ആദ്യത്തെ പാഠഭാഗം മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്ന മഹാകവി എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ടിലെ ശകുന്തളോപാഖ്യാനം എന്ന ഭാഗത്തുനിന്നാണ് എടുത്തിട്ടുള്ളത്
വിശ്വാമിത്ര മഹർഷിയുടെയും സ്വർഗ്ഗ ലോകത്തിലെ അപ്സരസായ മേനകയുടേയും പുത്രിയാണ് ശകുന്തള.
ജനിച്ചപ്പോൾ തന്നെ അച്ഛനമ്മമാർ ഉപേക്ഷിച്ചുപോയ ശകുന്തളയെ കണ്വ മഹർഷിയാണ് എടുത്തു വളർത്തിയത് ,
ഒരിക്കൽ നായാട്ടിനിടയിൽ കണ്വാശ്രമത്തിലെത്തിയ ദുഷന്ത മഹാരാജാവ് യുവതിയായ ശകുന്തളയെ കാണുകയും ഗാന്ധർവ്വ വിധി പ്രകാരം വിവാഹം കഴിക്കുകയും ചെയ്യുന്നു .
രാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു പോയെങ്കിലും ശകുന്തളയെ കൂടെ കൊണ്ടു പോകുന്നില്ല.
ശകുന്തള ഒരു പുത്രന് ജന്മം നൽകുന്നു.
പിന്നീട് കണ്ണ്വ മഹർഷി ശകുന്തളയെയും കുട്ടിയേയും കൊട്ടാരത്തിലേക്ക്
അയക്കുന്നു.
കുട്ടിയോടൊപ്പം എത്തിയ ശകുന്തളയെ കണ്ട ദുഷന്ത മഹാരാജാവ് യാതൊരു പരിചയവും കാണിക്കുന്നില്ല .
മാത്രമല്ല ശകുന്തളയോട് വളരെ മോശമായി പെരുമാറുകയും അവളെ കൊട്ടാരത്തിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്യുന്നു.
ശകുന്തള ആവട്ടെ രാജാവിൻറെ തെറ്റ് ചൂണ്ടിക്കാണിക്കുകയും തന്റേടത്തോടെ മറുപടി പറയുകയും ചെയ്യുന്നു .
ശകുന്തള കൊട്ടാരത്തിൽ നിന്ന് ഇറങ്ങി പോകുവാൻ തുടങ്ങുമ്പോൾ ഒരു അശരീരി ഉണ്ടാകുന്നു .
ഹേ ദുഷ്യന്ത രാജാവേ ഇത് അങ്ങയുടെ ഭാര്യയും പുത്രനുമാണ് അവരെ ഭരിച്ചു കൊള്ളുക എന്നായിരുന്നു അശരീരി.
അത് കേട്ട് രാജാവ് ശകുന്തളയെയും പുത്രനെയും സ്വീകരിക്കുന്നു.
ഭരിച്ചുകൊള്ളുക എന്ന് അശരീരി ഉണ്ടായതുകൊണ്ട് പുത്രന് ഭരതൻ എന്ന പേര് ലഭിക്കുന്നു.
ഇതാണ് കഥാസന്ദർഭം.
ദുഷ്യന്തൻ ശകുന്തളയെ ആക്ഷേപിക്കുന്നതും ശകുന്തള രാജാവിനോട് തിരിച്ചു മറുപടി പറയുന്നതാണ് പാഠഭാഗത്തിൽ ഉള്ളത്.
പത്താംക്ലാസിൽ പഠിച്ച കാളിദാസൻറെ അഭിജ്ഞാനശാകുന്തളത്തിലെ കഥയിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ കഥ .
മഹാഭാരതത്തിലെ കഥയിൽ ചില വ്യത്യാസങ്ങൾ വരുത്തിയാണ് കാളിദാസൻ അഭിജ്ഞാന ശാകുന്തളം എഴുതിയിട്ടുള്ളത്.
എഴുത്തച്ഛൻ കാളിദാസൻറെ കഥയല്ല മഹാഭാരതത്തിലെ കഥയാണ് പറയുന്നത്.
മഹാഭാരതത്തിന്റെ സംക്ഷിപ്ത വിവരണം ആണ് മഹാഭാരതം കിളിപ്പാട്ട് .
