എനിക്ക് ഒരു സ്വപ്നമുണ്ട് - പഠന പ്രവർത്തനങ്ങൾ
മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ: അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രധാന നേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ. തന്റെ ആക്ടിവിസത്തിലൂടെയും പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെയും, അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ പൗരന്മാരുടെ നിയമപരമായ വേർതിരിവ് അവസാനിപ്പിക്കുന്നതിലും 1964 ലെ പൗരാവകാശ നിയമവും1965 ലെ വോട്ടവകാശ നിയമവും സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 1964 ൽ കിംഗ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ളതും പ്രചോദനാത്മകവുമായ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കളിൽ ഒരാളായി അദ്ദേഹം ഓർമിക്കപ്പെടുന്നു. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും പഠിക്കാനും ഇവിടെ ക്ലിക്കുക.
വായിക്കാം വിശദീകരിക്കാം
1. അമേരിക്കയിലെ കറുത്ത വംശജരുടെ അവസ്ഥ മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ടല്ലോ. എന്തെല്ലാമാണത്? കണ്ടെത്തി എഴുതുക.
- ഒരു നൂറ്റാണ്ട് മുൻപ് അബ്രഹാം ലിങ്കൺ അടിമത്തം അവസാനിപ്പിച്ചു കൊണ്ട് വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. അടിമകളായി കഴിഞ്ഞ കറുത്തവർഗ്ഗക്കാർക്ക് ഈ പ്രഖ്യാപനം പ്രതീക്ഷയുടെ പൊൻപുലരി സമ്മാനിച്ചെങ്കിലും കറുത്തവൻ ഇന്നും സ്വാതന്ത്രനായിട്ടില്ല. വിവേചനാധികാരത്തിന്റെ ചങ്ങലയിൽ ബന്ധിതമാണ് കറുത്തവർഗ്ഗക്കാരന്റെ ജീവിതം. നൂറു വർഷം കഴിഞ്ഞിട്ടും സ്വന്തം നാട്ടിൽ നാടുകടത്തപ്പെട്ടവനെപോലെ അവൻ ചത്തതിനു തുല്യം ജീവിച്ചിരിക്കുന്ന ഈ അവസ്ഥ മാറണം. ഈ അവസ്ഥ ലോകശ്രദ്ധയിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്യുന്നു.
2. ഒറ്റയ്ക്ക് ഒരു നടത്തം നമുക്കും സാധ്യമല്ല ." - ഈ വാക്യത്തിലൂടെ മാർട്ടിൻ ലൂഥർ കിങ്ങ് ഉദ്ദേശിക്കുന്നതെന്ത്?
- കറുത്ത വർഗക്കാരും വെളുത്ത വർഗക്കാരും ഒത്തൊരുമയോടെ ജീവി ക്കുന്ന ലോകം സ്വപ്നം കണ്ട മാർട്ടിൻ പറയുന്നത് എല്ലാ വെള്ളക്കാരെയും അവിശ്വസിക്കരുത് എന്നാണ്. അനീതിക്കും അക്രമത്തിനും എതിരെ പോരാടുമ്പോൾ വെള്ളക്കാരും കൂടെ വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഒറ്റയ്ക്കൊരു പൊരുതൽ സാധ്യമല്ല എന്നും വെള്ളക്കാരോടൊപ്പം തോളോടുതോൾ ചേർന്നു വേണം നമ്മൾ സ്വാതന്ത്ര്യത്തിലേക്ക് നടക്കേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
3. “എനിക്ക് ഒരു സ്വപ്നമുണ്ട്' - മാർട്ടിൻ ലൂഥർ കിങ്ങിന്റെ സ്വപ്നങ്ങളെന്തൊക്കെ?
• മനുഷ്യരെല്ലാം സമൻമാരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം ഉൾക്കൊണ്ട് തന്റെ രാജ്യം ഒരു നാൾ ഉയിർത്തെഴുന്നേൽക്കുമെന്നു മാർട്ടിൻ ലൂഥർ കിങ്ങ് സ്വപ്നം കാണുന്നു.
• ജോർജിയയിലെ ചുവന്ന കുന്നുകളിലെ മുൻ അടിമകളുടെ മക്കളും, ഉടമകളുടെ മക്കളും ഒരു നാൾ സാഹോദര്യത്തോടെ ഇടപഴകുമെന്നു അദ്ദേഹം സ്വപ്നം കാണുന്നു.
