STD 7 കേരള പാഠാവലി: ഞാറ്റുവേലപ്പൂക്കൾ - ചോദ്യോത്തരങ്ങൾ


ഞാറ്റുവേലപ്പൂക്കൾ - ചോദ്യോത്തരങ്ങൾ 
പി. ഭാസ്കരൻ: 1924 ഏപ്രിൽ 21 ന് കൊടുങ്ങല്ലൂരിലാണ് അദ്ദേഹം ജനിക്കുന്നത്. വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്‌കരൻ  1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. കവിയും എഴുത്തുകാരനും സിനിമാസംവിധായകനും നടനും രാഷ്ട്രീയ പ്രവർത്തകനും മാധ്യമപ്രവർത്തകനും അങ്ങനെ മലയാളിക്ക് എല്ലാമെല്ലാമായിരുന്നു പി. ഭാസ്‌കരൻ. 1949 ൽ ഒരു തമിഴ് ചലച്ചിത്രത്തിന് ഗാനരചന നിർവഹിച്ചുകൊണ്ടാണ് പി. ഭാസ്‌കരൻ സിനിമയിലേക്ക് കടന്നുവന്നത്. 1950 ൽ 'ചന്ദ്രിക' എന്ന മലയാള ചലച്ചിത്രത്തിന് പാട്ടെഴുതി. 1954 ൽ രാമുകാര്യാട്ടുമായി ചേർന്ന് 'നീലക്കുയിൽ' എന്ന സിനിമ സംവിധാനം ചെയ്തു. ആദ്യമായി മലയാള സിനിമയ്ക്ക് രാഷ്ട്രപതി വെള്ളിമെഡൽ നല്‍കുകയും ചെയ്തു. 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. 250 ചിത്രങ്ങളിലായി 3000 ഗാനങ്ങൾ ഉതിർന്നു വീണു ആ തൂലികത്തുമ്പിൽ നിന്ന്. പി. ഭാസ്കരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ പേജിന്റെ അവസാനം നൽകിയിട്ടുണ്ട്.
വായിക്കാം കണ്ടെത്താം 
1. ഞാറ്റുവേലയിൽ കുളിച്ച്‌ ഈറനണിഞ്ഞ്‌ നാട്ടിലേക്കിറങ്ങിയത്‌ ആരാണ്‌?
മത്തൻ, കുമ്പളം, പടവലം എന്നീ ചെടികളിൽ വിരിഞ്ഞ പുഷ്പകന്യകമാരാണ് ഞാറ്റുവേലയിൽ കുളിച്ചീറനും ധരിച്ചെത്തിയത്.

2. “തുടിപ്പൂ മമ ചിത്തം” - കവി മനസ്സ്‌ തുടിക്കാൻ കാരണമെന്ത്‌?
- മത്തൻ, കുമ്പളം, പടവലം എന്നിവയിലെല്ലാം വിടർന്നു നിൽക്കുന്ന പൂക്കളെ കണ്ടിട്ടാണ് കവിമനസ്സ് തുടിച്ചത്.

3. മഴക്കെടുതിയെ കവി വർണിച്ചിരിക്കുന്നതെങ്ങനെ?
- ഇടവത്തിലെ കറുത്ത മേഘമാകുന്ന മാളത്തിൽ നിന്നിറങ്ങിയ ഭീകരമായ വെള്ളപ്പൊക്കം രാജാവെമ്പാലപ്പാമ്പിനെ പോലെ നാടിനെ ചുറ്റിയും, സപ്തനാഡികളെ കൊത്തിയും മരണതുല്യമാക്കിയിരിക്കുന്നു. ഇങ്ങനെയെല്ലാമാണ് കവി മഴക്കെടുതിയെ കവി വർണിച്ചിരിക്കുന്നത്.

