഭൂമിയുടേയും മഹത്വം തിരിച്ചറിയാനും സാമൂഹികവും വ്യക്തിപരവുമായ കടമകൾ നിർവഹിക്കാനുമുള്ള ഒരു സന്ദേശമാണ് ഈ കൃതിയിലൂടെ നമുക്ക് ലഭിക്കുന്നത്.ബഷീർ എന്ന വിദ്യാർത്ഥിയേയും ബഷീർ എന്ന രാജ്യസ്നേഹിയായ  മകനേയുമാണ് നമുക്ക് ഈ കൃതിയിലൂടെ കാണാൻ സാധിക്കുന്നത് ".മകനെ ഒന്ന് കാണണം "എന്ന് പറഞ്ഞ് അമ്മ കത്തെഴുതി .എല്ലാദിവസവും മകനെ അമ്മ പ്രതീക്ഷിക്കുന്നു .

മാതൃഭൂമിക്ക് വേണ്ടി സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ കുറ്റത്തിന് ജയിലിലടക്കപ്പെട്ടവരുടെ അമ്മമാർ എന്തു ചെയ്തു എന്നാണ് ബഷീർ ചോദിക്കുന്നത്.ഗാന്ധിജിയുടെ രീതികളിൽ ഇഷ്ടം തോന്നിയാണ് സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ പങ്കെടുക്കുവാൻ ബഷീർ തീരുമാനിച്ചത്. ഗാന്ധിജിയോടുള്ള തന്റെ  സ്നേഹം കാരണം തന്നെയാണ് അന്നത്തെ ഹൈസ്കൂൾ ഹെഡ്‌മാസ്റ്ററുടെ കയ്യിൽ നിന്നും തനിക്ക് അടി കൊണ്ടത് എന്ന് ബഷീർ ഓർത്തു. വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജിയെ കാണാൻ പോയ അനുഭവവും ബഷീർ ഓർക്കുന്നുണ്ട് .ആ തിരക്കിനിടയിൽ മഹാത്മാവിനെ തൊട്ടില്ലയെങ്കിൽ താൻ മരിച്ചുപോകും എന്നു വരെ ബഷീറിനു തോന്നി .അദ്ദേഹത്തിന്റെ  വലതു തോളിൽ ഒരു വിധത്തിൽ തൊട്ടു. ആ മസിലിന് ബലമില്ല. പിളുപിളിപ്പ് എന്നാണ് ബഷീർ വിവരിക്കുന്നത്.അന്ന് വൈകിട്ട് ഞാൻ ഗാന്ധിയെ തൊട്ട് എന്ന് അമ്മയോട് പറഞ്ഞപ്പോൾ ഗാന്ധിജി എന്തു സാധനം ആണെന്ന് അറിയാത്ത തന്റെ  മാതാവ് പേടിച്ചു എന്നാണ് ബഷീർ വിവരിക്കുന്നത്.

 ഹെഡ്‌മാസ്റ്റർ  ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് എതിരായിരുന്നു. ഖദർ ധരിക്കാൻ പാടില്ലെന്നും പറഞ്ഞിരുന്നു. സ്കൂളിൽ മണിയടിച്ചു കുറച്ച് കഴിഞ്ഞാണ് ഒരു ദിവസം ബഷീർ ചെന്നത് .ആശ്രമത്തിൽ പോയിരുന്നു അതുകൊണ്ടാണ് വൈകിയത് എന്ന് പറഞ്ഞു .അന്ന് പട പടോന്ന് ആറെണ്ണം കൈവെള്ളയിൽ കിട്ടിയത് ബഷീർ ഓർത്തു .താൻ മരിക്കുകയാണെങ്കിൽ ഈ ഖദർ വേഷത്തിൽ അടക്കം ചെയ്യണം എന്ന് പറയുമ്പോൾ ബഷീറിന്റെ  ഉമ്മ "കാന്തിക്ക് എവിടുന്ന് കിട്ടി ചാക്ക് പോലത്തെ ഈ വേഷം " എന്ന് ചോദിക്കുമായിരുന്നു."കാന്തി നമ്മുടെ പട്ടിണി തീർക്കുമോ "എന്ന അമ്മയുടെ ചോദ്യത്തിനുത്തരമായി ഭാരതം സ്വതന്ത്രമായാൽ പട്ടിണി തീരുമെന്നാണ് ബഷീർ പറഞ്ഞത് .

ദണ്ഡി യാത്രയ്ക്കുമുമ്പ് ഗാന്ധിജി താൻ ആവശ്യപ്പെട്ട കാര്യങ്ങൾ സാധിച്ചില്ലെങ്കിൽ ശവശരീരം അറബിക്കടലിൽ ഒഴുകുന്നത് കാണാം എന്ന് പ്രസ്താവിച്ചു .അങ്ങനെ അദ്ദേഹം ഉപ്പുസത്യാഗ്രഹം  അനുഷ്ഠിച്ചു.ഗാന്ധിയേയും കൂട്ടരേയും അറസ്റ്റ് ചെയ്തു.

 കോഴിക്കോടും ഉപ്പുനിയമം ലംഘിച്ചു.അവിടെ പോലീസിന്റെ  കയ്യേറ്റമുണ്ടായി. സത്യാഗ്രഹത്തിൽ പങ്ക് ചേരാനാണ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ബഷീർ കോഴിക്കോട്ടേക്ക് പോയത്.

