ആസ്വാദനക്കുറിപ്പ് -ഉരുളക്കിഴങ്ങ് തിന്നുന്നവർ -സുഭാഷ് ചന്ദ്രൻ

 വിൻസൺ വാൻഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്സ് എന്ന ചിത്രം ലോകപ്രശസ്തമാണ് .യൂറോപ്പിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ജീവിതത്തിന്റെ ദൈന്യവും ലോകത്തിന് കാട്ടിക്കൊടുത്ത ചിത്രമാണിത് .ചിത്രകലയിലെ ലോക ക്ലാസിക്കുകളിൽ ഒന്നായി  ഈ രചന അറിയപ്പെടുന്നു. ഈ  ചിത്രത്തെ ആസ്പദമാക്കി സുഭാഷ് ചന്ദ്രൻ എഴുതിയ ചെറുകഥയാണ് ഉരുളക്കിഴങ്ങ് തിന്നുന്നവർ.ഉരുളക്കിഴങ്ങ്പാടത്തിനു നടുവിലുള്ള വീട്ടിലേക്ക് കിഴവൻ മിറൽ വേച്ച് നടക്കുകയാണ്.കമ്പിളിയുടെ പിഞ്ഞിയ വിടവുകളിലൂടെ ശരീരത്തിലേക്ക് മഞ്ഞുകണങ്ങൾ വീഴുന്നുണ്ടായിരുന്നു. ഒരു വെളുത്ത പൂവ് വച്ച ശവകുടീരം പോലെ തന്റെ വീടിനെ അയാൾക്ക് തോന്നി. മകന്റെ ഭാര്യ ജൂലിയാന കണ്ടോ അച്ഛനെ എന്ന് ആകാംക്ഷയോടെ ചോദിച്ചു .മഞ്ഞിലൂടെയുള്ള നടത്തം കാരണം അയാളുടെ കാൽപ്പാദം പൊള്ളിച്ചിരുന്നു. ജൂലിയാന നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു .ആണി പറിഞ്ഞ് നിലം പൊത്താറായ മേശ, കൂറനിറമുള്ള കുപ്പായം ഇതൊക്കെ ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങളാണ്.ആ വീട്ടിൽ ജൂലിയാനയുടെ വൃദ്ധരായ മാതാപിതാക്കളും ജൂലിയാനയുടെ മകൾ എട്ടുവയസ്സുകാരി അന്നയും  വിളക്കിന്റെ പ്രകാശത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു .കുറച്ചുദിവസമായി ജൂലിയാനയുടെ ഭർത്താവ് ഖനിയിൽ തൊഴിൽ ചെയ്യുകയാണ്. അദ്ദേഹത്തെ കാണാതെ അവർ വിഷമിച്ചിരിക്കുകയാണ് .ഖനിയിൽ അപകടം നിറഞ്ഞ പണിയേക്കാൾ ഉരുളക്കിഴങ്ങ് കൃഷിചെയ്ത് ജീവിക്കുകയാണ് നല്ലതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ക്രൂശിതനായ യേശുവിന് മുന്നിൽ വിലപിക്കുന്ന മറിയത്തിന്റെ പടത്തിനു മുന്നിൽ ജൂലിയാന പ്രാർത്ഥിച്ചു നിന്നപ്പോൾ തുള്ളി തുള്ളിയായി ചോര ഇറ്റു വീഴുന്ന ശബ്ദം കേട്ടു. അവൾ പ്രാർത്ഥിച്ചു :പണി ചെയ്യുന്നവർക്ക് ഒരാപത്തും വരുത്തരുതേ എന്ന്.ലോകത്തിലെ ഒരാൾക്കും ഒരാപത്തും വരുത്തരുതേ എന്ന് പിന്നിട് മാറ്റിപ്പറഞ്ഞു.ഈസ്റ്ററിന് ചായം തേച്ച മുട്ടകൾ കൊണ്ടുവരണമെന്ന് അച്ഛനോട് പറഞ്ഞില്ലേ എന്ന്  മിറലിനോട് അന്ന ചോദിച്ചു. ഖനികളിൽ നിന്നും ഭംഗിയുള്ള ഈസ്റ്റർ മുട്ടകളാണ് കുഴിച്ചെടുക്കുന്നത് എന്നും അത് ഉരുളക്കിഴങ്ങ് കിട്ടും പോലെയാണെന്നും അന്ന ധരിച്ചു വെച്ചിരുന്നു. ജൂലിയാന ഭക്ഷണത്തിനായി മാതാപിതാക്കളെ വിളിച്ചു. ഒരു പരന്ന പാത്രത്തിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങുകൾ കൊണ്ടുവന്ന് മേശപ്പുറത്തുവച്ചു. ആ ഉരുളക്കിഴങ്ങ് കണ്ടപ്പോൾ മണ്ണിനടിയിൽ പെട്ട് ചതഞ്ഞ് മുഖം പൊട്ടി വികൃതമായി തിരിച്ചറിയാനാകാത്ത വിധത്തിൽ മുടിയും തൊലിയും പറിഞ്ഞുകിടക്കുന്ന തന്റെ മകനെ ഓർത്തു. ദീർഘമായി നിശ്വസിച്ചു.തന്റെ ഭർത്താവിരിക്കുന്ന കസേരയിൽ ജൂലിയാന ഇരുന്നു .ഘടികാരത്തിൽ നിന്ന് സമയം തുള്ളി തുള്ളികളായി താഴേക്ക് വീഴുന്ന ശബ്ദം ജൂലിയാനയുടെ കാതിൽ പിന്നെയും മുഴങ്ങാൻ തുടങ്ങി. അവർ ഉരുളക്കിഴങ്ങ് തിന്നാൻ ആരംഭിച്ചു .ഭർത്താവിന്റെ അച്ഛൻ ശൂന്യമായ കണ്ണുമായിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ നോക്കി. അച്ഛന്റെ  കടക്കണ്ണിൽ നിന്നും ചോര പൊടിയുന്നത് കണ്ടപ്പോൾ തന്റെ ഭർത്താവിന്റെ ഇരിപ്പിടത്തിൽ താനുറഞ്ഞ് പോകുന്നത് അവൾ തിരിച്ചറിഞ്ഞു.മിറൽ ഉള്ളിൽ സൂക്ഷിച്ചിരുന്ന മരണവാർത്ത ആ വീടിനെ  ശവകുടീരമായി മാറ്റിയതു പോലെ അയാൾക്ക് തോന്നി.

To Top