STANDARD 2 UNIT 5 അണ്ണാൻ കുഞ്ഞും ആന മൂപ്പനും




STANDARD 2 UNIT 5 അണ്ണാൻ കുഞ്ഞും ആന മൂപ്പനും

 
കഥകളുടെ മലയാളം ആനിമേഷന്‍ വീഡിയോ കാണാം

മൃഗങ്ങള്‍ മുഖ്യആശയമായി വരുന്ന ഈ പാഠഭാഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചില കഥകള്‍ പരിചയപ്പെടാം. കുട്ടികള്‍ക്ക് പറഞ്ഞ്കൊടുക്കുകയോ വായനാകാര്‍ഡുകളാക്കി അധികവായനക്ക് നല്‍കുകയോ ചെയ്യാം.


1.ചെന്നായയും ആട്ടിന്‍കുട്ടിയും



കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിൻ കുട്ടിയെ കണ്ട ചെന്നായി അതിനെ കൊന്നു തിന്നുവാൻ തീരുമാനിച്ചു.
എന്നാലതിനെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയിട്ട് മതി ശാപ്പിടാൻ എന്നു ചെന്നായ് ഉറപ്പിച്ചു.
അവൻ ആട്ടിൻ കുട്ടിയെ സമീപിച്ചു ഇപ്രകാരം പറഞ്ഞു "എടാ കുഞ്ഞേ ! കഴിഞ്ഞ വർഷം നീ എന്നെ അപമാനിച്ചില്ലേ?"
ആട്ടിൻ കുട്ടിയാകട്ടെ വ്യസനപ്പെട്ടുകൊണ്ട് മൊഴിഞ്ഞു "ഞാൻ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ഞാൻ ഉണ്ടായിരുന്നില്ല"
ചെന്നായ് ആരോപണം മാറ്റി "ഞാൻ ഇരപ്പിടിക്കുന്ന മേച്ചിൽ പുറങ്ങളിലാണ് നീ മേയുന്നത് "എന്നായി ചെന്നായ്
"ഇല്ല അങ്ങുന്നേ. ഞാനിതേവരെ പുല്ലു കഴിക്കാറായിട്ടില്ല " ആട്ടിൻ കുട്ടി പറഞ്ഞു
ഞാൻ കുടിക്കുന്ന ഉറവയിൽ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായിയുടെ അടുത്ത ആരോപണം"
ഞാനിന്നേവരെ അമ്മയുടെ പാലല്ലാതെ ഒന്നും കുടിച്ചിട്ടില്ല . പാലു മാത്രമാണ് എനിക്കു ഭക്ഷണവും പാനിയവും "ആട്ടിൻ കുട്ടി ഉണർത്തിച്ചു.
ഇതോടെ ആരോപണങ്ങൾ മതിയാക്കിയ ചെന്നായ് ആട്ടിൻ കുട്ടിയെ കൊന്നു ശാപ്പിട്ടു കൊണ്ട് പറഞ്ഞു "എന്റെ ആരോപണങ്ങൾക്കൊല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം. എന്നാലിന്നു അത്താഴപ്പട്ടിണി കിടക്കാൻ എനിക്കുദ്ദേശമില്ല"
ഗുണപാഠം: ദ്രോഹികൾക്ക് ഉപദ്രവിക്കാൻ എപ്പോഴും ന്യായങ്ങളുണ്ടാവും




2. എലിയും സിംഹവും
ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവൻ ഉറക്കം ഉണർന്നു. ഒരെലിയായിരുന്നു. അബദ്ധത്തിൽ സിംഹത്തിന്റെ ദേഹത്തേക്ക് വീണത്. നിദ്രാഭംഗം മൂലം ക്ഷുഭിതനായ സിംഹം എലിയെ ഞെക്കിക്കൊല്ലാൻ ഒരുങ്ങി. പ്രാണരക്ഷാർഥം മൂഷികൻ കേണു. "രാജൻ കനിവുണ്ടാകണം.എന്നെ കൊല്ലരുതേ.എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും." ഇത് കേട്ടു സിംഹം പൊട്ടിച്ചിരിച്ചു. എങ്കിലും ദയ തോന്നി എലിയെ വെറുതെ വിട്ടുനാളുകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയിൽ പെട്ടു.വലയിൽ കിടന്നു പ്രാണഭയത്താൽ അലറിയ സിംഹത്തിന്റെ കരച്ചിൽ അടുത്തുള്ള എലി കേൾക്കാനിടയായി. തന്നെ ജീവനോടെ വിട്ടയച്ച സിംഹമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി. ഉടൻ തന്നെ അവൻ സിംഹത്തിന്റെ അടുത്തെത്തി. ഏറെ അദ്ധ്വാനത്തിനു ശേഷം വലയുടെ കണ്ണികളെല്ലാം കടിച്ചുമുറിച്ചു സിംഹത്തെ മോചിപ്പിച്ചു.
എന്നിട്ട് അവൻ സിംഹത്തോടായി പറഞ്ഞു."എന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്ന് ഞാൻ പണ്ടു പറഞ്ഞപ്പോൾ അങ്ങ് പരിഹസിക്കുകയായിരുന്നല്ലോ.ഇപ്പോൾ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാൻ നിസ്സാരനായ എനിക്ക് സാധിച്ചിരിക്കുന്നു.
ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത്