സ്ത്രീകൾക്ക് ഇത്രയും ധിക്കാരം കണ്ടിട്ടില്ല,
കുലട ആയ ( മോശപ്പെട്ടവൾ ആയ .)നീ വന്ന് എന്നോട് കുലീന യെ പോലെ സംസാരിക്കുകയാണ്.
പണം മോഹിച്ച് വന്നതാണെങ്കിൽ സ്വർണവും വസ്ത്രങ്ങളും രത്നങ്ങളും വേണ്ടുവോളം ഞാൻ നിനക്ക് ഉവന്ന് ( അളന്ന്) തരുന്നുണ്ട് ,
അതു വാങ്ങി നീ നിനക്ക് പറ്റിയ ദിക്കിൽ പൊയ്ക്കൊള്ളണം. (നിന്നെപ്പോലെയുള്ള ചീത്ത സ്ത്രീകൾക്ക് പറ്റിയ സ്ഥലമല്ല ഇത്.)
കോകില നാരിയെ പോലെ (കുയിൽ പെണ്ണിനെ പോലെ )നീ പരഭൃതയാണ്. (ശകുന്തളയുടെ പിതൃത്വത്തിനെ ആക്ഷേപിക്കുകയാണ് ഇവിടെ ദുഷ്യന്തൻ ചെയ്യുന്നത്. കുയില് മുട്ടയിടുന്നത് കാക്കയുടെ കൂട്ടിൽ ആണ് മുട്ടവിരിഞ്ഞ് ചെറിയ കുയിൽ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് കാക്കയാണ് , കുയിൽ അതിൻറെ ശബ്ദഭംഗി കൊണ്ട് പ്രസിദ്ധമാണ്. സ്വന്തം കുട്ടിയെ മറ്റുള്ളവരെ ഏല്പിക്കുക എന്ന ശീലവും അതിനുണ്ട്. പരഭൃത എന്നാൽ മറ്റുള്ളവരാൽ വളർത്തപ്പെട്ട അവൾ എന്നാണ് അർത്ഥം, മറ്റാരുടെയോ കുട്ടിയെ മധുരമായി സംസാരിച്ചു തൻറെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്ന ചീത്ത സ്ത്രീയാണ് ശകുന്തള എന്നാണ് ഇവിടെ ഇതുകൊണ്ട് അർത്ഥമാക്കുന്നത്.ശകുന്തള കുലട ആണ് എന്നു മാത്രമല്ല അവളുടെ മാതാപിതാക്കളും മോശക്കാരാണ് എന്ന ധ്വനി ഇവിടെയുണ്ട്. കോകിലനാരി പോലെ എന്ന് ശകുന്തളയെ ഉപമിച്ചിരിക്കുന്നത് കുറിക്കുകൊള്ളുന്ന പ്രയോഗമായി തീർന്നിട്ടുണ്ട്.
ഇപ്രകാരം തൻറെയും തൻറെ കുലത്തിന്റെയും അഭിമാനത്തിനെ ചോദ്യം ചെയ്തത് കൊണ്ടാണ് ശകുന്തള രാജസദസ്സിൽ വച്ച് ദുഷ്യന്തനോട് കയർത്തു സംസാരിക്കുന്നത്.
ശകുന്തളയുടെ വാക്കുകൾ ഇങ്ങനെ സംഗ്രഹിക്കാം.
സുന്ദരിയായ ശകുന്തള മന്ദാക്ഷ ഭാവത്തോടെ ഇപ്രകാരം പറഞ്ഞു , മന്ദാക്ഷം എന്ന വാക്കിന് ലജ്ജ എന്നും ഇന്ദ്രിയങ്ങൾ തളർന്ന അവസ്ഥ എന്നും അർത്ഥമുണ്ട്.
രണ്ടാമത്തെ അർത്ഥമാണ് ഇവിടെ യോജിക്കുന്നത്
ആനയോളം ഉള്ള സ്വന്തം ദോഷത്തെ കാണാതെ കടുകിനോളം ഉള്ള അന്യരുടെ ദോഷത്തെ കാണുന്നത് പണ്ഡിതന്മാർക്കു പോലും ഉള്ള ശീലമാണ് രാജാവേ അങ്ങും അപ്രകാരമാണ്.
