1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

Class 7 കേരള പാഠാവലി: അടയ്ക്കാ പെറുക്കുന്നവർ - ചോദ്യോത്തരങ്ങൾ

bins





സ്വപ്നങ്ങൾ വാക്കുകൾ
• വൃദ്ധസന്ന്യാസിയുടെ എന്തു മനോഭാവമാണ് ഈ പ്രവൃത്തിയിലൂടെ വെളിവാകുന്നത്? - ഉറുമ്പുകൾ കൂട്ടമായി ജീവിക്കുന്നവരാണ്, കൂട്ടമായി ആഹാരം തേടുന്നവരും. അവർ തങ്ങളുടെ കോളനിയിലെ എല്ലാവർക്കും വേണ്ടി ഭക്ഷണം ശേഖരിക്കുകയും ചെയ്യുന്നു. അതും ഇത്തിരി മാത്രം. നമ്മുടെ ഭക്ഷണത്തിലും മറ്റും കയറിക്കൂടുന്ന ഉറുമ്പുകളെ കൊല്ലുന്നത് നമുക്ക് നിസ്സാരമായിരിക്കാം. പക്ഷേ ആയിരക്കണക്കിന് ഉറുമ്പുകൾ ഒന്നിച്ചു താമസിക്കുന്ന കോളനിയിൽ നിന്ന് തീറ്റ തേടിപ്പോയവർ തിരിച്ചു വരാതിരുന്നാൽ അത് ആ കോളനിയിലെ ബാക്കിയുള്ള ഉറുമ്പുകൾക്കും കൂട്ടം തെറ്റിപ്പോയ ഉറുമ്പുകൾക്കും ദു:ഖമുണ്ടാക്കും. തിരിച്ച് കൂട്ടുകാരോടൊപ്പം ചേരുമ്പോൾ അവ വളരെയേറെ സന്തോഷിക്കും.ഉറുമ്പുകളുടെ ഈ സന്തോഷമാണ് സന്ന്യാസിയുടെ സന്തോഷം. ചെറുപ്രാണികൾക്കു പോലും പരിഗണന കൊടുക്കുന്ന മനോഭാവമാണ് സന്ന്യാസിയുടേത്.

അടയ്ക്കാ പെറുക്കുന്നവർ - പഠന പ്രവർത്തനങ്ങൾ 
സന്തോഷ് ഏച്ചിക്കാനത്തിന്റെ “നരനായും പറവയായും'' എന്ന കഥാസമാഹാരത്തിൽ നിന്നെടുത്തതാണ് അടയ്ക്ക പെറുക്കുന്നവർ എന്ന ഈ പാഠഭാഗം.

സന്തോഷ് ഏച്ചിക്കാനം

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള. മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 
ബിരിയാണി, കൊമാല, ഒറ്റവാതിൽ, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാർ, നരനായും പറവയായും, പകൽ സ്വപ്നത്തിൽ വെയിലു കായാൻ വന്ന ഒരു നരി, ശ്വാസം എന്നിവയാണ് ഏച്ചിക്കാനത്തിന്റെ പ്രധാന കൃതികൾ.
2007 ൽ നവംബർ റെയിൻ എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ടാണ് സന്തോഷ് എച്ചിക്കാനം ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. നിദ്ര, അന്നയും റസൂലും, ബാച്ചിലർ പാർട്ടി, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന്‍ എവിടെയാണ്, അബി തുടങ്ങിയ സിനിമകളുടെ തിരക്കഥാ കൃത്ത് കൂടിയാണ് സന്തോഷ് ഏച്ചിക്കാനം.

പുതിയ പദങ്ങൾ
• കരുവാറ്റ - കരിംപുള്ളി 
• ഒലക്കോട്ട് - ഉലക്ക കൊണ്ട് നെല്ലിടിച്ച് അരിയാക്കുന്ന മുറി 
• പിണി - മുറ്റവരമ്പ് 
• വിത്തൂട്ടി - വിത്ത് വലിച്ചുകൂട്ടുന്ന ഒരു നാടൻ ഉപകരണം 
• പൂമുഖം - വീടിന്റെ മുൻവശം 
 പ്രാതൽ - പ്രഭാത ഭക്ഷണം
 രൂക്ഷമായി - കഠിനമായി
• നീരസം - ഇഷ്ടക്കേട് 
• കുരച്ചിൽ - അടക്ക തല്ലിക്കൊഴിച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന ഭാഗം 
• തെല്ലിട - കുറച്ചു സമയം 
• തിരോധാനം - കാണാതാകൽ

