ഹോക്കി മാന്ത്രികൻ
ധ്യാൻ ചന്ദ്
ധ്യാൻ ചന്ദ് | |
---|---|
ധ്യാൻ ചന്ദ് | |
ജനനം | ധ്യാൻ ചന്ദ് സിങ് Dhyan Chand Singh ആഗസ്റ്റ് 29, 1905 അലഹബാദ്, ഉത്തർപ്രദേശ്,ഇന്ത്യ |
മരണം | December 3, 1979 ഡൽഹി |
ശവകുടീരം | Jhansi Heroes Ground, Allahabad |
ദേശീയത | ഇന്ത്യൻ |
തൊഴിൽ ദാതാവ് | Indian Army |
അറിയപ്പെടുന്നത് | ഹോക്കി |
മാതാപിതാക്കൾ(s) | Sameshwar Dutt Singh |
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത് നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
1928 ആംസ്റ്റർഡാം ഒളിമ്പിക്സ്
വെള്ളപ്പട്ടാളക്കാർ കളിക്കുന്ന കളി കണ്ടു ഹോക്കി പഠിച്ച ധ്യാൻ ചന്ദ് 16-ാം വയസ്സിൽ ബ്രാഹ്മിൻ റെജിമെന്റിൽ കാലാളായി ചേർന്നതോടെയാണ് കളിയിൽ സജീവമായത്.നാലാം വർഷം ഇന്ത്യൻ കരസേനാ ടീം ന്യൂസീലാന്റ് പര്യടനത്തിനു പുറപ്പെട്ടപ്പോൾ ആക്രമണ നിരയിൽ ധ്യാൻ ചന്ദ് എന്ന പേരുണ്ടായിരുന്നു.മൂന്നു ടെസ്റ്റുകളടക്കം 21 മത്സരങ്ങളിൽ പതിനെട്ടും ജയിച്ചു വന്ന ഇന്ത്യൻ ടീമിന്റെ ഗോളടിയന്ത്രം ആ കറുത്തു മെലിഞ്ഞ ആ ഫോർവേഡായിരുന്നു.
1932 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ഫൈനൽ
1932-ളെ ലോസ് ഏഞ്ചലിസ് ഒളിമ്പിക്സിൽ രൂപ് സിങിനെക്കൂടി ആക്രമണ നിരയിൽ കൂട്ടുകാരനായി കിട്ടിയതോടെ ധ്യാൻ ചന്ദിനെ ഒരു ശക്തിക്കും പിടിച്ചു കെട്ടാനാകില്ല എന്ന നിലയിലായി.അമേരിക്കക്കെതിരായ ഫൈനൽ 23 ഗോളിനു ജയിച്ചപ്പോൾധ്യാൻ ചന്ദിന്റെ വിഹിതം 7 ഗോളായിരുന്നു.മാത്രമല്ല ഒരു ഡസൻ ഗോളുകൾ കൂട്ടിച്ചേർക്കാൻ സഹോദരൻ രൂപ്സിങിനെ തുണക്കുകയും ചെയ്തു. അന്നു അമേരിക്കക്കെതിരെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യ ലീഡ് ചെയ്തപ്പോൾ ഒരു അമേരിക്കൻ താരത്തിനു സംശയം.ധ്യാൻ ചന്ദിന്റെ സ്റ്റിക്ക് മാന്ത്രിക വടിയാണോ.അമ്പയർ സംശയിച്ചു നിൽക്കേ,ധ്യാൻ ചന്ദ് തന്റെ സ്റ്റിക്ക് അമേരിക്കൻ കളിക്കാരനു നൽകി.പകരം അയാളുടെ സ്റ്റിക്ക് ധ്യാൻചന്ദും എടുത്തു.എന്നിട്ടും രണ്ടു ഡസൻ ഗോളുകൾ വല നിറച്ചു.സ്കോർ 24-1 ഒളിമ്പിക്സിൽ ഇന്നും ഭേദിക്കപ്പെടാതെ കിടക്കുന്ന റെക്കോർഡ്.ഒരു പത്രം അന്നെഴുതിയത് ഇന്ത്യക്കാരെ ഇടംകൈകൊണ്ടു മാത്രം കളിക്കാൻ അനുവദിച്ചാൽ മതിയെന്നാണ്.
