അഴീക്കോട് സംസാരിക്കുന്നു - പഠന പ്രവർത്തനങ്ങൾ
കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാര്‍ അഴിക്കോട് (മേയ് 12 ,1926 ജനുവരി 24, 2012 ). പ്രൈമറിതലം മുതല്‍ സര്‍വ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവാണ്. കേന്ദ്രകേരള സാഹിത്യ അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയന്‍, ഗവേഷകന്‍, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. കൂടുതൽ വിവരങ്ങൾ ഈ പേജിന്റെ അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്.
വായിക്കാം കണ്ടെത്താം
• “ആ ദർശനം അവിസ്മരണീയമായ ഒരനുഭവമാണ്; ആ ചടങ്ങും. എനിക്ക് എന്തെന്നില്ലാത്ത ചാരിതാർഥ്യം തോന്നുന്നു.” സുകുമാർ അഴീക്കോടിന് അഭിമാനം കലർന്ന സംതൃപ്തിയുണ്ടാക്കിയ അനുഭവം ഏത്? എന്തുകൊണ്ട്?
- മദിരാശിയിലെ രാജാജി ഹാളിൽ വച്ച് മാർപാപ്പ മറ്റു മതക്കാരെ കാണുന്ന സമയത്തു ക്യതജ്ഞത പറയാനുള്ള അവസരം ലഭിക്കുന്നത് സുകുമാർ അഴിക്കോടിനായിരുന്നു. അദ്ദേഹം ഇംഗ്ലീഷിൽ പ്രസംഗം എഴുതി വായിക്കുകയായിരുന്നു. കൃതജ്ഞത കഴിഞ്ഞ ഉടൻ തന്നെ മാർപാപ്പ സുകുമാർ അഴിക്കോടിന് കൈകൊടുക്കുന്നു. ആ പുരോഹിതന്റെ വിനയം, ദർശനം ഇവയെല്ലാം സുകുമാർ അഴിക്കോടിന് എന്തെന്നില്ലാത്ത ചാരിതാർഥ്യം പകർന്നു. ഈ അനുഭവം അദ്ദേഹത്തിൽ അഭിമാനം കലർന്ന സംത്യപ്തി ഉണ്ടാക്കുന്നു.
• മികച്ച പ്രസംഗകനാവാൻ എന്തൊക്കെ വേണമെന്നാണ് സുകുമാർ അഴീക്കോട് അഭിപ്രായപ്പെടുന്നത്?
- പ്രസംഗകലയിൽ ജന്മസിദ്ധമായ കഴിവ് ഉണ്ടാകണമെന്നും കലാകാരന്റെ ആത്മാർത്ഥതയാണ് അവിടെ പ്രദാനമെന്നും അഴിക്കോട് പറയുന്നു. പ്രസംഗകന് ഉറച്ച ശബ്ദവും ആത്മവിശ്വാസത്തോടെയുള്ള വാക്കുകളും ആവശ്യമാണ്. ശ്രോതാവിനെ പ്രചോദിപ്പിക്കുന്നതാകണം പ്രസംഗകന്റെ വാക്കുകൾ. സ്വന്തം
ആശയങ്ങൾ ശ്രോതാവിനെ അടിച്ചേൽപ്പിക്കുകയാകരുത് ഒരു പ്രസംഗകൻ. ഇതെല്ലാമാണ് മികച്ച പ്രസംഗകനാകാൻ വേണ്ട ഗുണങ്ങൾ എന്ന് അഴിക്കോട് പറയുന്നു.
വിശകലനം ചെയ്യാം.
• ഒരു പ്രസംഗകൻ എന്ന നിലയിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെ സുകുമാർ അഴീക്കോട് എങ്ങനെയാണ് വിലയിരുത്തുന്നത്?
- പ്രൊഫ. മുണ്ടശ്ശേരി നമ്മുടെ നാട്ടിലെ ഉജ്ജ്വല വാഗ്മികളിൽ ഒരാളായതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ വ്യക്തിത്വവും ആത്മാർഥതയുമാണെന്ന് സുകുമാർ അഴീക്കോട് കരുതുന്നു. പ്രസംഗത്തിനു വേണ്ടതായ നേരിയ നർമ്മരസം മുണ്ടശ്ശേരിയിൽ കാണില്ല. ഗദ്യമോ പദ്യമോ ഉദ്ധരിക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ഭാവനയുടെ അംശം പോലും മുണ്ടശ്ശേരിയുടെ പ്രസംഗത്തിൽ ഉണ്ടാവാറില്ല. ഇതൊക്കെയായിട്ടും പ്രസംഗവേദികളിൽ അദ്ദേഹം അധൃഷ്യനായി നിന്നു. പേമാരിപോലെ ആ വാഗ്ധോരണി കോരിച്ചൊരിയുകയായിരുന്നു. അതിനു പിന്നിലെ ശക്തി ആത്മാർഥതയാണ്.