വായിക്കാം കണ്ടെത്താം
1. ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ? അവരെ അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ ചർച്ച ചെയ്യുക. 
- അടയ്ക്ക പെറുക്കുന്നവർ എന്ന കഥയിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണുള്ളത്. ചന്ദ്രേട്ടൻ, ജഗൻ, ജഗന്റെ ഭാര്യ രേഖ. 
ചന്ദ്രേട്ടൻ: പ്രധാന കഥാപാത്രമായി മനസ്സിൽ തങ്ങിനിൽക്കുന്നത് ചന്ദ്രേട്ടൻ തന്നെയാണ്. കഠിനാധ്വാനി ആയിരുന്നു ചന്ദ്രേട്ടൻ. ജഗന്റെ മുത്തച്ഛന്റെ തോട്ടത്തിലെ പണിക്കാരനായിരുന്നു ചന്ദ്രേട്ടൻ. പ്രകൃതിയെ ജീവന് തുല്യം സ്നേഹിച്ചു ആത്മാർത്ഥതയോടെ ജോലി ചെയ്തിരുന്നു. തന്റെ അധ്വാനത്തിൽ നിന്ന് വിളഞ്ഞ അടയ്ക്കുകളിൽ നിന്ന് ഒരു കുല അടയ്ക്ക് എടുത്തതിന് മോഷ്ടാവ് എന്ന് മുദ്രകുത്തി അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കുന്നു. താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്ത മെന്നോണം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചെത്തി അതേ തോട്ടത്തിൽ പഴയതുപോലെ പണി ചെയ്ത് ഒരു കുല അടയ്ക്കയ്ക്ക് പകരം ഒരു കുന്നോളം
അടയ്ക്കുകൾ വിളയിച്ചു കൊടുക്കുന്ന ചന്ദ്രേട്ടനെയാണ് ഈ കഥയുടെ അവസാന ഭാഗത്ത് നമുക്ക് കാണാൻ കഴിയുന്നത്.
ജഗൻ: കഥയിലുടനീളം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ജഗൻ. ഈ കഥാപാത്രത്തിലൂടെയാണ് കഥാകൃത്ത് നമ്മോടു കഥ പറയുന്നത്. ജഗന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ നിന്ന് ആ കഥാപാത്രത്തിന്റെ നിഷ്കളങ്കത നമുക്ക് മനസ്സിലാക്കാം. ചെറിയ ഒരു കുറ്റത്തിന് ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ചന്ദ്രനെ അന്നും ഇന്നും ജഗൻ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു. ചന്ദ്രന്റെ വരവോടെ ജഗന്റെ മനസ്സ് വീണ്ടും കുട്ടിക്കാലത്തേക്ക് 'മടങ്ങിപ്പോകുന്നതായി നമുക്ക് കാണാം. ജഗന്റെ ഓർമ്മകളിലൂടെയാണ് ഈ കഥ പഴയകാലത്തിലേക്കു പോകുന്നത്.
രേഖ: ജഗന്റെ ഭാര്യയാണ് രേഖ. ചന്ദ്രേട്ടനെ ആദ്യാവസാനം വരെ അവൾ സംശയത്തോടെയാണ് കാണുന്നത്. ചന്ദ്രേട്ടന് എന്തോ ഉദ്ദേശ്യമുണ്ട് എന്റെ തലയ്ക്കടിച്ച് ഉള്ളതെല്ലാം വാരിക്കെട്ടി അയാൾ പോകും എന്ന് അവൾ ഉത്കണ്ഠപ്പെടുന്നു. ചന്ദ്രന്റെ തിരോധാനം അവൾക്ക് ആശ്വാസമാണ് നൽകുന്നത്. കഥാവസാനം അയാൾ മോഷ്ടിച്ചത് ഒരു കുല അടയ്ക്ക് ആയിരുന്നെന്ന് തിരിച്ചറിയുമ്പോൾ രേഖയുടെ മനസ്സിലുണ്ടാകുന്ന വിങ്ങൽ കഥാകൃത്ത് പറയാതെ പറഞ്ഞു വെയ്ക്കുന്നു.