4. ചില പൂക്കളുടെ ഒളിമങ്ങുന്നത്‌ എങ്ങനെ?
- ഞാറ്റുവേലക്കാലത്താണ് മത്തനും, പടവലവും, കുമ്പളവുമെല്ലാം പൂവിടുന്നത്. ഈ പുഷ്പങ്ങൾ മുല്ലപ്പൂവിന്റെയും, റോസയുടെയും, മന്ദാരത്തിന്റെയുമെല്ലാം ഭംഗി കുറക്കുന്നു എന്നാണ് കവി വിവരിക്കുന്നത്. മത്തനും പടവലവുമെല്ലാം പൂക്കുന്നതിനു ശേഷം കായ്ക്കുകയും ഫലങ്ങൾ തരുകയും ചെയ്യുന്നു. എന്നാൽ അലങ്കാര പുഷ്പങ്ങൾക്ക്
ഈ കഴിവില്ല. അലങ്കാര പുഷ്പങ്ങളുടെ ഒളിമങ്ങുന്നതിനു ഇത് കൂടി കാരണമാകുന്നുണ്ട്.
പദപരിചയം 
 ചിത്തം, അംഗം, സപ്തം, മൃതം, നാകം, ഉദ്ഘോഷിക്കുക, ഒളി, വർഷം, ഹർഷപൂരിതം - ഈ വാക്കുകൾ വരുന്ന വരികൾ കണ്ടെത്തു. ഇവയുടെ അർഥം ഊഹിച്ചു പറയൂ. നിഘണ്ടു നോക്കി ഉറപ്പുവരുത്തൂ. 
1. മത്തയിൽ, പടവലവള്ളിയിൽ, കുമ്പളത്തി 
ലിത്തപം നിങ്ങൾ ചെയ്ത്കെത്തുടിപ്പു മമ ചിത്തം
 ചിത്തം - മനസ്സ്

2. കൊടിയ വെള്ളപ്പൊക്കം വെമ്പാലപ്പാമ്പിന്നൊപ്പം 
ചുറ്റിയും, അംഗങ്ങളിൽക്കൊത്തിയുമെൻ നാടിന്റെ 
സപ്തനാഡിയും മൃതപ്രായമാക്കിയ നേരം 
 അംഗം - അവയവം, 
 സപ്തം - ഏഴ് 
 മൃതം - മരിച്ചത്

3. നാളത്തെസ്സമൃദ്ധിതൻ നാകീയവാഗ്ദാനങ്ങൾ 
നീളവേ നിശ്ശബ്ദമായുദ്ഘോഷിച്ചെത്തീ നിങ്ങൾ ! 
 നാകം - സ്വർഗം, 
 ഉദ്ഘോഷിക്കുക - ഉച്ചത്തിൽ പറയുക

4. നിങ്ങളെയീവേളയിൽ കാണുമ്പോളൊളിയറ്റു 
മങ്ങുന്നു മുല്ലപ്പൂവും റോജയും മന്ദാരവും! 
 ഒളി - ശോഭ

5. വർഷക്കാറ്റെടുക്കുമീപ്പച്ചയാം പല്ലക്കിങ്കൽ 
ഹർഷപൂരിതകളായ്ക്കിടക്കും പുഷ്പങ്ങളേ 
 വർഷം - മഴ, 
 ഹർഷപൂരിതം - സന്തോഷം നിറഞ്ഞത്

വിശകലനം ചെയ്യാം
1. കർഷകർക്കൊപ്പം കവിയുടെ മനസ്സിലും പ്രതീക്ഷ നാമ്പെടുക്കുന്നത്‌ എങ്ങനെയെന്ന്‌ വിശകലനം ചെയ്യുക.
- പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതത്തിന്റെയും നേർക്കാഴ്ചയാണ് “ഞാറ്റുവേലപ്പുക്കൾ” എന്ന കവിതയിലൂടെ കവി നമ്മെ കാണിക്കുന്നത്. ചോർന്നൊലിക്കുന്ന കൂരയും, അഴുക്കുപ്പിടിച്ച തറയും, പായയും, പാതി ഒട്ടിയ വയറും, ഇല്ലായ്മയും ഒക്കെയായി ജീവിച്ച് പോവുകയാണ് കർഷകർ. മഴയുടെ താണ്ഡവം കഴിഞ്ഞാൽ ചെടികൾ കിളിർക്കും, പൂവിടും, കായ്ക്കും അതിലൂടെ കർഷകൻ തന്റെ ഇല്ലായ്മകളെ ഇല്ലാതാക്കും. ഇതാണ് എല്ലാ കർഷകരും കാണുന്ന സ്വപ്നം. അത് കൊണ്ട് തന്നെ മത്തനിലും, പടവലവള്ളിയിലും, കുമ്പളത്തിലും പൂക്കൾ വിടരുന്നത് കാണുമ്പോൾ കവിയും, കർഷകനും ഒരുപോലെ സന്തോഷിക്കുന്നു. താൻ നട്ടുവളർത്തിയ ചെടികളെല്ലാം വിളയുമെന്നുള്ള പ്രതീക്ഷ കർഷകനിൽ വളരുന്നു. പ്രകൃതിയും കർഷകനും പ്രസന്നമാകുന്നതോടെ എല്ലാവരും സന്തോഷിക്കുമെന്ന് കവി പ്രതീക്ഷിക്കുന്നു. ഞാറ്റുവേലപ്പകർച്ചയ്ക്ക് ശേഷം ജീവിതം പ്രകാശപൂരിതമാകുമെന്ന് കവി സ്വപ്നം കാണുന്നു.