നമുക്ക് തമ്മിൽ വളരെ അന്തരമുണ്ട് ഞാൻ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ മഹാമേരു പർവ്വതത്തിനെ പോലെയാണെങ്കിൽ അങ്ങ് വെറും കടുകിന് തുല്യനാണ്.
അങ്ങയുടെ കുലത്തിനെക്കാൾ മികച്ച കുലത്തിൽ ആണ് ഞാൻ ജനിച്ചത്.
അങ്ങ് വെറും മനുഷ്യനാണ് ഭൂമിയിലൂടെ മാത്രമേ അങ്ങയ്ക്ക് സഞ്ചരിക്കാൻ കഴിയൂ ഞാൻ ദേവ സ്ത്രീയാണ് എനിക്ക് ആകാശത്തിലൂടെയും സഞ്ചരിക്കാം.
രാജാവേ അങ്ങ് സാരജ്ഞനല്ല ( അറിവില്ലാത്തവനാണ് )
കണ്ണാടിയിൽ നോക്കുന്നതുവരെ സ്വന്തം മുഖം വളരെ സുന്ദരമാണെന്ന് വിരൂപന്മാർ ആയിട്ടുള്ളവർ വിചാരിക്കും. നിങ്ങൾ അതുപോലെ സ്വന്തം വൈരൂപ്യം കാണാതെ പോകുന്ന ആളാണ്.
മഹാഭാരതത്തിലെ ശകുന്തള രാജാവിനോട് ആരാണ് ഭാര്യ ആരാണ് പുത്രൻ ഭാര്യയുടെ ധർമ്മം എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വിസ്തരിച്ച് പറയുമ്പോൾ എഴുത്തച്ഛൻറെ ശകുന്തള സത്യത്തിന്റെ മാഹാത്മ്യവും സജ്ജനങ്ങളും ദുർജ്ജനങ്ങളും തമ്മിലുള്ള വ്യത്യാസവും ആണ് എടുത്തു പറയുന്നത്.
എഴുത്തച്ഛൻ സാധാരണ ജനങ്ങളെ ഭക്തി യിലേക്കും സദാചാരത്തിലേക്കും നയിക്കുവാൻ വേണ്ടിയാണ് കവിത എഴുതിയതെന്ന് പറയപ്പെടുന്നു . ശകുന്തളയുടെ വാക്കുകൾ ഇതിന് തെളിവാണ്.
സജ്ജനങ്ങൾ മറ്റുള്ളവരെ നിന്ദിക്കുക ഇല്ല എന്നാൽ ദുർജ്ജനങ്ങൾ മറ്റുള്ളവരെ നിന്ദിക്കുന്നതിൽ ആനന്ദിക്കുന്നു
എന്നും ശുദ്ധജലത്തിൽ കുളിച്ചാലും മത്തേഭം ( മദിച്ച ആന) പാംസുസ്നാനം (മണ്ണിൽ കുളിക്കുന്നത് ) ആണ് ഇഷ്ടപ്പെടുന്നത്. ഇതുപോലെ ദുർജ്ജനങ്ങൾ ചീത്തക്കാര്യങ്ങളിലാണ് സന്തോഷിക്കുന്നത്. (സ്വച്ഛജലം - ശുദ്ധജലം)
സത്യധർമ്മാദികൾ വെടിഞ്ഞ പുരുഷെനെ ക്രുദ്ധനായ (കോപിച്ച )സർപ്പത്തിനേക്കാൾ ഭയപ്പെടണം.
മൂർഖൻ ആയിട്ടുള്ള അവനോട് (ദുഷ്ടൻ ആയിട്ടുള്ളവനോട് ) പണ്ഡിതന്മാർ ശുഭാശുഭങ്ങളെക്കുറിച്ച് ( നല്ലത് ചീത്ത ഇവയെക്കുറിച്ച് ) ആഖ്യാനം ചെയ്താൽ (പറഞ്ഞാൽ,) മൂർഖൻ അതെല്ലാം അശുഭമായേ (ചീത്തയായിട്ടേ ) മനസ്സിലാക്കുകയുള്ളൂ.
അരയന്നത്തിന് പാലും വെള്ളവും യോജിപ്പിച്ച് കൊടുത്താൽ അരയന്നം അതിൽ നിന്ന് പാലു മാത്രം വേർതിരിച്ച് കുടിക്കും
അതുപോലെ സജ്ജനങ്ങൾ കേൾക്കുന്ന കാര്യങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കും
ഇത്തരത്തിൽ സാധാരണക്കാർക്ക് മനസ്സിലാകുന്നതു പോലെ ലളിതമായ സാരോപദേശ മാണ് എഴുത്തച്ഛൻറെ ശകുന്തള നൽകുന്നത്.