2. ചന്ദ്രേട്ടനെക്കുറിച്ചുള്ള ജഗന്റെ ഓർമ്മകൾ എന്തെല്ലാം? അവയിൽ നിങ്ങളുടെ മനസ്സിനെ സ്പർശിച്ചതെന്ത്? 
- വർഷങ്ങൾക്ക് ശേഷം ചന്ദ്രനെ ആദ്യമായി കണ്ടപ്പോൾ ജഗന്റെ മനസ്സ് കുട്ടിക്കാലത്തെ ഓർമ്മകളിലേക്കാണ് പോയത്. വീടിന്റെ മുറ്റത്തു പുൽപ്പായയിൽ കിടന്നുറങ്ങുന്ന ചന്ദ്രൻ. നേരം വെളുക്കുമ്പോൾ തന്നെ മുത്തച്ഛനോടൊപ്പം ചന്ദ്രൻ അടയ്ക്ക പെറുക്കാൻ തോട്ടത്തിലേക്കു പോകും. മഞ്ഞുപുരണ്ട പുല്ലിലൂടെ നടക്കാൻ ഇഷ്ടമായതുകൊണ്ട് പിറകേ ജഗനും ചാടിയിറങ്ങും. കുട്ടിക്കാലത്തെ ജഗന്റെ ഓരോ സംശയങ്ങൾക്കും ചന്ദ്രേട്ടൻ മറുപടി കൊടുക്കുമായിരുന്നു. പഴുത്ത അടക്ക കൊണ്ട് ജഗന്റെ കുഞ്ഞുകവിളത്തു തഴുകുമായിരുന്നു. ഇതെല്ലാമാണ് ജഗന് ചന്ദ്രനെക്കുറിച്ചുള്ള നല്ല ഓർമ്മകൾ. ജീവിതത്തിന്റെ ഏറിയ പങ്കും താൻ അധ്വാനിച്ചു വളർത്തിയെടുത്ത കവുങ്ങിൻ തോട്ടത്തിൽ നിന്ന് ഒരു കുല അടക്ക് എടുത്തതിനു കള്ളനെന്ന പേരും, പോലീസിന്റെ ക്രൂരമർദ്ദനവും ഏറ്റുവാങ്ങി നാട് വിടേണ്ടി വന്ന ചന്ദ്രേട്ടന്റെ രൂപം ജഗന്റെ മനസ്സിലെ നീറുന്ന ഓർമ്മയാണ്.

