1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

Class 7 കേരള പാഠാവലി Chapter 03 - കൈയെത്താ ദൂരത്ത് - ചോദ്യോത്തരങ്ങൾ

bins

 



കൈയെത്താ ദൂരത്ത്  - പഠന പ്രവർത്തനങ്ങൾ 
ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥയായ “ആത്മകഥയ്ക്ക്‌ ഒരാമുഖത്തിൽ'' നിന്നെടുത്ത ഒരു ഭാഗമാണ്‌ ഈ പാഠഭാഗം.

ലളിതാംബിക അന്തർജ്ജനം

1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കിൽ കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽ ദാമോദരൻ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനത്തിന്റെയും മകളായി ലളിതാംബിക അന്തർജ്ജനം ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തിൽ നടത്തി. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ വശമാക്കി.

1937-ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരവുമായി അന്തർജ്ജനം കാവ്യലോകത്ത് പ്രവേശിച്ചത്. അതേ വര്‍ഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു. 1973-ല്‍ സീത മുതല്‍ സത്യവതി വരെ എന്ന കൃതിക്കു നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 1977-ല്‍ അഗ്‌നിസാക്ഷിയിലൂടെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ആദ്യത്തെ വയലാര്‍ പുരസ്‌കാരവും ലഭിച്ചു. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്.

1965-ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് അന്തര്‍ജ്ജനമായിരുന്നു. ആത്മകഥയ്ക്ക് ഒരാമുഖം അന്തര്‍ജ്ജനത്തിന്റെ ആത്മകഥയാണ്. 1987 ഫെബ്രുവരി ആറിന് ലളിതാംബിക അന്തര്‍ജ്ജനം അന്തരിച്ചു.

പാദപരിചയം 

• സന്നിധിയിൽ - സമീപത്ത്‌
• ഉപഹാരം - കാഴ്ചദ്രവ്യം, ആദരവോടെ നല്‍കുന്ന പാരിതോഷികം
• വചസ്സ് - വാക്ക് 
• ചരിതാർഥ - ആഗ്രഹം സാധിച്ചവൾ 
• സമസ്ത - പൂർണമായ, എല്ലാം ഉൾപ്പെട്ട  
• മാതുലപുത്രൻ - അമ്മാവന്റെ മകൻ 
• സഹൃദയർ - നല്ല മനസ്സുള്ളവർ 
• ചക്രവാള സീമ - ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നതായി തോന്നുന്ന അതിര്  
• പവിത്രത - പരിശുദ്ധി
• ബാലിശം - പക്വതയില്ലാത്തത് 

വായിക്കാം കണ്ടെത്താം

• മഹാത്മാ ഗാന്ധിയെ സന്ദർശിച്ചതിനെക്കുറിച്ച്‌ ലളിതാംബിക അന്തർജനം വിവരിക്കുന്നതെങ്ങനെ?
- ലളിതാംബിക അന്തർജ്ജനത്തിന്‌ കുട്ടിക്കാലത്ത്‌ മഹാത്മാഗാന്ധിയെ നേരിൽ  കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്‌. ഗാന്ധിജിയെ പിന്തുടർന്ന്‌ കടപ്പാക്കടയിലേക്കും കഥാകാരി പോയിട്ടുണ്ട്‌. ഹരിജനകേന്ദ്രത്തിൽ സന്ദർശനത്തിന്‌ പോയി തളർന്നലഞ്ഞ്‌ മടങ്ങി വന്ന മഹാത്മാവിന്റെ പാദത്തിൽ തൊട്ടു അന്തർജ്ജനം നമസ്ക്കരിച്ചു. മതി, മതി ഞാൻ ഇശ്വരനല്ല കുട്ടി! എനിക്കു ഭക്ഷണം വേണമെന്ന ശകാരരൂപത്തിലുള്ള അനുഗ്രഹവചനസ്സുകൾ കേട്ട്‌ ചരിതാർഥയായിട്ടാണ്‌ അന്തർജ്ജനം വീട്ടിലേക്ക്‌ മടങ്ങിയത്‌.