കവിതയിലൂടെ കവി എന്താണ് ഉദ്ദേശിക്കുന്നത് എന്നതിൻറെ ഉദാഹരണമാണ് ഈ പാഠഭാഗം .
ശകുന്തള ഇപ്രകാരം പറഞ്ഞിട്ട് രാജ സദസ്സിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങുന്നു.
അപ്പോൾ അശരീരി ഉണ്ടാകുന്നു (അശരീരി - ആകാശത്തിൽ ദേവന്മാർ ആദൃശ്യരായി നിന്ന് അരുൾ ചെയ്യുന്ന സത്യം.)
അല്ലയോ ദുഷ്യന്ത മഹാരാജാവേ ഇത് അങ്ങയുടെ ഭാര്യയും പുത്രനുമാണ് അവരെ സ്വീകരക്കുക, പുത്രനെ ഭരിച്ചു കൊള്ളുക എന്നായിരുന്നു അശരീരി , അതുകേട്ട് രാജാവ് ശകുന്തളയും പുത്രനെയും സ്വീകരിച്ചു ,ഭരിച്ചു കൊള്ളുക എന്ന് അശരീരി ഉണ്ടായതുകൊണ്ട് പുത്രന് ഭരതൻ എന്ന പേര് ലഭിച്ചു, (സർവ്വദമനൻ എന്നായിരുന്നു കുട്ടിയെ അതുവരെ വിളിച്ചിരുന്നത് )
അവസാന ഭാഗത്തുണ്ടാകുന്ന അശരീരി കഥാഗതിയെ മാറ്റിമറിക്കുന്നുണ്ട് , അശരീരി ഉണ്ടായിരുന്നില്ല എങ്കിൽ ദുഷ്യന്തൻ ഭാര്യയെയും മകനെയും സ്വീകരിക്കുമായിരുന്നില്ല.
ആരുമറിയാതെ വിവാഹം കഴിച്ച ശകുന്തളയെ പെട്ടെന്ന് സ്വീകരിക്കുകയും അവളുടെ പുത്രനെ അനന്തരാവകാശിയായി അഭിഷേകം ചെയ്യുകയും ചെയ്താൽ രാജാവ് ഒരു സ്ത്രീയുടെ അഴക് കണ്ടു ഭ്രമിച്ച് ഭാര്യയായി സ്വീകരിച്ചു എന്നും മറ്റാരുടെയോ പുത്രനെ യുവരാജാവായി അംഗീകരിച്ചു എന്നും ജനങ്ങൾ അപവാദം പറയുമായിരുന്നു എന്നും അതുകൊണ്ടാണ് താൻ ശകുന്തളയോട് ക്രൂരമായി പെരുമാറിയത് എന്നും ദുഷ്യന്തൻ പിന്നീട് പറയുന്നുണ്ട്.
അതായത് ദുഷ്യന്ത മഹാരാജാവ് ശകുന്തളയേയും മകനെയും മറന്നുപോയതല്ലായിരുന്നു.
ശകുന്തളയ്ക്ക് ശാപം കിട്ടുന്നതും ദുഷ്യന്തൻ ശകുന്തളയെ മറന്നു പോകുന്നതും മോതിരം നഷ്ടപ്പെടുന്നതും എല്ലാം കാളിദാസൻ ഭാവനയിലൂടെ സൃഷ്ടിച്ച കഥാഭാഗങ്ങൾ ആണ് .മഹാഭാരത കഥയിൽ കാളിദാസൻ കലാപരമായി വരുത്തിയ മാറ്റങ്ങളായിട്ടു വേണം ശാപം കിട്ടുന്നതിനെയും മോതിരം നഷ്ടപ്പെടുന്നതിനെയും ഒക്കെ മനസ്സിലാക്കേണ്ടത്
നമ്മുടെ ഭാഷയുടെ ചരിത്രത്തിൽ കിളിപ്പാട്ട് പ്രസ്ഥാനത്തിൻറെ സ്ഥാനവും മഹാകവി എഴുത്തച്ഛൻ മലയാളത്തിലെ കവികൾക്കിടയിൽ എത്രമാത്രം സമുന്നതനാണ് എന്നുള്ളതും അദ്ദേഹം കാവ്യഭാഷയിൽ വരുത്തിയ വ്യത്യാസങ്ങളും മണിപ്രവാളം പാട്ട് പ്രസ്ഥാനം തുടങ്ങിയ പുരാതനമായ സാഹിത്യ രീതികളെക്കുറിച്ചും മനസ്സിലാക്കുന്നതിനു വേണ്ടി ക്കൂടിയാണ് ഈ പാഠഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
എഴുത്തച്ഛൻ പതിനാറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് അദ്ദേഹത്തിൻറെ കാലത്തിനു മുമ്പ് മണിപ്രവാളം പാട്ട് എന്ന രണ്ടു വിഭാഗങ്ങളാണ് മലയാളകവിതയിൽ പ്രധാനമായും ഉണ്ടായിരുന്നത്.