3. “എന്തിനാണ് ചന്ദ്രൻ വീണ്ടും ഈ തോട്ടം അന്വേഷിച്ചു വന്നത്? ആലോചിച്ചിട്ട് എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല.” ജഗന്റെ ഈ ചോദ്യത്തിന് നിങ്ങൾക്ക് എന്ത് ഉത്തരം നൽകാനാവും? 
- ജീവിതത്തിന്റെ ഏറിയ പങ്കും താൻ അധ്വാനിച്ചു വളർത്തിയെടുത്ത കവുങ്ങിൻ തോട്ടത്തിൽ നിന്ന് ഒരു കുല അടയ്ക്ക് എടുത്തതിനു കള്ളനെന്ന പേരും, ക്രൂരമായ ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് ചന്ദ്രേട്ടൻ. 25 വർഷത്തിനു ശേഷമാണ് തിരിച്ചു വരുന്നത്. താൻ ജീവിതത്തിൽ അനുഭവിച്ചതിനെല്ലാം ചന്ദ്രേട്ടൻ പ്രതികാരം ചെയ്യുന്നത് സ്നേഹം കൊണ്ടാണ്. ആകെ നശിച്ചു കിടന്നിരുന്ന ആ കവുങ്ങിൻ തോട്ടത്തിൽ ഒരു പ്രതിഫലവും വാങ്ങാതെ അധ്വാനിച്ചു. ഒരു കുന്നോളം അടയ്ക്കു വിളയിച്ചു നൽകി. അങ്ങനെ ഒരു കുല അടയ്ക്ക മോഷ്ടിച്ചതിന്റെ കടം അയാൾ വീട്ടി. അയാളെ സംബന്ധിച്ചിടത്തോളം ഒരു കടം വീട്ടലോ, മധുരപ്രതികാരമോ ഒക്കെ ആയിരുന്നു അത്. ഒരു വാക്കു പോലും പറയാതെ അയാൾ പോയശേഷം മാത്രമാണ് ജഗനും ഭാര്യക്കും ചന്ദ്രേട്ടന്റെ തിരിച്ചുവരവിന്റെ കാരണം മനസ്സിലാകുന്നത്.
വിശകലനം ചെയ്യാം
1. ഈ കഥയിൽ ചന്ദ്രേട്ടന്റെ രൂപം, വേഷം, സ്വഭാവം, പെരുമാറ്റം തുടങ്ങിയവ സൂചിപ്പിക്കുന്ന പദങ്ങളും പ്രയോഗങ്ങളും ഏതെല്ലാമാണ്? അവ നിങ്ങളുടെ മനസ്സിൽ ഉണ്ടാക്കിയ ചന്ദ്രേട്ടന്റെ ചിത്രമെന്ത്?
- കയ്യിൽ ചുരുട്ടിപിടിച്ചിരിക്കുന്ന കായസഞ്ചി, മുൻ വരിയിലെ ഇളകിപ്പോയ രണ്ടു പല്ലുകൾ ഉണ്ടാക്കിയ വിടവ് കാണാവുന്ന ചിരി. മൂക്കിനു താഴെ ഇടതുവശത്തായി ഒരു കരുവാറ്റ. പുരികത്തിൽ വന്നുവീഴുന്ന കോലൻമുടി. ഒരു പാമ്പിൻപത്തിയുടെ സർവാധികാരത്തോട് കൂടി കൊത്താൻ തയാറായി നിൽക്കുന്ന മൂക്ക്. ചന്ദ്രന്റെ രൂപവും വേഷവും കഥാകൃത്ത് വിവരിക്കുന്നത് ഇങ്ങനെയെല്ലാമാണ്.
വർഷങ്ങൾക്ക് ശേഷം താൻ പണിയെടുത്തിരുന്ന കവുങ്ങിൻ തോട്ടത്തിലേക്ക് തിരിച്ചു വന്നതാണ് ചന്ദ്രേട്ടൻ, ഒരു തീക്ഷണമായ നോട്ടം കൊണ്ടാണ് ആ തോട്ടം അലങ്കോലമായി കിടക്കുന്നതിലുള്ള ദേഷ്യവും നിരാശയും ചന്ദ്രൻ പ്രകടിപ്പിക്കുന്നത്.
പഴയപോലെ ഒലക്കോട്ടിൽ പായ വിരിച്ചാണ് അയാൾ കിടന്നിരുന്നത്. ഇത് വരെ എവിടെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയാതെ ചന്ദ്രൻ വീണ്ടും പണിയായുധങ്ങളുമായി ആ തോട്ടത്തിലേക്ക് ഇറങ്ങുകയാണ്. അൽപനാളത്തെ അധ്വാനം കൊണ്ട് തോട്ടത്തിനെ പഴയകാല പ്രതാപത്തിലേക്ക് അയാൾ മടക്കികൊണ്ടുവരുന്നു. ശേഷം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ആരോടും ഒന്നും പറയാതെ അപ്രത്യക്ഷനാകുകയാണ്. ഇതിൽ നിന്നെല്ലാം നമ്മുടെ മനസിൽ രൂപപ്പെട്ടുവരുന്ന വരുന്നത് കഠിനാധ്വാനിയായ, ആരോടും അധികം സംസാരിക്കാത്ത പ്രകൃതമുള്ള, പ്രകൃതി സ്നേഹിയായ, നിസ്വാർത്ഥനായ, ഉള്ളിലെ വേദനകളൊന്നും പുറത്തു കാണിക്കാത്ത, ആരോടും ഒരു വിരോധവും ഉള്ളിൽ ബാക്കി വെക്കാത്ത ഒരു ചന്ദ്രേട്ടന്റെ ചിത്രമാണ്.

2. ജഗന്റെ ഓർമ്മയിലെ വീടും തോട്ടവും ജീവിത രീതിയും, നാടുവിട്ടോപ്പോയ ചന്ദ്രേട്ടൻ തിരിച്ചെത്തിയ സമയത്തെ വീടും തോട്ടവും ജീവിതരീതിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം? 
- ജഗന്റെ ഓർമയിൽ സമ്പദ് സമൃദ്ധമായിരുന്നു തറവാട്. അധികാരവും ആൾബലവുമുള്ള കർഷക കുടുംബം. സജീവമായിരുന്ന നെല്ലുകുത്തിപ്പുര,
കുത്തരിയുടെ മണം, നെൽകൃഷി, അടയ്ക്കാ കൃഷി, കിണറും കുളവും മെഷീൻ പുരയുമെല്ലാമുള്ള കുട്ടിക്കാലം ജഗന്റെ ഓർമയിലെ പ്രതാപകാലമാണ്. എന്നാൽ ഇരുപത്തിയഞ്ചുവർഷങ്ങൾക്കു ശേഷം തറവാടും തോട്ടവും കിണറും മെഷീൻപുരയും കാടുകയറിയും പായൽ പിടിച്ചും തുരുമ്പടുത്തും നാശത്തിന്റെ വക്കിലെത്തി. ഭാഗം കിട്ടിയ തോട്ടം തിരക്കി നിടയിൽ ശ്രദ്ധിക്കാൻ ജഗന് കഴിഞ്ഞില്ല. കവുങ്ങുകൾ മിക്കതും മണ്ടപോയും വെട്ടിയുമൊക്കെ ഇല്ലാതായിക്കൊണ്ടിരുന്നു. കൃഷിയിൽ താൽപ്പര്യം കുറവായ അയാൾ മണ്ണിന്റെ മണവും നനവും ഉപേക്ഷിച്ച് പുസ്തകക്കച്ചവടത്തിലേക്ക് മാറി. അങ്ങനെ തോട്ടവും പരിസരവും കാടുകയറി.
ഈ സമയത്താണ് ചന്ദ്രേട്ടന്റെ തിരിച്ചു വരവ്.