• ലളിതാംബിക അന്തർജനത്തിന്റെ കുഞ്ഞുമനസ്സിൽ നാരായണഗുരു എന്ന പേരു വന്നു പതിഞ്ഞ സാഹചര്യം ഏത്‌?
ലളിതാംബികയ്ക്ക്‌ നാരായണ ഗുരുവിനെക്കുറിച്ച്‌ കേട്ടുകേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ ആശ്രമത്തിൽ പോയി. അച്ഛനും ഗുരുദേവനും സംസാരിച്ചിരിക്കുമ്പോൾ ഗുരുദേവനോട്‌ ശൈശവ സഹജമായ ആകാംക്ഷയൊന്നും
തോന്നാത്തതിനാൽ ലളിതാംബിക മറ്റു കുട്ടികളോടൊപ്പം കിളികളുടെയും അണ്ണാന്റെയും തുമ്പികളുടെയും പിന്നാലെ കൂടി. ഒരു പച്ചക്കിളിയുടെ പിന്നാലെ ലളിതാംബിക പോയെങ്കിലും അത്‌ പറന്നു പോയി. മടക്കയാത്രയ്ക്കു സമയമായപ്പോൾ പച്ചക്കിളിയെ കിട്ടിയോ എന്ന്‌ ഗുരുദേവൻ ചോദിച്ചു. പറന്നു പോയ കിളിക്കൊപ്പം പറക്കണമെന്നും അതിനുവേണ്ട ചിറകുണ്ടാകണമെന്നും ഉള്ള ഗുരുവിന്റെ വാക്കുകൾ ലളിതാംബികയുടെ മനസ്സിൽ ശ്രീനാരായണ ഗുരു ഇടം നേടാൻ കാരണമായി.

• "കുട്ടികൾ എന്നും കുട്ടികൾ തന്നെ" - ഈ പ്രസ്താവനയെ സാധൂകരിക്കുന്ന എന്തെല്ലാം തെളിവുകളാണ്‌ പാഠഭാഗത്തുള്ളത്‌?
- അച്ഛനും ഗുരുവും ഗഹനമായ വേദാന്തം സംസാരിക്കുമ്പോൾ കുട്ടികൾ ആശ്രമപരിസരത്ത്‌ ഓടിക്കളിക്കുകയായിരുന്നു. അച്ഛൻ വളരെ ബഹുമാനത്തോടെയാണ്‌ സംസാരിച്ചത്‌. ഗുരുവിന്റെ സന്നിധിയിൽ ആർക്കും ഒച്ചവയ്ക്കാൻ തോന്നില്ല. കുട്ടികൾ ഇതൊന്നും ശ്രദ്ധിക്കാതെ പരിസരത്തുള്ള മരക്കൊമ്പുകളിലും പൊന്തകളിലും ഇരിക്കുന്ന കിളികളെയും അണ്ണാനെയും നോക്കി രസിച്ചു. തുമ്പികളെ നിരീക്ഷിച്ചു. ഒരു മാവിന്റെ ചില്ലയിലിരുന്ന പച്ചക്കിളിയുടെ പിന്നാലെ ഓടി. മടക്കയാത്രക്കുമുമ്പ്‌ ഗുരുദേവൻ പറഞ്ഞ ചിറകുണ്ടാകണം, അതാണ്‌ മിടുക്ക്‌ എന്ന വാക്കുകളുടെ പൊരുളും അന്ന്കുഞ്ഞു ലളിതാംബികയ്ക്കു മനസ്സിലായില്ല. കുട്ടികൾ എന്നും കുട്ടികൾ തന്നെ.

• നാരായണ ഗുരുദേവനും ലളിതാംബിക അന്തർജനവും തമ്മിൽ നടന്ന സംഭാഷണം എന്തായിരുന്നു? നിങ്ങളുടെ വാക്യത്തിൽ അത്‌ മറ്റൊരാളോടു പറയൂ.
ശ്രീനാരായണഗുരു ലളിതാംബികയെ അടുത്ത്‌ വിളിച്ചു പച്ചക്കിളിയെ കിട്ടിയോ എന്ന്‌ ചോദിച്ചു. കിട്ടിയില്ല, അത്‌ പറന്നുപോയി എന്ന്‌ ലളിതാംബിക മറുപടി നല്‍കിയപ്പോൾ അതിന്റെ കൂടെപ്പറക്കണം എന്ന്‌ ഗുരു പറഞ്ഞു. കുടെപ്പറക്കാൻ തനിക്കു ചിറകുകളില്ലല്ലോ എന്ന്‌ ലളിതാംബിക സംശയം പ്രകടിപ്പിച്ചപ്പോൾ, ചിറകുണ്ടാവണം അതാണ്‌ മിടുക്ക്‌ എന്ന്‌ ഗുരുദേവൻ മറുപടി നല്‍കി.
വിശദീകരിക്കാം

• ''ചിറകുണ്ടാകണം അതാണ്‌ മിടുക്ക്‌ "- ഇതുകേട്ടപ്പോൾ കുട്ടയായിരുന്ന ലളിതാംബിക അന്തർജനം വിചാരിച്ചത്‌ എന്തായിരിക്കും? വളർന്നപ്പോൾ അവർ തിരിച്ചറിഞ്ഞത്‌ എന്തായിരിക്കും?
- കുട്ടിയായിരിക്കുമ്പോൾ മനുഷ്യന്‌ ചിറകില്ലല്ലോ പിന്നെയെങ്ങനെ പറക്കും എന്ന വാക്യത്തിലെ കേവലാർഥം മാത്രമാണ്‌ കുട്ടിയായ ലളിതാംബിക ചിന്തിച്ചത്‌. വളർന്നതോടെയാണ്‌ “ചിറക്‌” എന്ന ഗുരു വചനത്തിന്റെ പൊരുൾ ഉന്നതിയിലേക്ക്‌ സഞ്ചരിക്കാനുള്ള ഉപാധിയാണെന്ന് ലളിതാംബികയ്ക്ക് മനസ്സിലായത്. ഇതോടെ  ചിറകുണ്ടാവേണ്ടത്‌ മനസ്സിനാണ്‌ എന്ന തിരിച്ചറിവ് അവർക്ക് കൈവരുന്നു.