കോഴിക്കോട് കോൺഗ്രസ് ഓഫീസിൽ ചെന്നപ്പോൾ അവിടെയും ഭഗവത് സിംഗിന്റെ  പടം കണ്ടു. ഭഗവത് സിംഗിന്റെ  മുഖച്ഛായ ഉണ്ടെന്ന് ബഷീറിനോട് സെക്രട്ടറി പറഞ്ഞു .കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ തയ്യാറാണെന്ന് ബഷീർ സമ്മതിച്ചു .എന്നാൽ പോലീസുകാർ അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി .പോലീസ് സ്റ്റേഷനിൽ വാളും ബയനറ്റും കൈവിലങ്ങുകളുമുണ്ടായിരുന്നു. പോലീസുകാരുടെ ക്രൂര മുഖഭാവവും കൂടി കണ്ടപ്പോൾ ഒരു നരകത്തിന്റെ ഓർമ്മയാണ് ബഷീറിനു വന്നത്.

270 നമ്പറുകാരൻ പോലീസിന്റെ  ക്രൂരമായ  മർദ്ദനമേറ്റ ബഷീർ അവശനായി .മൂന്നുമാസം കഠിനതടവിനാണ്  വിധിക്കപ്പെട്ടത് .കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ബഷീറിനെ മാറ്റി. കഞ്ഞിയിൽ പീര പോലെ പുഴു പൊങ്ങിക്കിടക്കും. അത് കളഞ്ഞാണ് കഞ്ഞി കുടിച്ചിരുന്നത് .ഭഗവത് സിംഗിനെ തൂക്കിക്കൊന്നു എന്നറിഞ്ഞ ദിവസം അവർ നിരാഹാരവ്രതം അനുഷ്ഠിച്ചു .ജയിലിൽ നിന്നും പുറത്തിറങ്ങിയ ബഷീറിന് രണ്ട് ആഗ്രഹമുണ്ടായിരുന്നു. ഒന്ന് 270 എന്നനമ്പറുള്ള പോലീസുകാരനെ കൊല്ലണം. രണ്ട് ഒരു ഖദർ ഷോൾ വാങ്ങിക്കണം. മിസ്റ്റർ അച്യുതൻ ഒരു ഖദർഷാൾവാങ്ങിച്ചുകൊടുത്തു.പ്രതികാരത്തിനു നിൽക്കാതെ ബാപ്പയേയും ഉമ്മയേയും ചെന്ന് കാണാൻ  മിസ്റ്റർ അച്യുതൻ പറഞ്ഞു.  

വീട്ടിൽ എത്തിയപ്പോൾ രാത്രി മൂന്നു മണിയായിരുന്നു. ഉമ്മ ഒന്നും സംഭവിക്കാത്ത മാതിരി വിളക്കുകൊളുത്തി വെച്ചിട്ട് വല്ലതും കഴിച്ചോ മകനേ എന്ന് ചോദിച്ചു. ലോകം മൊത്തം ഉറങ്ങിക്കിടക്കുന്ന സമയത്ത് തന്റെ അമ്മ മാത്രം ഉറക്കമിളച്ചിരിക്കുന്നത് കണ്ട് ബഷീറിന് സങ്കടമായി .ചോറ് പാത്രം ബഷീറിന്റെയടുത്തേക്ക്  നീക്കിവെച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുന്ന ഉമ്മയെ കണ്ടപ്പോൾ ഞാനിന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചു .എല്ലാ രാത്രിയും ഞാൻ കാത്തിരിക്കും എന്ന് ഉമ്മ മറുപടി പറഞ്ഞു. ബഷീർ ഞെട്ടിപ്പോയി .ജീവിതത്തിൽ പല കാര്യങ്ങളും സംഭവിച്ചു .പക്ഷേ അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു ."മകനെ ഞങ്ങൾക്ക് നിന്നെ ഒന്ന് കാണണം" എന്ന കത്ത്  കണ്ടപ്പോൾ ഇക്കാര്യങ്ങളാണ്  വൈക്കം മുഹമ്മദ് ബഷീർ ഓർത്തത്. 

വീട് എന്ന ഇത്തിരിവട്ടത്തിൽ നിന്ന് നാട് എന്ന വിശാലതയിലേക്ക് മനസ്സ് വളരുമ്പോഴാണ് പിറന്ന നാടിനെ പെറ്റമ്മയെ പോലെ കാണാൻ സാധിക്കുന്നത് .വീട്ടിലെ പ്രയാസങ്ങൾ മക്കളാണ് പരിഹരിക്കേണ്ടത്. നാടിന്റെ ദുരിതം തീർക്കാനുള്ള കടമ അതേ അളവിൽ തനിക്കുണ്ടെന്ന ചിന്തയാണ് ബഷീറിന് .  തന്റെ  അമ്മ തന്നെ പ്രതീക്ഷിക്കുന്നതുപോലെ ഭാരതവും തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബഷീർ കരുതുന്നു.ബഷീർ തീവ്രമായ രാജ്യസ്നേഹമുള്ള വ്യക്തിയായിരുന്നു .കുടുംബ സ്നേഹത്തോടൊപ്പം ശക്തമായ രാജ്യസ്നേഹവും അദ്ദേഹത്തിനുണ്ട്.

To Top