എൻ എ നസീർ -വേരുകൾ നഷ്ടപ്പെടുത്തുന്നവർ
വേരുകൾ നഷ്ടപ്പെടുത്തുന്നവർ -എൻ എ നസീർ
പാഠ വിശകലനം - റെജി കവളങ്ങാട്
മണ്ണും പ്രകൃതിയും വിശാലമായ പ്രപഞ്ചവും ഉൾപ്പെടുന്ന ആവാസ വ്യവസ്ഥയുടെ ഭാഗമാണ് മനുഷ്യനും .
എന്നാൽ മനുഷ്യൻ സമൂഹം ആയി ജീവിക്കുവാൻ തുടങ്ങിയ കാലം മുതൽ പ്രകൃതിയെ കീഴടക്കുക പ്രകൃതിയെ ചൂഷണം ചെയ്യുക എന്നത് അവൻറെ സംസ്കാരത്തിൻറെ ഭാഗമായി മാറി. കാടും പുഴകളും ധാതുവിഭവങ്ങളും ജീവജാലങ്ങളും മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി മാത്രം ഉള്ളതാണ് എന്ന തെറ്റായ ധാരണ വികസിച്ചുവന്നു. വലിയ നഗരങ്ങളും വ്യവസായങ്ങളും രൂപംകൊണ്ടപ്പോൾ ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലായിത്തീർന്നു മനുഷ്യന്റെ പ്രവർത്തനങ്ങൾ .
ജീവികളും സസ്യങ്ങളും വംശനാശ ഭീഷണി നേരിട്ടു കാലാവസ്ഥാ വ്യതിയാനം ഉണ്ടായി. കാടുകൾ ചുരുങ്ങി ചുരുങ്ങി വന്നു പുഴകൾ മാലിന്യച്ചാലുകളായി മാറി, മനുഷ്യന്റെ തന്നെ നിലനില്പ് അപകടത്തിലായി, ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ രൂപം കൊണ്ടത് ഈ സാഹചര്യത്തിലാണ്. അപ്പോൾ ശാസ്ത്രലോകവും സാഹിത്യവും രാഷ്ട്രീയ നേതൃത്വങ്ങളും ഭൂസംരക്ഷണ ലക്ഷ്യവുമായി മുന്നിട്ടിറങ്ങി , കവിത ,നോവൽ, കഥ ,സിനിമ, ചിത്രകല, ശില്പകല തുടങ്ങിയ സർഗ്ഗാത്മക മേഖലകളിളെല്ലാം ഭൂമിയുടെ രക്ഷക്കായി കലാസൃഷ്ടികളുണ്ടായി. ശ്രീ എൻ . എ. നസീറിന്റെ പ്രവർത്തനങ്ങളെയും എഴുത്തിനെയും ഈ രീതിയിലാണ് നോക്കിക്കാണേണ്ടത്. 'വേരുകൾ നഷ്ടപ്പെടുത്തുന്നവർ "എന്ന തലക്കെട്ടിന്റെ ഔചിത്യവും ഇത്തരത്തിലാണ് മനസ്സിലാക്കേണ്ടത്.
മണ്ണിലേക്ക് വീഴുന്ന ഒരു മരത്തിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ എന്നവണ്ണം ആണ് അത് പറഞ്ഞിട്ടുള്ളത്.ഇലകൾ മണ്ണിൽ ദ്രവിച്ച് വീണ്ടും വേരുകളിലൂടെ ഇലകളായി മാറുന്നു , ഭൂമിയിൽ നിന്ന് ജലവും ഭക്ഷണവും സ്വീകരിച്ചാണ് ജീവനുള്ളതെല്ലാം നിലനിൽക്കുന്നത്. മരിച്ച് മണ്ണിലേക്ക് അലിഞ്ഞു ചേരുന്നവയാണ് ഇലകളായും കായ്കളായും പുനർജ്ജനിക്കുന്നത്. ഈ ഒരു ജൈവ ബന്ധത്തിനെക്കുറിച്ചാണ് നസീർ ഇവിടെ പ്രതിപാദിക്കുന്നത്.