• ''നല്ല ആളുകൾ എവിടെച്ചെന്നാലും അവിടം നന്നാവുമല്ലോ" അച്ഛന്റെ ഈ വാക്കുകളിൽ എന്തെല്ലാം ആശയങ്ങൾ അടങ്ങിയിരിക്കുന്നു?
“മുല്ലപ്പുമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം” എന്ന പഴഞ്ചൊല്ലിലെ ആശയംതന്നെയാണിവിടെ. വിളക്കുള്ളിടത്ത്‌ പ്രകാശം പരക്കുന്നതുപോലെ ഒരാളിലെ നന്മ മറ്റുള്ളവരിലേക്കും പടരും. വാക്കും പ്രവൃത്തിയും ചിന്തയും കൊണ്ട്‌ അവർ ഏതു പ്രതികൂല സാഹചര്യത്തെയും അനായാസം നേരിടുന്നവരായിരിക്കും. അത്തരത്തിലുള്ള സജ്ജനങ്ങൾ എവിടെച്ചെന്നാലും അവിടെ മാറ്റങ്ങൾ സംഭവിക്കും. അവിടം നന്നാവുകയും ചെയ്യും. 

• "പച്ചക്കിളി ഇപ്പോഴും വിദൂരതയിൽത്തന്നെ'' - ഈ പ്രസ്താവനയിലൂടെ ലളിതാംബിക സൂചിപ്പിക്കുന്നത്‌ എന്തായിരിക്കാം?
നമ്മുടെ മനസ്സിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാമോഹങ്ങളെയാണ്‌ “പച്ചക്കിളി' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അടുക്കുന്തോറും അത് അകന്നകന്നു പോയ്ക്കൊണ്ടിരിക്കും. നാം അതിനു പിന്നാലെ സഞ്ചരിച്ചുകൊണ്ടുമിരിക്കും. “പച്ചക്കിളി ഇപ്പോഴും വിദൂരതയിൽത്തന്നെ”എന്ന പ്രസ്താവനയിലൂടെ ലളിതാംബിക അന്തർജ്ജനം സുചിപ്പിക്കുന്നത്‌ ഇതാണ്‌.

വാക്യം മാറ്റിയെഴുതാം 

• "രമ്യഭൂഭാഗ ഭംഗികൾ മയക്കും ആരെയും "
ഈ വാക്യം ഏതെല്ലാം രീതിയിൽ മാറ്റിയെഴുതാം? വ്യത്യാസം ചർച്ച ചെയ്യുക.
- വാച്യർഥത്തിൽ നിന്ന്‌ ബിംബാത്മകമായ അർഥധ്വനിയിലേക്കുള്ള വികാസം, വാക്കുകൾ മാറുന്നില്ല. വായിക്കുന്ന മനസ്സാണ്‌ മാറുന്നത്‌.
1. രമ്യഭൂഭാഗ ഭംഗികൾ മയക്കും ആരെയും.
ഈ വാക്യഘടനയിൽ മയക്കും എന്നതിനാണ് ഊന്നൽ നൽകിയിരിക്കുന്നത്.
2. രമ്യഭൂഭാഗ ഭംഗികൾ ആരെയും മയക്കും.
ഇവിടെ രമ്യഭൂഭാഗ ഭംഗികൾ കാണുന്നവർ ആരായാലും അതിൽ മയങ്ങിപ്പോകും എന്നാണർഥം. കാണുന്നവർക്കാണ് ഇതിൽ പ്രാധാന്യം 
3. ആരും രമ്യഭൂഭാഗഭംഗികളിൽ മയങ്ങിപ്പോകും
ഇവിടെ കാണുന്നവർ രമ്യഭൂഭാഗ ഭംഗികളിലാണ്‌ മയങ്ങുന്നത്‌. ഇവിടെ രമ്യഭൂഭാഗ ഭംഗികൾക്കാണ്‌ പ്രാധാന്യം.
4. മയക്കും ആരെയും രമ്യഭൂഭാഗഭംഗികൾ 
ഇവിടെയും രമൃഭൂഭാഗഭംഗികൾക്ക്‌ തന്നെയാണ്‌ പ്രാധാന്യം.
ഇങ്ങനെ വാക്യഘടനയിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആശയത്തിന്‌ മാറ്റങ്ങൾ സംഭവിക്കുന്നില്ല. സന്ദർഭത്തിന്റെ പ്രത്യേകത അനുസരിച്ച്‌ ഓരോന്നിലും ഊന്നലുകൾ മാറിക്കൊണ്ടിരിക്കുന്നതായി നമുക്ക്‌ മനസ്സിലാക്കാം.