2. മഴയ്ക്ക്‌ മുമ്പും ശേഷവുമുള്ള കർഷക മനസ്സിൻ്റെ അവസ്ഥകളെ എങ്ങനെയാണ്‌ കവി വർണിച്ചിരിക്കുന്നത്‌?
- വേനലിൽ ചുട്ടു പഴുത്ത ഭൂമിയിൽ ആദ്യമഴ പെയ്യുന്നതോടെയാണ് കർഷകൻ വിത്തിറക്കുന്നത്. എന്നാൽ ഇട മുറിയാതെ മഴ പെയ്താൽ വെള്ളപ്പൊക്കം ഉണ്ടാകുകയും കർഷകർ ദുരിതത്തിലാകുകയും ചെയ്യും. മഴയ്ക്ക് ശേഷം ഞാറ്റുവേലക്കാലം വന്നെത്തുന്നതോടെ ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ വന്നെത്തുന്നു. മത്തനിലും, കുമ്പളത്തിലും, പടവലത്തിലുമെല്ലാം കായുണ്ടാകുന്നത് കർഷകനിലും കവിയിലും പ്രതീക്ഷ വളർത്തുന്നു.

പ്രയോഗഭംഗി കണ്ടെത്താം 
 ''ഇടവക്കരിങ്കാറിന്റെ പൊത്ത്'' 
 "എല്ലുപൊന്തിയ ചെറ്റക്കുടിൽ'' 
 ''ഉണ്ണിക്കനിയെഗ്ഗർഭംപൂണ്ട്'' 
ഈ പ്രയോഗങ്ങളുടെ സവിശേഷതകൾ ചർച്ചചെയ്യുക. ഇത്തരം മറ്റു സവിശേഷപ്രയോഗങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തുക. 

 ''ഇടവക്കരിങ്കാറിന്റെ പൊത്ത്''
ഇടവത്തിലെ പെരുമഴയും വെള്ളപ്പൊക്കവും ഉണ്ടാക്കുന്ന കാർമേഘക്കൂട്ടങ്ങളെ രാജവെമ്പാലപാമ്പിന്റെ പൊത്തിനോടാണ് കവി താരതമ്യപ്പെടുത്തിയിരിക്കുന്നത്. പൊത്തിൽ നിന്ന് സർപ്പക്കൂട്ടങ്ങൾ ഇഴഞ്ഞിറങ്ങുമ്പോലെ മേഘമാലകൾക്കിടയിൽ നിന്ന് മഴ ഒലിച്ചിറങ്ങി എന്ന് പറയുന്നതിന്റെ ഭംഗിയാണ് ഇടവക്കരിങ്കാറിൻ പൊത്ത് എന്ന പ്രയോഗം ഉണ്ടാക്കുന്നത്. മാനത്ത് കരിങ്കാറുകൾ നിറയുമ്പോൾ പാമ്പിൻ പൊത്തിലേക്ക് നോക്കുന്ന ഭീതിയാണ് മനസ്സിൽ നിറയുക.

• ''എല്ലുപൊന്തിയ ചെറ്റക്കുടിൽ'' 
ഇടവം മുതൽ കർക്കിടകം വരെയുള്ള കാലം കർഷകന് പഞ്ഞക്കാലമാണ്. എല്ലു  പൊന്തിയ ചെറ്റക്കുടിൽ എന്ന പ്രയോഗത്തിലൂടെ കർഷകന്റെ ദാരിദ്ര്യവും പട്ടിണിയും നമുക്ക് വായിച്ചെടുക്കാൻ കഴിയും.