3. ചന്ദ്രേട്ടന്റെ നിരവധി ശീലങ്ങൾ ഈ കഥയിൽ വ്യക്തമാവുന്നുണ്ട്. അവയിൽ
ഏതെല്ലാമാണ് നിങ്ങൾക്ക് അനുകരണീയമായി തോന്നുന്നത്? എന്തുകൊണ്ട്? 
- നേരം വെളുക്കുമ്പോൾ തന്നെ ഉണർന്നു തോട്ടത്തിൽ ജോലി നോക്കുന്ന ചന്ദ്രേട്ടൻ ഉറക്കത്തിൽ പോലും വിളകളെക്കുറിച്ച് ശ്രദ്ധാലുവായിരുന്നു. വവ്വാലുകളുടെ ഒച്ചയും, കാറ്റിൽ കവുങ്ങിൻ പട്ട വീഴുന്ന ശബ്ദവും അയാളെ ഉണർത്തി. ഒരു കുല അടയ്ക്ക മോഷ്ടിച്ചതിന്റെ പേരിൽ തന്നെ ക്രൂരമായി ശിക്ഷിച്ചവരോട് ഒരു പകയും ചന്ദ്രേട്ടന് ഇല്ല. താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം എന്ന പോലെ ഇരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം ഒരു കുന്ന് അടയ്ക്ക ജഗന് വിളയിച്ചു നൽകുകയാണ് ചന്ദ്രേട്ടൻ. എന്നിട്ട് ഒരു പ്രതിഫലവും കൈപ്പറ്റാതെ പോകുന്നു. സ്നേഹം കൊണ്ടും പ്രതികാരം ചെയ്യാമെന്ന് നമ്മെ പഠിപ്പിക്കുകയാണ് ചന്ദ്രേട്ടൻ. ചന്ദ്രേട്ടന്റെ അധ്വാനശീലം, പ്രകൃതിസ്നേഹം, നിസ്വാർത്ഥത, സ്നേഹം, മനഃശുദ്ധി, ക്ഷമിക്കാനുള്ള മനസ്സ് ഇതെല്ലാം ഈ കഥയിലുടനീളം നമുക്ക് കാണാം. ഇവയെല്ലാം തന്നെ നാം ഓരോരുത്തരും ജീവിതത്തിൽ അനുകരിക്കേണ്ടതാണ്.