"ഈ ഇല അടരുകൾ എല്ലാംതന്നെ അങ്ങ് താഴെയുള്ള വേരുകൾ തേടി ചെല്ലുകയാണ് വേരുകളിലൂടെ വൃക്ഷത്തിൽ എത്തി പുനർജനിക്കാൻ "
"ജലാശയങ്ങളും വേരുകളും തമ്മിൽ എന്തൊക്കെ സന്ദേശങ്ങൾ കൈമാറുന്നുണ്ടാകാം. "
"അതെ ഓരോ വൃക്ഷവും വേരുകളിലൂടെ ആകാശത്തോളം ഉയർന്നു നിൽക്കുന്നത് ആസ്വദിക്കണമെങ്കിൽ നാം വേരുകൾക്കൊപ്പം ഭൂമിയോളം താഴണം. "
ഇത്തരം വാക്യങ്ങളിലെ ഭാഷ ചിന്തിപ്പിക്കുന്നതാണ്.
കുറുവ ദ്വീപിലെ പുഴയും വേരുകളും വർണ്ണിക്കുമ്പോഴും ഷോളയാർ കാടുകളിലെ ചീനി വൃക്ഷങ്ങൾക്ക് ചുവട്ടിൽ ചെമ്പൻ , കുമാരൻ ഇവരോടൊപ്പം ഉറങ്ങിയത് വർണ്ണിക്കുമ്പോഴും നസീർ വെറും പ്രകൃതി വിവരണമല്ല നൽകുന്നത് മറിച്ച് പ്രകൃതിയുടെ ഔന്നത്യം അറിയണമെങ്കിൽ മണ്ണിലേക്കിറങ്ങിച്ചെല്ലണമെന്നും മനുഷ്യർക്കുമാത്രമല്ല ജീവനും ജീവിതവുമുള്ളതെന്നും മണ്ണും മരങ്ങളും പുഴകളും കാറ്റുമെല്ലാം പരസ്പരം ഇഴ ചേർന്ന് നിൽക്കുന്നതാണ് പ്രകൃതി എന്നും നമുക്ക് അതിൽ നിന്നും വേറിട്ടൊരു നിലനിൽപ്പില്ല എന്നുമുള്ള പ്രകൃതിപാഠമാണ് പകർന്നുനൽകുന്നത്.
കാട്ടുചോല കരയിലിരുന്ന് പ്ലാസ്റ്റിക് കുപ്പിയിലെ മിനറൽ വാട്ടർ കുടിക്കുന്നവരെക്കുറിച്ച് ഓർത്ത് നസീർ പരിതപിക്കുന്നു.
കാനന ഭംഗികൾ നിറഞ്ഞ പാൽകാച്ചിമല കണ്ട് തിരികെ വള്ളികളിലൂർന്നിറങ്ങി വരുമ്പോൾ ഒരു കരടിയമ്മയും മക്കളും അരുകിലൂടെ കടന്നുപോയി എന്നദ്ദേഹം പറയുന്നു ,വേരുകളിലൂടെ ഒരു മടക്കം എന്നാണതിനെ വിശേഷിപ്പിക്കുന്നത് "വസുധൈവ കുടുംബകം" എന്ന ഉപനിഷദ് വാക്യം കൊണ്ട് മനുഷ്യരും മൃഗങ്ങളും സസ്യലതാദികളുമെല്ലാം ഒരു കുടുംബമാണെന്നാണ് ഉദ്ദേശിക്കുന്നത് , നസീർ പറയുന്നതും ഈ വിശ്വസ്നേഹം തന്നെയാണ്.
"ഇന്ന് അടിച്ചിൽത്തൊട്ടിയിൽ അരുണാചലം ഇല്ല , വേരുകളുടെ രഹസ്യം അറിയുന്നവരുമില്ല, ഒരു ചെറിയ പനിക്കു വേണ്ടി അവർ പട്ടണത്തിലെ ഡോക്ടർമാരെത്തേടിപ്പോകുന്നു ...."