1936 ബർലിൻ ഒളിമ്പിക്സ്
സ്ലീപ്പർ സൗകര്യം പോലുമില്ലാത്ത ഒരു മൂന്നാം ക്ലാസ് തീവണ്ടി മുറിയിൽ തണുപ്പത്ത് യാത്ര ചെയ്താണ് ഇന്ത്യൻ ടീം ബർലിനിലെത്തിയത്.എന്നാൽ നാസി മണ്ണിലെത്തിയപ്പോൾ ഇന്ത്യൻ ശക്തിയിൽ അഭിമാനം കൊണ്ട ധ്യാൻചന്ദിന്റെ ടീം ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റിൽ ചാൻസലർ ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാൻ മടി കാണിച്ചു.ചാമ്പ്യൻമാരെന്ന നിലക്കുള്ള ഇന്ത്യയുടെ ഈ ആദ്യദിന ധിക്കാരം,ഫൈനലിൽ തീർത്തു തരാമെന്ന പ്രതിജ്ഞയുമായാണ് ഹിറ്റ്ലർ കലാശക്കളി കാണാനെത്തിയത്.പലരും ടിക്കറ്റ് കിട്ടാതെ മടങ്ങി.നാൽപതിനായിരത്തോളം ആളുകൾ തിങ്ങി നിരഞ്ഞ സ്റ്റേഡിയത്തിൽ ആദ്യം ഇന്ത്യ ഒരു ഗോൾ വഴങ്ങിയെങ്കിലും എട്ടെണ്ണം തിരിച്ചടിച്ചാണ് ഹാട്രിക്ക് പൂർത്തിയാക്കിയത്.ധ്യാൻചന്ദിന്റെ വക തന്നെ മൂന്നു ഗോളുകൾ.ആ പരമ്പരയിൽ ആ സ്റ്റിക്കിൽ നിന്നും ലക്ഷ്യം കണ്ടത് ഒരു ഡസൻ ഗോളുകൾ.സ്വന്തം നാട്ടുകാർക്ക് സ്വർണം സമ്മാനിക്കാനിക്കാനായി മുഖ്യാതിഥിയായി എത്തിയ അഡോൾഫ് ഹിറ്റ്ലർസലാം വച്ചത് ആ ഇന്ത്യക്കാരനെയായിരുന്നു.അത്താവ വിരുന്നു കൂടി നൽകിയാണ് ടീമിനെ ഹിറ്റ്ലർ യാത്രയയച്ചത്.
വിയന്നയിലെ പ്രതിമ
1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിന്റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക് നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട് കൈയ്യും ഒരു വടിയും കൊണ്ട് ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.ഒളിമ്പിക്ക് മത്സരരംഗത്ത് ഭാരതം ആദ്യം തോൽപിച്ച ആസ്ത്രിയയിലെ കളിക്കാരാണ് ധ്യാൻചന്ദിന്റെ പ്രതിമ സ്ഥാപിക്കാൻ തയ്യാറായത്.
ധ്യാൻ ചന്ദ് പുരസ്കാരം
ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. ഭാരതം കണ്ട മികച്ച ഹോക്കി കളിക്കാരനായ ധ്യാൻ ചന്ദിന്റെ പേരിൽ നൽകുന്ന ഈ ആജീവനാന്ത പുരസ്കാരത്തിൽ മെഡലും പ്രശസ്തിപത്രവും 5,00,000 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു. 2002ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്
സാധാരണ ഒരു വർഷത്തിൽ മൂന്നു പേർക്കാണ് ധ്യാൻ ചന്ദ് പുരസ്കാരം നൽകാറുള്ളത്. എന്നാൽ ഒളിമ്പിക്സ് പ്രമാണിച്ച് 2012ൽ നാലുപേർക്ക് ഈ പുരസ്കാരം നൽകി