• ''ഉണ്ണിക്കനിയെഗ്ഗർഭംപൂണ്ട് ''
ഉണ്ണിക്കനികളെ ഗർഭം പൂണ്ട് എന്നത് ഈ കവിതയുടെ മൊത്തം ആശയത്തെ ധ്വനിപ്പിക്കുന്ന പ്രയോഗമാണ്. സന്താനങ്ങളില്ലാത്തതിന്റെ ദുഖവും പേറി കഴിയുന്ന മണ്ണിന് മക്കളെ നല്കാൻ ഉണ്ണിക്കനികളെ ഗർഭം ധരിച്ചിരിക്കുകയാണ് ചെടികൾ. വരൾച്ചയും അതിവർഷവും കൊണ്ട് വിവശമായ മണ്ണിൽ ഉണർവിന്റെ വിത്തുകളായി നിലകൊള്ളുന്ന പ്രതീക്ഷകളെ കവി ഈ പ്രയോഗത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
പകരം വയ്ക്കാം 
• “തപം നിങ്ങൾ ചെയ്തു തുടിപ്പു മമ ചിത്തം”- 'ചിത്തം' എന്ന പദത്തിന് സമാനമായ മറ്റു പദങ്ങൾ ഉണ്ടല്ലോ. അവ ചേർത്ത് ഈ വരി മാറ്റി എഴുതു. വ്യത്യാസം ചർച്ചചെയ്യു. ഇതുപോലെ മൃതം, കിനാവ്, നാകം എന്നീ പദങ്ങൾ അടങ്ങിയ വരികൾ കണ്ടെത്തി സമാനപദങ്ങൾ ചേർത്ത് മാറ്റി എഴുതു. വ്യത്യാസം ചർച്ചചെയ്യു. 
• "തപം നിങ്ങൾ ചെയ്യേ തുടിച്ച മമ മാനസം'' 
മനസ്സ്, ഉള്ളം, മാനസം എന്നീ പദങ്ങൾ "ചിത്തം' എന്ന പദത്തിന് സമാനാർത്ഥമുള്ളവയാണ്. എന്നാൽ ആ വാക്കുകൾ വരിയിൽ പ്രയോഗിക്കുമ്പോൾ വരിയുടെ താളവും ശബ്ദഭംഗിയും നഷ്ടപ്പെട്ടുപോകുന്നു. 

• "സപ്തനാഡിയും മരണപ്രായമാക്കിയ നേരം 
ഇല്ലായ്മ സ്വപ്നം കണ്ടു കൃഷിക്കാർ കിടന്നപ്പോൾ 
നാളത്തെ സമൃദ്ധിതൻ സ്വർഗീയ വാഗ്ദാനങ്ങൾ 
മൃതം, കിനാവ്, നാകം എന്നീ പദങ്ങൾക്കു പകരം മറ്റു സമാനപദങ്ങൾ ഉപയോഗിക്കുമ്പോൾ കവിതയുടെ താളവും ശബ്ദത്തിന്റെ ആവർത്തനഭംഗിയും നഷ്ടമാകുന്നു.

ആസ്വാദനക്കുറിപ്പ് തയാറാക്കുക.
1. പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതത്തിന്റെ പ്രസാദാത്മകമായ ആഖ്യാനമാണ് 'ഞാറ്റുവേലപ്പൂക്കൾ.' ഈ അഭിപ്രായം വിശകലനം ചെയ്ത് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
- നമ്മുടെ കാർഷികസംസ്‌കാരത്തിന്റെ തുടിപ്പുകൾ ആവിഷ്‌കരിക്കുന്ന കവിതയാണ് പി. ഭാസ്‌കരന്റെ 'ഞാറ്റുവേലപ്പൂക്കൾ'. എല്ലുപൊന്തിയ കൂരകളിൽ അഴുക്കു പിടിച്ച പായകളിൽ ഇല്ലായ്മ കുടിച്ചിറക്കി കഴിയുകയാണ് കർഷകർ. ആ സമയത്താണ് വരാൻ പോകുന്ന സമൃദ്ധിയുടെ സ്വർഗീയവാഗ്ദാനങ്ങൾ നിശ്ശബ്ദം പ്രഖ്യാപിച്ചുകൊണ്ട് ഞാറ്റുവേലപ്പൂക്കൾ കടന്നുവരുന്നത്. മത്തനിലും പടവലവള്ളിയിലും കുമ്പളത്തിലും വിടർന്നുനില്‍ക്കുന്ന പൂക്കളെ കാണുമ്പോൾ വരാനിരിക്കുന്ന സൗഭാഗ്യമോർത്ത് കർഷകനും കവിയും സന്തോഷിക്കുന്നു. കവിതന്നെയാണ് കർഷകൻ. ചിങ്ങപ്പൂനിലാവാകട്ടെ, പൂക്കളുടെ പ്രസവശുശ്രൂഷയ്ക്കായി കാത്തിരിക്കുന്നു. ചെടികൾ പൂവിടുന്നതും കായ്ക്കുന്നതും മണ്ണും മനുഷ്യനും ഒരുപോലെ പ്രതീക്ഷിക്കുകയാണ്.
പ്രകൃതിയെ ആശ്രയിച്ചുള്ള കര്‍ഷകന്റെ നിലനില്‍പ്പിനെ കർഷകന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണിവിടെ. അത് കവിതയെ അനുഭൂതി സാന്ദ്രമാക്കുന്നു. ഇടവത്തിലെ കറുത്ത മേഘമാകുന്ന മാളത്തിൽ നിന്നിറങ്ങിയ ഭീകരമായ വെള്ളപ്പൊക്കം രാജവെമ്പാലപ്പാമ്പിനെപ്പോലെ നാടുചുറ്റി മനസ്സിൽ  ഭീതിപരത്തുന്നു. പച്ചയിലകൾ നിറഞ്ഞ ചെടികളിൽ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളെ കണ്ടിട്ട് അവ ഗർഭാലസ്യത്തിന്റെ ആനന്ദം അനുഭവിച്ചു കിടക്കുകയാണോയെന്ന് കവി സംശയിക്കുന്നു. പ്രകൃതിയിലെ ഓരോ മാറ്റത്തെയും മനുഷ്യാവസ്ഥകളോട് സാദൃശ്യപ്പെടുത്തുകയാണ് ഈ കവിതയിൽ.
അലങ്കാരപുഷ്പങ്ങളുടെയൊന്നും പക്ഷത്തല്ല കവി. ഭക്ഷ്യയോഗ്യമായ കായ്കനികളെ പ്രസവിച്ചെടുക്കുന്ന പുഷ്പങ്ങൾക്കൊപ്പമാണ്. ഉണ്ണിക്കനികളെ ഗർഭംധരിച്ചു കിടക്കുന്ന പൂക്കളെ കാണുമ്പോൾ അതിനു കഴിവില്ലാത്ത മുല്ലയും മന്ദാരവും റോജയും നാണിച്ചുപോകുന്നു. പുഷ്പങ്ങളോടുള്ള ഈ വ്യത്യസ്ത സമീപനം കവി മനുഷ്യപക്ഷത്താണ് നിലകൊള്ളുന്നതെന്ന് തെളിയിക്കുന്നു. പശ്ചാത്തലമായി വരുന്ന ഞാറ്റുവേല സർഗാത്മകതയുടെ പ്രതീകമായി മാറുന്നു.