നസീറിന്റെ ഈ വാക്കുകളിലെ നഷ്ടബോധം നമുക്ക് കൈമോശം വന്ന പാരമ്പര്യ അറിവുകളെച്ചൊല്ലിയുള്ളതാണ്. ചികിത്സ വലിയ വ്യാപാരമായി മാറിയ ഇക്കാ ലത്ത് നാം ചെറിയ രോഗങ്ങൾക്കു പോലും ഏറെ തുക ചെലവാക്കി നടത്തുന്ന ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുടെ ഉള്ളടക്കം എന്താണ് അവയ്ക്ക് ദോഷഫലങ്ങൾ ഉണ്ടോ , എന്നൊന്നു മറിയുന്നില്ല . വേരുകളും ഇലകളും കൊണ്ട് സ്വയം ചികിത്സിച്ചിരുന്നവരാണ് നമ്മൾ , പ്രകൃതിയിൽ നിന്ന് അകന്നപ്പോഴാണ് നമ്മൾ ചികിത്സാ വ്യാപാരത്തിനടിമകളായത് , ഇത് നമ്മുടെ സംസ്കാരത്തിന് സംഭവിച്ച നഷ്ടമാണ്, അരുണാചലത്തിനെപ്പോലുള്ള വൈദ്യന്മാർ കൊണ്ടുനടന്ന അറിവുകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
ഉടുമ്പുമാരിയും അത്തരത്തിലൊരാളാണ് , വേരുകളും ഇലകളും തിരിച്ചറിയാൻ കഴിയാത്തവരായിപ്പോയി പുതിയ തലമുറ.
ഇലകൾ വേരുകൾക്കായി മണ്ണിലേക്ക് വീഴുന്നു , മണ്ണ് അഴുകാത്ത മാലിന്യക്കൂനയാക്കുന്ന നമ്മൾ ഈ പരസ്പര ബന്ധം നശിപ്പിക്കുന്നു , ഇരിങ്ങോൾക്കാവ് പോലെ കേരളത്തിലെമ്പാടും കാവുകളുണ്ടായിരുന്നു അവ വെട്ടി വെളുപ്പിച്ച നമ്മൾ ആരോഗ്യകരമായ ജീവിതത്തിനുള്ള സാഹചര്യമാണ് നഷ്ടപ്പെടുത്തിയത് , വേരുകൾ നഷ്ടപ്പെടുത്തിയവർ എന്നാണ് നസീർ ഇന്നത്തെ തലമുറയെ വിശേഷിപ്പിക്കുന്നത്.
"വസിക്കാൻ ഇടമില്ലാത്തിടത്ത് പുതിയ പാതകളും പദ്ധതികളുമായി വരുന്നവർക്ക് മണ്ണിനെക്കുറിച്ചും വേരുകളെക്കുറിച്ചും എന്തറിയാം " എന്ന് അദ്ദേഹം കച്ചവട സംസ്കാരത്തിനെ ചോദ്യംചെയ്യുന്നു.
മണ്ണിനു നേരെയുള്ള ആക്രമണങ്ങൾക്ക് പ്രകൃതി പ്രളയമായും മണ്ണിടിച്ചിലായും ആഗോളതപനമായും തിരിച്ചടി നൽകുന്നുണ്ട് , പ്രകൃതിയെ ആരാധിക്കുന്ന, ധ്യാനിക്കുന്ന, പ്രപഞ്ച താളവുമായി ഒത്തു നിൽക്കുന്ന, ഒരു മനുഷ്യനെയാണ് നസീറിന്റെ വാക്കുകളിൽ കാണുന്നത്. മനുഷ്യർ വയ്ക്കുന്ന കാട്ടുതീയിൽ നിന്നു പോലും പുനർജനിക്കുന്ന ഒരു കാട്ടാൽ വൃക്ഷമായി ജനിക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്നം നമുക്കും ഏറ്റുവാങ്ങാം.
വസ്തുതകളെ സാഹിത്യ ഭംഗിയോടെയാണ് ലേഖകൻ അവതരിപ്പിക്കുന്നത് , പ്രചോദനാത്മകമാണ് അദ്ദഹത്തിന്റെ ഭാഷ.
എൻ.എ.നസീർ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മാത്രമല്ല പരിസ്ഥിതി ചിന്തകനും പരിസ്ഥിതി പ്രവർത്തകനും സാഹിത്യകാരനുമാണെന്ന് ഈ ലേഖനം തെളിയിക്കുന്നു
എൻ എ നസീർ -വേരുകൾ നഷ്ടപ്പെടുത്തുന്നവർ പാഠ വിശകലനം
April 27, 2024
Share to other apps