3. കരടിയും വഴിപോക്കനും



വനാന്തരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു സുഹൃത്തുക്കൾ പെട്ടെന്ന് ഒരു കരടിയുടെ മുന്നിൽ ചെന്നുപെട്ടു. ഒരുവൻ ഉടൻ തന്നെ എങ്ങനെയോ അടുത്തു കണ്ട ഒരു മരത്തിൽ കയറി പറ്റി. അത് സാധിക്കാതിരുന്ന രണ്ടാമൻ, മരച്ചുവട്ടിൽ ചത്തത് പോലെ മലർന്നു കിടന്നു. അവന്റെ അടുക്കലെത്തിയ കരടി അവനെ മണപ്പിച്ചു നോക്കി. ശ്വാസം പോലും വിടാതെ അനങ്ങാതെ കിടന്ന അയാൾ ചത്തെന്നു കരുതി കരടി മടങ്ങി പോയി. കരടികൾ ശവം ഭക്ഷിക്കാറില്ലത്രെ. കരടി പോയെന്നുറപ്പായപ്പോൾ മരത്തിൽ നിന്നിറങ്ങിയവൻ സുഹൃത്തിനോട് പരിഹാസപൂർവ്വം ചോദിച്ചു.
"അല്ലാ, കരടി നിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് കണ്ടല്ലോ. എന്താണവൻ നിന്നോട് പറഞ്ഞത്?"

മുടിനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ സുഹൃത്ത് പറഞ്ഞു "കരടി പറഞ്ഞത്" ആപത്ത് വരുമ്പോൾ ഉപേക്ഷിക്കുന്നവൻ ഒരിക്കലും സുഹൃത്തല്ല."
ഗുണപാഠം: :ആപത്തിലും ഒപ്പം നിൽക്കുന്നവനേ യഥാർത്ഥ സുഹൃത്തായിരിക്കൂ.




കുടുതല്‍ കഥകള്‍ക്ക് ഇവിടെക്ലിക്ക് ചെയ്യുക.




ജീവികളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചില കടങ്കഥകള്‍ പരിചയപ്പെടാം.


അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.-തവള
ആ പോയി, ഈ പോയി, കാണാനില്ല- മിന്നാമിനുങ്ങ്
ഇടവഴിയിലൂടെ ഒരു കരിവടിയോടി-പാമ്പ്
എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല- ആമ
കറുത്ത പാറയ്ക്ക് വെളുത്തവേര്-ആനക്കൊമ്പ്
കറുത്ത മതിലിന് നാല് കാല്- ആന
ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം- വവ്വാൽ
ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ- കൊതുക്
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം -തവള
വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല- ചിലന്തി
ജീവികളുമായി ബന്ധപ്പെട്ട ചൊല്ലുകള്‍
അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
അടിതെറ്റിയാൽ ആനയും വീഴും
അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
അണ്ണാൻ കുഞ്ഞിനും തന്നാലായത്
അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
അരിയെറിഞ്ഞാൽ ആയിരം കാക്ക
ആടറിയുമോ അങ്ങാടിവാണിഭം
ആടു കിടന്നിടത്ത് പൂട പോലുമില്ല
ആന കൊടുത്താലും ആശ കൊടുക്കരുത്
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
ആന വായിൽ അമ്പഴങ്ങ
ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
ആളുകൂടിയാൽ പാമ്പ് ചാവില്ല
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
എലിയെ പേടിച്ച് ഇല്ലം ചുടുക
ഏട്ടിലെ പശു പുല്ല് തിന്നുമോ?
ഒരു വെടിക്കു രണ്ടു പക്ഷി
ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.
കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
കാക്ക കുളിച്ചാൽ കൊക്കാകുമോ
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
കുരക്കുന്ന പട്ടി കടിക്കില്ല
കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
കുരങ്ങൻറെ കയ്യിലെ പൂമാല പോലെ
കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
കൊക്കെത്ര കുളം കണ്ടതാ
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
ഗതികെട്ടാൽ പുലി പുല്ലും തിന്നും
ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു
തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
തിരിഞ്ഞു കളിയും മാടിക്കെട്ടും
ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
നടുക്കടലിലും നായ നക്കിയേ കുടിക്കൂ
നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
നിത്യഭ്യാസി ആനയെ എടുക്കും
നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
പണത്തിനു മീതെ പരുന്തും പറക്കില്ല
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
പാണനു് ആന മൂധേവി
പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
പൂച്ചയ്ക്കാര് മണികെട്ടും
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
മിണ്ടാപ്പൂച്ച കലമുടക്കും
മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]]
വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിയിട്ടു കാര്യമില്ല.
വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്
വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
കൂടുതല്‍ മൃഗചിത്രങ്ങള്‍ പരിചയപ്പെടാം













































വരച്ച് പഠിക്കാനും നിറം നല്‍കാനുമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക

വളര്‍ത്തുമൃഗങ്ങള്‍ ,വന്യമൃഗങ്ങള്‍, പക്ഷികള്‍ ചാര്‍ട്ടുകള്‍











To Top