യാത്രാസ്മരണകൾ 

• ലളിതാംബിക അന്തർജനവും എസ്‌. കെ. പൊറ്റെക്കാട്ടും ഗാന്ധിജിയെ കണ്ട അനുഭവങ്ങൾ വ്യത്യാസപ്പെടുന്നത്‌ എങ്ങനെയെല്ലാം?
- കാഴ്ച അടുത്തുനിന്നും അകലെനിന്നും
- സുഖകരമായ ഓർമ 
- ആവേശകരമായ അനുഭവം 
- ഗുരുതുല്യൻ
- ആരാധനാ ഭാവം 
തികച്ചും വ്യത്യസ്തമായ ചിത്രവും അനുഭവവുമാണ്‌ ലളിതാംബികയുടെയും, എസ്‌. കെ. പൊറ്റെക്കാട്ടിന്റെയും ഗാന്ധിദർശനം നമ്മളിലുണ്ടാക്കുന്നത്. ലളിതാംബിക ഗാന്ധിജിയെ കണ്ടത് വളരെ അടുത്തുനിന്നാണ്‌. തിരക്കിട്ട ഒരു കാഴ്‌ചയായിരുന്നെങ്കിലും, ഉപഹാരം സമർപ്പിക്കുവാനും പാദത്തിൽ തൊട്ടു നമസ്കരിക്കുവാനുമുള്ള ഭാഗ്യമുണ്ടായി. അതു സുഖകരമായ ഒരോർമ്മയായി സൂക്ഷിക്കുകയാണവർ.
പൊറ്റക്കാട്‌ ഗാന്ധിജിയെ ആദ്യമായിട്ടല്ല കാണുന്നത്‌. ജനക്കൂട്ടത്തിന്റെ പിറകിൽ നിന്നുകൊണ്ടുള്ളതായിരുന്നു ഈ കാഴ്ച. ദൂരെനിന്ന്‌ ആരാധനയോടെ നോക്കിക്കാണൽ മാത്രം. പരസ്പരമുള്ള കാഴ്ചയല്ല അത്‌. കടൽത്തീരത്തിന്റെ പശ്ചാത്തലവും ആൾക്കൂട്ടവും രണ്ടിന്റെയും ഇരമ്പലും എല്ലാം ചേർന്ന ഒരനുഭൂതി ആ കാഴ്ചയിലുണ്ടായിരുന്നു.

പത്ര വാർത്ത തമ്മാറാക്കാം

• ഗാന്ധിജിയുടെ ബോംബെ സന്ദർശനം എസ്‌. കെ. പൊറ്റെക്കാട്ട വർണിച്ചതു വായിച്ചല്ലോ. ഇതൊരു പ്രതവാർത്തയായിഎഴുതിനോക്കു.
ആവേശമായി ബാപ്പുജി 
മുംബൈ: ജൂഹു കടപ്പുറത്തെ മണൽത്തരികളെ വരെ ആവേശം കൊള്ളിച്ചുകൊണ്ടു ഇന്നലെ വൈകീട്ട്‌ ഏഴുമണിക്ക്‌ ഗാന്ധിജി എത്തിച്ചേർന്നു. മണിക്കൂറുകളോളം അക്ഷമരായി കാത്തിരുന്ന നാനാജാതിമതസ്ഥരായ ആയിരങ്ങളുടെ ആർത്തിരമ്പലുകൾക്കിടയിലേക്കാണ്‌ രണ്ടു സ്ത്രീകളുടെ ചുമലുകളിൽ കൈയ്യൂന്നി, ഒരു ചെറിയ സ്ത്രീപുരുഷസംഘത്തിന്റെ അകമ്പടിയോടുകൂടി ഗാന്ധിജി കടന്നു വന്നത്‌. കണ്ടു നിന്ന ആയിരങ്ങളുടെ കണ്ണും മനസും ഒരുപോലെ നിറഞ്ഞൊഴുകുന്ന കാഴ്ചക്കാണ്‌ ഇന്നലെ ജൂഹു സാക്ഷ്യം വഹിച്ചത്‌. ആ വിഗ്രഹത്തെ ഒരു നോക്കു കാണാനായി സ്നാന വിനോദങ്ങൾക്കു വന്നവരുംപട്ടാളക്കാരും വിദേശികളുമടക്കം തിങ്ങിക്കുടിയിരുന്നു.
 
To Top