• അനീതിക്കും അടിച്ചമർത്തലിനും പകരം മിസ്സിസിപ്പിയിൽ നീതിയുടെയും
സ്വാതന്ത്യത്തിന്റെയും പൂക്കൾ വിരിയുമെന്നു അദ്ദേഹം സ്വപ്നം കാണുന്നു.
• തന്റെ നാലുമക്കളും അവരുടെ തൊലിനിറത്തിനു പകരം സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്ന ഒരു രാഷ്ട്രത്തിൽ ജീവിക്കുന്ന നാൾ വരുമെന്ന് അദ്ദേഹം സ്വപ്നം കാണുന്നു.
• അലബാമയിലെ കറുത്ത വർഗക്കാരും വെളുത്ത വർഗക്കാരുമായ എല്ലാ കുട്ടികളും സഹോദരീസഹോദരൻമാരെപ്പോലെ കൈകോർത്തു നടക്കുന്ന നാൾ വരുമെന്ന് അദ്ദേഹം സ്വപ്നം കാണുന്നു.
4. " എന്റെ നാലു മക്കളും അവരുടെ തൊലിനിറത്തിനു പകരം സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്ന ഒരു രാഷ്ട്രത്തിൽ ജീവിക്കുന്ന നാൾ വരും." - മനുഷ്യരെ ഒന്നാക്കുന്നതിന് തടസ്സമായ എന്തെല്ലാം ഘടകങ്ങളാണ് സമൂഹത്തിൽ ഉള്ളത്? മാർട്ടിൻ ലൂഥർ കിങ്ങിന്റെ സ്വപ്നങ്ങൾ ഇപ്പോഴും പ്രസക്തമാണോ?
- വർണത്തിന്റെ പേരിൽ വിവേചനം നിലനിന്നിരുന്ന സമൂഹത്തിലാണ് മാർട്ടിൻ ലൂഥർ കിങ് ജീവിച്ചിരുന്നത്. ഇത്തരം വിവേചനങ്ങൾ ലോകത്ത് പലയിടത്തും നിലനിന്നിരുന്നു. മാർട്ടിനെപ്പോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ ഇടപെടലുകളാണ് ഇതിനെല്ലാം അറുതി വരുത്തിയത്. തന്റെ രാജ്യത്തെ എല്ലാ ജനങ്ങളും തുല്യ അവകാശങ്ങളോടെ ജീവിക്കണം എന്നതായിരുന്നു മാർട്ടിൻ ലൂഥർകിങ്ങിന്റെ സ്വപ്നം. വർണം, ജാതി, മതം, ലിംഗം, വിദ്യാഭ്യാസം, സമ്പത്ത്, തൊഴിൽ തുടങ്ങിയവ മനുഷ്യരെ ഒന്നാക്കുന്നതിന് തടസ്സമാകുന്ന ഘടകങ്ങളാണ്. അതിനാൽ ഇതൊന്നും ഒരിക്കലും അനുവദിക്കാൻ പാടില്ല. തുല്യമായ അവസരങ്ങൾ എല്ലാവര്ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.
5. ഇന്ന് ലോകത്ത് എല്ലാവരും തുല്യരാണോ? നിങ്ങളുടെ അഭിപ്രായമെന്ത്?
- പല തരത്തിലുള്ള അസമത്വങ്ങളും ഇന്ന് ലോകത്തിൽ നിലനിൽക്കു ന്നുണ്ട്. സാമ്പത്തികമായ അസമത്വം, സ്ത്രീ പുരുഷ വേർതിരിവ്, തൊഴിൽ രംഗത്തും വിദ്യാഭ്യാസരംഗത്തും നേരിടുന്ന അസമത്വം, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവ് ഇതെല്ലാം നിലനിൽക്കുന്ന കാലത്തോളം കിങ്ങിന്റെ സ്വപ്നം യാഥാർത്ഥ്യമായി എന്നൊരിക്കലും പറയാൻ കഴിയില്ല.
പ്രയോഗഭംഗി കണ്ടെത്താം
• എല്ലാ മലയോരങ്ങളിലും സ്വാതന്ത്ര്യം മുഴങ്ങട്ടെ.
• എല്ലാ മലയോരങ്ങളിലും സ്വാതന്ത്യം മുഴങ്ങണം.
മുഴങ്ങട്ടെ, മുഴങ്ങണം എന്നീ ക്രിയാരൂപങ്ങൾ സൃഷ്ടിക്കുന്ന അർഥവ്യത്യാസം കണ്ടെത്തുക.