അന്നും ഇന്നും 
 ഈ കഥയിൽ പഴയകാലവും പുതിയ കാലവും കടന്നുവരുന്നുണ്ട്. ഏതെല്ലാം സൂചനകളിലൂടെയാണ് ഈ രണ്ടു കാലങ്ങളെയും അവതരിപ്പിക്കുന്നത്? കുറിപ്പ് തയാറാക്കുക.
- കഥയുടെ ആരംഭത്തിൽ ജഗനെ ആധുനിക കാലത്തിന്റെ പ്രതിനിധിയായാണ് അവതരിപ്പിക്കുന്നത്. ഇറേസർ കൊണ്ട് ഷേവിങ് ക്രീം വലിച്ചുമാറ്റി വാഷ്ബേസിനിലിട്ടു അതിനുമേൽ വെള്ളം ശക്തിയായി വീഴ്ത്തി ടവ്വലിൽ മുഖം പൊതിഞ്ഞ് പൂമുഖത്തേക്കു നടക്കുന്ന ജഗൻ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. കൃഷി ജോലി മറന്ന് പുസ്തകക്കച്ചവട രംഗത്തേക്ക് വരുന്ന ജഗൻ സാമ്പത്തിക നഷ്ടം സംഭവിച്ച് നെട്ടോട്ടമോടുന്ന പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. ഇത്ര താമസിച്ചപ്പോഴേക്കും ഓഫീസിൽ നിന്നും വിളി വന്നു എന്ന വാക്യത്തിലും രാത്രി തിരിച്ചെത്തി കാർ പോർച്ചിൽ കയറ്റുന്ന ജഗനെക്കുറിച്ചുള്ള പരാമർശത്തിലും പുതു തലമുറയുടെ തിരക്കേറിയ ജീവിതം വായിച്ചെടുക്കാം. നിങ്ങളില്ലാത്ത നേരത്ത് എന്റെ തലയ്ക്കടിച്ച് ഉള്ളതൊക്കെ വാരിക്കെട്ടി മൂപ്പര് ഒരു പോക്കു പോകും എന്നുപറയുന്ന രേഖയും ആധുനികതയുടെ പ്രതീകമാണ്. പുലർച്ചയ്ക്ക് തോട്ടത്തിലേക്ക് ചന്ദ്രൻ എന്ന വേലക്കാരനെയും കൂട്ടിപ്പോകുന്ന മുത്തച്ഛൻ,അവർക്കു പിന്നാലെ കുട്ടിയായ ജഗനും മണ്ണിന്റെ മണവും നനവും മഞ്ഞുതുള്ളിയുടെ കുളിർമയും മഞ്ഞിൽ കഴുകിയെടുത്ത ഉള്ളംകാലിൽ പറ്റിയ തൊട്ടാവാടിയുടെ വിത്തും കാലിൽ കയറിക്കൂടുന്ന കുഞ്ഞുറുമ്പും എല്ലാം പഴയ കാലത്തിന്റെ ഓർമകളാണ്. അധ്വാനശീലവും സമർപ്പണ മനോഭാവവും പഴയ തലമുറയുടെതാണ്. ചന്ദ്രേട്ടനെപ്പോലുള്ളവർ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു.

അർഥതലങ്ങൾ കണ്ടെത്താം 
 "അപ്പോൾ ഇരുളിൽ നിന്ന് ഒരു തേങ്ങൽ കേട്ടു." ആരുടെ തേങ്ങലാവാമത്? ആ തേങ്ങലിന് പിന്നിലുള്ള വികാരങ്ങൾ എന്തൊക്കെയാവും?
- ആ തേങ്ങൽ ചന്ദ്രേട്ടന്റേതാവാം. തന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം അയാളെ എന്നും വേദനിപ്പിച്ചിട്ടുണ്ടാവാം. തന്നെ ജഗൻ മനസ്സിലാക്കിയിരുന്നു എന്ന ആശ്വാസത്തിൽ നിന്നും മോഷ്ടാവെന്ന പേര് മായ്ച്ചു കളയാനുള്ള തന്റെ ശ്രമം ഫലം കണ്ടതിന്റെ സംതൃപ്തിയിൽ നിന്നും ഉയർന്ന തേങ്ങലാവാമത്.
രേഖയുടെ തേങ്ങലുമാകാം അത്. തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരു വഴി തുറന്നു തന്ന ആളാണ് ചന്ദ്രേട്ടൻ. അയാളെ ഇത്രയും നാൾ ഒരു കള്ളനായി താൻ കണ്ടത് ഒരു കുല അടയ്ക്ക് മോഷ്ടിച്ചതിനാണല്ലോ എന്ന കുറ്റബോധം രേഖക്കുണ്ടായിക്കാണും. ചന്ദ്രേട്ടനോട് ഒരു നന്ദിവാക്കു പോലും അവൾ പറഞ്ഞിരുന്നില്ല. ആ വേദനയിൽ നിന്നുയർന്ന രേഖയുടെ തേങ്ങാലാവാം അത്.

ജഗന്റെ ഡയറി 
 ചന്ദ്രേട്ടൻ മർദ്ദനത്തിനിരയായ ദിവസം ജഗൻ എഴുതാനിടയുള്ള ഡയറി എന്താവാം? എഴുതി നോക്കൂ. 
1995 ആഗസ്റ്റ് 08
ഇന്ന് കണ്ട കാഴ്ചകൾ ജീവിതത്തിലൊരിക്കലും എനിക്ക് മറാക്കാനാവില്ല. എന്തിനാണ് രാജൻ പോലീസ് ചന്ദ്രേട്ടനെ ക്രൂരമായി മർദ്ദിച്ചത്? ശരിയ്ക്കും ചന്ദ്രേട്ടൻ മോഷ്ടിച്ചിട്ടുണ്ടാവുമോ? ചന്ദ്രേട്ടൻ എനിക്ക് എന്തുമാത്രം കഥ പറഞ്ഞു തന്നിട്ടുണ്ട്. എത്രമാത്രം അത്ഭുത കാഴ്ചകൾ കാണിച്ചുതന്നിട്ടുണ്ട്. എന്റെ ചന്ദ്രേട്ടൻ ഒരിക്കലും മോഷ്ടിക്കില്ല എനിക്കറിയാം. രാജൻ പോലീസ് ദുഷ്ടനാണ് കവുങ്ങിൻ കുരച്ചിൽകൊണ്ട് തലങ്ങും വിലങ്ങും തല്ലി വസ്ത്രം പോലും നഷ്ടപ്പെട്ട് നാണം മറയ്ക്കാൻ പാടുപെടുന്ന വേദനയിൽപിടഞ്ഞ ചന്ദ്രേട്ടന്റെ നിലവിളി, ദയനീയ രൂപം എനിക്ക് മറക്കാൻ കഴിയുന്നില്ല.