• “വലിയ സദസ്സുകളിലെ പ്രസംഗത്തേക്കാൾ ചെറിയ സദസ്സിലെ സംസാരത്തിനല്ലേ കൂടുതൽ പ്രസക്തി” എന്ന അഭിപ്രായത്തെ സുകുമാർ അഴീക്കോട് അംഗീകരിക്കുകയാണോ നിഷേധിക്കുകയാണോ ചെയ്തത് ? എങ്ങനെ?
- ഈ അഭിപ്രായത്തോട് അഴീക്കോട് യോജിക്കുന്നില്ല. ആശയപ്രചാരണവും, ആശയസംവാദവും കൂടുതൽ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അതിനു വലിയ സദസ്സുകളാണ് അഭികാമ്യം. ശങ്കരാചാര്യർ പണ്ഡിതന്മാരോടും ശിഷ്യരോടും മാത്രമേ സംസാരിച്ചിരുന്നുള്ളൂ. വാതിലടച്ച്, തികച്ചും പരിമിതമായ ആളുകളോട് സംവദിക്കുന്ന ഈ രീതിയിൽ ആശയപ്രചരണം നടക്കുന്നില്ല, ആശയസംവാദമേ ആകുന്നുള്ളു. ക്രിസ്തുവോ, ബുദ്ധനോ ഗാന്ധിയോ മുഹമ്മദോ അങ്ങനെയായിരുന്നില്ല. അവർ മുക്കുവരും അക്രമികളും അടങ്ങിയ വലിയോരു ജനസമൂഹത്തോടാണ് സംസാരിച്ചത്. അവരിലാണ് ഒരു പ്രാസംഗികന്റെ വാക്കുകൾ ചലനമുണ്ടാക്കേണ്ടത്. അതാണ് ഒരു യഥാർഥ പ്രസംഗകന്റെ കടമ. ഈ മഹാപ്രപഞ്ചം പോലെ തുറന്നതും വിശാലവും പ്രകാശപൂർണവുമാവണം യഥാർത്ഥ പ്രസംഗം എന്ന് അഴീക്കോട് പറയുന്നു.
• കലാകാരൻ ഒരു പ്രത്യേക മനുഷ്യനല്ല. എല്ലാ മനുഷ്യരിലും ഒരു കലാകാരനുണ്ട്." മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിയുന്ന രീതിയിൽ ഈ വരികളിലെ ആശയത്ത വികസിപ്പിക്കുക.
- എല്ലാ മനുഷ്യനിലും പ്രകൃതിദത്തമായ സർഗപ്രതിഭയുണ്ട്. കലാകാരനായി ആരും ജനിക്കുന്നില്ല. തന്റെ ഉള്ളിലുള്ള കഴിവുകളെ സമർപ്പണവും അധ്വാനവും കൊണ്ട് വികസിപ്പിച്ചാണ് ഓരോ കലാകാരനും ഉയരങ്ങൾ കീഴടക്കുന്നത്. നാം ഓരോരുത്തരും അവനവന്റെ ഉള്ളിലുള്ള കലാവാസനകളെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും ചെയ്താൽ അത് വികസിക്കുകയും കലയുടെ പ്രകാശനം ഉണ്ടാവുകയും ചെയ്യും.
പ്രസംഗവും പ്രസംഗകരും
• ഒരു പ്രസംഗത്തിന് എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരിക്കണമെന്നാണ് ഈ അഭിമുഖത്തിൽനിന്ന് നിങ്ങൾ കണ്ടെത്തുന്നത് ? വിശദമാക്കുക.
- ഒരു നല്ല പ്രസംഗം ആശയസംവാദവും ആശയപ്രചാരണവുമായി ചുരുങ്ങരുത്. ആത്മാർത്ഥതയും വ്യക്തിത്വ സംപ്രേക്ഷണവുമാണ് പ്രസംഗത്തിൽ ഉണ്ടാവേണ്ടത്. ഉറച്ച ശബ്ദവും ഉറച്ച വാക്കുകളും പ്രധാനമാണ്. വാക്കിന്റെ ചലനശക്തി പകർന്നുകൊടുത്ത് ശ്രോതാവിനെ പ്രചോദിപ്പിക്കാൻ ഒരു പ്രസംഗത്തിന് കഴിയണം. അല്പം നർമ്മരസം ഭാഷയിൽ കലർത്തുന്നത് പ്രസംഗത്തെ കൂടുതൽ ആസ്വാദ്യകരമാക്കും. പദ്യശകലങ്ങളോ, ഗദ്യഭാഗങ്ങളോ ഉദ്ധരിക്കുന്നതും നല്ലതാണ്. ഇവയെല്ലാം ശരിയായ അനുപാതത്തിൽ ആയാൽ പ്രസംഗം സഹിഷ്ണുതയോടെ കേട്ടിരിക്കാൻ ഒരു ശ്രോതാവിനു കഴിയും.