പി. ഭാസ്കരൻ - കൂടുതൽ വിവരങ്ങൾ 
മലയാളത്തിന്റെ മണ്ണ് മണക്കുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിൽ നിന്ന്പി ലഭിച്ചത്. ആദ്യകിരണങ്ങൾ (1964), ഇരുട്ടിന്റെ ആത്മാവ് (1969), തുറക്കാത്തവാതിൽ (1971) എന്നിവ സാധാരണക്കാരായ പ്രേക്ഷകരെയും ദേശീയ അവാർഡ് നിർണയസമിതിയെയും ആസ്വാദനത്തിന്റെ ഒരേതലത്തിലേക്കാകർഷിച്ച് അഭിപ്രായൈക്യത്തിലെത്തിച്ചു. പൊയ്പോയ സുവർണകാലത്തെ വാക്കുകളടുക്കിവച്ച് ശ്രോതാവിന് മുന്നിലെത്തിച്ച ദൃശ്യാനുഭവമാണ് പി. ഭാസ്‌കരന്റെ രചനകൾ നല്‍കിയിരുന്നത്. 
താമസമെന്തേ വരുവാൻ (ഭാർഗവീനിലയം), പ്രാണസഖീ ഞാൻ വെറുമൊരു (പരീക്ഷ), ഇന്നലെ നീയൊരു സുന്ദരരാഗമായ് (സ്ത്രീ), തളിരിട്ട കിനാക്കൾ (മൂടുപടം), ഒരു കൊച്ചുസ്വപ്നത്തിൻ (തറവാട്ടമ്മ), വാസന്ത പഞ്ചമി നാളിൽ (ഭാർഗവീനിലയം), അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനൻ), നാദബ്രഹ്മത്തിന്‍ സാഗരം (കാട്ടുകുരങ്ങ്), എങ്ങനെ നീ മറക്കും, കായലരികത്ത് (നീലക്കുയിൽ), കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും (വിലയ്ക്ക് വാങ്ങിയ വീണ), ഇന്നെനിക്ക് പൊട്ടുകുത്താൻ (ഗുരുവായൂർ കേശവൻ) തുടങ്ങി എത്രയോ ഗാനങ്ങൾ ഭാവുകത്വത്തിന്റെ ഔന്നത്യം പ്രകാശനം ചെയ്തു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മണ്‍തരികൾ, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒറ്റക്കമ്പിയുള്ള തംബുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്‌കാരവും, 1982ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു. 2007 ഫെബ്രുവരി 25-ന് അദ്ദേഹം അന്തരിച്ചു.

To Top