വാക്കിന്റെ ഭംഗി 
 “കുത്തരിയുടെ മണമുള്ള തേയ്ക്കാത്ത മുറി" കഥയിലെ ഈ പ്രയോഗം ശ്രദ്ധിക്കു. 
മുറി, 
തേയ്ക്കാത്ത മുറി, 
മണമുള്ള തേയ്ക്കാത്ത മുറി, 
കുത്തരിയുടെ മണമുള്ള തേയ്ക്കാത്ത മുറി. 
ഓരോ വിശേഷണം ചേരുമ്പോഴും 'മുറി' എന്ന വാക്കിന് വികാസമുണ്ടാവുന്നത് എങ്ങനെ? ചർച്ചചെയ്യുക. '
- മുറി' എന്ന വാക്കു മാത്രം ഉപയോഗിക്കുമ്പോൾ പൂർണമായ ഒരു ചിത്രം വായനക്കാരന്റെ മനസ്സിൽ ഉണ്ടാകുന്നില്ല. ഓരോ വിശേഷണങ്ങൾ 'മുറി' എന്ന പദത്തിനോടൊപ്പം കൂട്ടിച്ചേർക്കുമ്പോൾ ആ പദത്തിന് അർത്ഥവ്യാപ്തി ലഭിക്കുന്നു. 'തേയ്ക്കാത്ത മുറി' എന്ന് പറയുമ്പോൾ ആ മുറി എങ്ങനെയുള്ളതാണ് എന്ന് നമുക്ക് മനസ്സിലാകുന്നു. 'മണമുള്ള തേയ്ക്കാത്ത മുറി' എന്ന് പറയുമ്പോൾ അല്പം കൂടി വ്യക്തത ആ മുറിയെക്കുറിച്ചു നമുക്ക് ലഭിക്കുന്നു. എന്ത് മണമാണ് ആ മുറിക്കുള്ളത് എന്ന നമ്മുടെ മനസ്സിൽ ഉയരാവുന്ന ചോദ്യം 'കുത്തരിയുടെ മണമുള്ള തേയ്ക്കാത്ത മുറി' എന്ന വിശേഷണത്തോടു കൂടി മാറികിട്ടുന്നു. ഇങ്ങനെ ഒരു വാക്ക് നമുക്ക് എത്ര വിശേഷണങ്ങൾ വേണമെങ്കിലും ചേർത്ത് കൂടുതൽ. അർത്ഥവ്യാപ്തിയുള്ളതാക്കാം.

 ചന്ദ്രൻ, കുളം, തോട്ടം, അടയ്ക്ക എന്നിവയ്ക്ക് കഥയിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ നൽകിയ വിശേഷണങ്ങൾ കണ്ടെത്തുക. 
ചന്ദ്രൻ: 
പിടികിട്ടാപ്പുള്ളി ചന്ദ്രൻ 
ചന്ദ്രൻ എന്ന വേലക്കാരൻ 
എന്നേക്കാൾ പത്തുവയസ്സിനു മുപ്പുള്ള ചന്ദ്രേട്ടൻ 
കോഴിക്കൂടിനു പുറത്തു പായവിരിച്ചു ഉറങ്ങിക്കിടക്കുന്ന ചന്ദ്രേട്ടൻ 
തോട്ടം: 
അടയ്ക്കാ തോട്ടം 
വവ്വാലുകളുടെ ഒച്ച ഉയരുന്ന തോട്ടം 
പച്ചപ്പുല്ലിൽ മഞ്ഞുത്തുള്ളികൾ നിറഞ്ഞ തോട്ടം 
വിളവെടുക്കാൻ പാകത്തിൽ പഴുത്ത അടയ്ക്കുകൾ ചുവന്നുകത്തിക്കിടക്കുന്ന തോട്ടം അടയ്ക്ക: 
പഴുത്ത അടയ്ക് 
ഒരു കുല അടയ്ക്ക 
തീപോലെ ചുവന്ന അടയ്ക്ക 
വിളവെടുക്കാൻ പാകത്തിൽ ചുവന്നു കത്തിക്കിടക്കുന്ന അടയ്ക്ക.