- “മുഴങ്ങട്ടെ'' എന്ന് പറയുമ്പോൾ അത് ഒരു പ്രതീക്ഷയുടെയോ ആഹ്വാനത്തിന്റെയോ 'പ്രതീതിയാണ് ഉണ്ടാക്കുന്നത്.
- “മുഴങ്ങണം'' എന്നാവുമ്പോൾ നിർബന്ധപൂർവ്വമായ ഒരു പ്രേരണയോ ആജ്ഞയോ ആയി അത് അനുഭവപ്പെടുന്നു.
ആശയം കണ്ടെത്താം
• പ്രസംഗത്തിൽ നിന്ന് ആശയങ്ങൾ കണ്ടെത്തി കളങ്ങൾ പൂരിപ്പിക്കൂ.
|
|
|
|
|
|
|
മക്കളും ഒരു നാൾ സാഹോദര്യത്തോടെ ഇടപഴകുമെന്ന സ്വപ്നം. |
ഉപന്യാസത്തിലേക്ക്
• സുകുമാർ അഴീക്കോടുമായുള്ള അഭിമുഖത്തിൽ പ്രസംഗകനുണ്ടായിരിക്കേണ്ട ചില ഗുണങ്ങൾ നിങ്ങൾ കണ്ടെത്തിയല്ലോ. മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രസംഗത്തിൽ നിന്ന് കൂടുതൽ സവിശേഷതകൾ കണ്ടെത്തി ലഘുപന്യാസം തയാറാക്കൂ..
- പ്രസംഗത്തിൽ നടക്കുന്നത് വ്യക്തിത്വ സംപ്രേക്ഷണമാണ്. ആത്മാ വിഷ്കാരം നടത്തുന്ന കലാകാരന്റെ ആത്മാർഥതയാണ് അവിടെ പ്രധാനം. അതുപോലെ പ്രസംഗകന്റെ ഉറച്ച ശബ്ദവും വാക്കിന്റെ ശക്തിയും പ്രധാനമാണ്. വാക്കിന്റെ ചലനശക്തി കൊണ്ട് ശ്രോതാവിനെ പ്രചോദിപ്പിക്കാൻ പ്രസംഗകന് കഴിയണം എന്നെല്ലാമാണ് അഴീക്കോട് പറയുന്നത്.
മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രസംഗത്തിൽ ആത്മാർഥതയും വിവേകവും കാണാം. അദ്ദേഹത്തിന്റെ വാക്കുകൾ ഹൃദയത്തിനുള്ളിൽ നിന്ന് ഉത്ഭവിച്ചതായിരുന്നു. മാർട്ടിന് തന്റെ വാക്കുകളുടെ ശക്തികൊണ്ട് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരിൽ പ്രതീക്ഷയും ദേശീയതയും നിറയ്ക്കാനും സാധിച്ചു. ദീർഘകാലമായി അടിച്ചമർത്തപ്പെട്ട ജനതയിൽ സ്വാതന്ത്ര്യബോധം ഉണ്ടാക്കാൻ കഴിഞ്ഞു. ഇതെല്ലാം മാർട്ടിൻ ലൂഥർ കിങ്ങിനെ മികച്ച പ്രാസംഗികനാക്കുന്നു.
വീഡിയോ കാണാം
• മാർട്ടിൻ ലൂഥർ കിങ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോകാണാൻ ഇവിടെ ക്ലിക്കുക. വീഡിയോ കണ്ടതിനു ശേഷം പ്രസംഗം കേട്ടപ്പോഴുണ്ടായ അനുഭവവും വായിച്ചപ്പോഴുണ്ടായ അനുഭവവും താരതമ്യം ചെയ്യു. പ്രസംഗത്തിലെ ഏതെല്ലാം ഘടകങ്ങളാണ് നിങ്ങളെ ആകർഷിച്ചത്?
• ആത്മവിശ്വാസം കലർന്ന ശബ്ദം
• പ്രസംഗകന്റെ ശബ്ദനിയന്ത്രണം
• അംഗവിക്ഷേപങ്ങൾ
• നിർത്തലും, നീട്ടലും, ആവർത്തനങ്ങളും
• ശുഭാപ്തിവിശ്വാസം നിറഞ്ഞ വാക്കുകൾ
• ജനങ്ങളെ ഉദ്ബോധിപ്പിക്കാനുള്ള ശക്തി