• ഒരു മികച്ച പ്രസംഗകന് ഉണ്ടായിരിക്കേണ്ട എന്തെല്ലാം ഗുണങ്ങൾ ഈ അഭിമുഖത്തിൽനിന്ന് നിങ്ങൾക്ക് കണ്ടെത്താനാവും?
- പ്രസംഗകലയിൽ ജന്മസിദ്ധമായ കഴിവും പരിശീലനവും പ്രധാനമാണ്. മഹാന്മാരായ പ്രാസംഗികരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ കഴിയണം. പ്രസംഗകന്റെ ആത്മാർത്ഥതയും, സംസാരിക്കുന്ന വിഷയത്തെപ്പറ്റിയുള്ള അറിവും സ്നേഹവും പ്രധാനമാണ്. പ്രസംഗത്തിൽ ആശയസംവാദത്തിനും ആശയപ്രചാരണതിനുമപ്പുറം വ്യക്തിത്വ സംപ്രേക്ഷണമാണ് നടക്കേണ്ടത്. വാക്കിന്റെ ചലനശക്തി കൊണ്ട് ശ്രോതാവിനെ പ്രചോദിപ്പിക്കണം. സ്വന്തം ആശയങ്ങൾ ഊതിവീർപ്പിക്കാനുള്ള ബലൂണായി ശ്രോതാവിനെ പ്രസംഗകൻ കാണരുത്. പ്രസംഗം സഹിഷ്ണുതയോടെ കേട്ടിരിക്കാൻ ഒരു ശ്രോതാവിനു കഴിയുന്നുണ്ടെങ്കിൽ അത് പ്രസംഗകന്റെ വിജയമാണ്.
• ശ്രോതാവ് എങ്ങനെയായിരിക്കണമെന്നാണ് സുകുമാർ അഴീക്കോടിന്റെ അഭിപ്രായം?
- സ്വന്തം ആശയങ്ങൾ ഊതിവീർപ്പിക്കാനുള്ള ബലൂണായി ശ്രോതാവിനെ പ്രസംഗകൻ കാണരുത് എന്നാണ് സുകുമാർ അഴീക്കോട് പറയുന്നത്. സഹിഷ്ണുതയോടെ പ്രസംഗം കേട്ടിരിക്കാൻ ശ്രോതാവിനു കഴിയണം. പ്രസംഗകന്റെ ശബ്ദത്തിന്റെ ശക്തിയും, വാക്കുകളുടെ അർത്ഥവും ഉൾക്കൊണ്ടു പ്രചോദിതനാവാൻ ശ്രോതാവിനു കഴിയണം
സുകുമാർ അഴിക്കോട് - കൂടുതൽ വിവരങ്ങൾ
സെന്റ് ആഗ്‌നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനായി 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട് ജനിച്ചു.
സെന്റ് ആഗ്‌നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനായി 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട് ജനിച്ചു. അച്ഛന്‍ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്‌കൂള്‍ , ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1941ല്‍ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായി. കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. 1946ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്നു വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടി. കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു. തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ്ങ് കോളേജില്‍ നിന്നു അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ അഴീക്കോട് 1948ല്‍ കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
മലയാളത്തിലും സംസ്‌കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952ല്‍ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡ് ബിരുദമെടുത്തു. 1981ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്‍ മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് സെന്റ് ജോസഫ്‌സ്‌ദേവഗിരി കോളേജില്‍ മലയാളം ലക്ചററായരുന്നു. ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 197478 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോവൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ല്‍ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്രകേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും ചുമതല വഹിച്ചിട്ടുണ്ട്. 1962ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും എസ്. കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു.
അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് രാവിലെ ആറരയോടെ തൃശ്ശൂരിലെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം അവിവാഹിതനായിരുന്നു. മൃതദേഹം പിറ്റേ ദിവസം ജന്മനാടായ കണ്ണൂരിലെ പയ്യാമ്പലം കടപ്പുറം ശ്മശാനത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലന്‍, ഇ.കെ. നായനാര്‍ തുടങ്ങിയവരുടെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് സംസ്‌കരിച്ചു.