കഥ പറയും രീതി - സെമിനാർ 
 രചനാരീതി ഈ കഥയെ എത്രമാത്രം ആകർഷകമാക്കുന്നു?താഴെ കൊടുത്തിരിക്കുന്ന സൂചനകൾ പരിഗണിച്ച് പ്രബന്ധം തയാറാക്കി ക്ലാസിൽ നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കൂ.
+ കഥ പറയുന്ന ആൾ 
+ കഥയുടെ തുടക്കവും ഒടുക്കവും 
+ കഥാപാത്രങ്ങളുടെ അവതരണം 
+ പദങ്ങളും പ്രയോഗങ്ങളും
- രണ്ടു കാലഘട്ടങ്ങളെ കോർത്തിണക്കിയ ഹൃദ്യമായൊരു കഥയാണ് അടയ്ക്ക പെറുക്കുന്നവർ. കഥാകൃത്തു തന്നെ കഥ പറയുന്ന രീതി യിലാണ് കഥയുടെ രചന. കഥ പറയുന്നയാൾ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. അയാളുടെ ഓർമ്മകളിലൂടെ പഴയകാല കേരളീയജീവിതം, ചന്ദ്രേട്ടന്റെ പൂർവകാലം, പഴയ തറവാട്, കാർഷിക ജീവിതം എല്ലാം കഥയിൽ ഇതൾ വിരിയുന്നു. ഇരുപത്തിയഞ്ചു വർഷംമുമ്പ് നാടുവിട്ടു പോയ ചന്ദ്രേട്ടന്റെ തിരിച്ചു വരവോടെ കഥയാരംഭിക്കുന്നു. ചന്ദ്രേട്ടന്റെ തിരോധാനത്തോടെ കഥ അവസാനിക്കുന്നു. ചന്ദ്രേട്ടനെ ക്കുറിച്ചുള്ള വിവരങ്ങൾ ജഗന്റെ ഓർമ്മകളിലൂടെ മനസ്സിലാക്കാം. എന്നാൽ തിരിച്ചുവന്നതിന്റെ
ഉദ്ദേശ്യം കഥയുടെ അവസാനം മനസ്സിലാക്കാം. കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ നിലനിർത്തുന്ന കഥ.
പ്രധാനമായും മൂന്നു കഥാപാത്രങ്ങളാണ് ഉള്ളത്. ചന്ദ്രേട്ടൻ, ജഗൻ, രേഖ. കഥയിൽ മിന്നിമറയുന്ന കഥാപാത്രങ്ങളാണ് രാജൻ പോലീസും മുത്തച്ഛനും, ജഗനും ഭാര്യയും പുതിയ കാലത്തിന്റെ പ്രതിനിധികളാണ്. ജഗൻ പോയ കാലത്തിന്റെ നന്മ മനസ്സിൽ സൂക്ഷിക്കുന്നു. ആരെയും അധികം വിശ്വസിക്കാത്ത കഥാപാത്രമാണ് രേഖ. ചന്ദ്രേട്ടൻ ആത്മാർഥതയുള്ളവനും കഠിനാധ്വാനിയുമാണ്. പ്രകൃതിയും ഈ കഥയിൽ പശ്ചാത്തലമാവുന്നു. ഒരു കുല അടയ്ക്കക്കു പകരമായി ഒരു കുന്ന് അടയ്ക്കു നൽകാൻ ചന്ദ്രേട്ടന് കൂട്ടായി പ്രകൃതിയെയും നമുക്ക് കാണാൻ സാധിക്കും. വളരെക്കുറച്ചു വാക്കുകളേ കഥയിലുളളൂവെങ്കിലും ഓരോ വാക്കും വലിയൊരു ആശയലോകം തന്നെ തുറന്നുതരുന്നു. ഓരോ വായനയിലും പുതിയ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ കഴിയുന്നു.
പുതിയ തലമുറയ്ക്ക് അപരിചിതമായ ഒരു കാലത്തിലേക്ക് ഈ കഥയിലെ ചില വാക്കുകളും പ്രയോഗങ്ങളും വായനക്കാരനെ കൊണ്ടുപോകുന്നു. ധാരാളം നാടൻ പ്രയോഗങ്ങളും ഈ കഥയിൽ കാണാം. ഗ്രാമീണമായ സംഭാഷണ രീതി കഥയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നു.
To Top