സംസ്കൃതവും മലയാളവും കൂട്ടിക്കലർത്തി കവിത എഴുതുന്ന രീതിയാണ് മണിപ്രവാളം എന്ന് പറഞ്ഞിരുന്നത് ഇതിൽ മലയാളത്തിനേക്കാൾ സംസ്കൃതത്തിന് ആയിരുന്നു പ്രാധാന്യം ഉണ്ടായിരുന്നത് ,
മണിപ്രവാളത്തിൽ സംസ്കൃത അക്ഷരമാല ഉപയോഗിക്കുകയും സംസ്കൃതവൃത്തങ്ങളിൽ കവിത എഴുതുകയും ചെയ്തിരുന്നു.
ദ്രാവിഡ അക്ഷരമാലയിൽ ആയിരുന്നു പാട്ട് ആദ്യകാലത്ത് എഴുതിയിരുന്നത്.സംസ്കൃത വാക്കുകൾ അതേപടി പാട്ടു കവിതയിൽ എഴുതിയിരുന്നില്ല.
നാടൻ വൃത്തങ്ങളാണ് കാവ്യരചനക്ക് ഉപയോഗിച്ചിരുന്നത്.മലയാളത്തിനാണ് സംസ്കൃതത്തി നേക്കാൾ പ്രാധാന്യം ഉണ്ടായിരുന്നത്.
പാട്ടു കവിത ദ്രാവിഡ അക്ഷരമാലയിൽ എഴുതുന്നതും എതുക മോന തുടങ്ങിയ നാടൻ പ്രാസങ്ങൾ ഉള്ളതും നാടൻ വൃത്തങ്ങൾ ഉപയോഗിക്കുന്നതും ആയിരിക്കണമെന്ന് പ്രാചീന വ്യാകരണ ഗ്രന്ഥമായ ലീലാതിലകത്തിൽ പറഞ്ഞിട്ടുണ്ട്.
എഴുത്തച്ഛൻ പാട്ട് കവിതയിലേക്ക് മണിപ്രവാള കവിതയുടെ ഗുണങ്ങൾ കൂട്ടിക്കലർത്തി പരിഷ്കൃതമായ ഒരു കാവ്യഭാഷ മലയാളത്തിനു സമ്മാനിച്ചു.
ഭാഷയുടെ ലിപി വ്യവസ്ഥയിലും അദ്ദേഹം മാറ്റങ്ങൾ വരുത്തി.
കവിതയുടെ ആദ്യ ഭാഗത്ത് കിളിയോട് കഥപറയാൻ പറയുന്നത് കൊണ്ടാണ് കിളിപ്പാട്ട് എന്ന പേര് ലഭിച്ചത്.മലപ്പുറം ജില്ലയിലെ തുഞ്ചൻ പറമ്പിൽ ആണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കവിയുടെ യഥാർഥ നാമധേയം എന്താണ് എന്ന് വ്യക്തമല്ല.
രാമൻ എന്ന ഒരു ജേഷ്ഠനെ കുറിച്ച് കവിതയിൽ പറയുന്നത് കൊണ്ട് രാമൻറെ അനുജൻ എന്ന അർത്ഥത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന് കവി അറിയപ്പെടുന്നു.
ആയിരം വർഷത്തെ ചരിത്രമുള്ള മലയാള സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായ കവിയാണ് എഴുത്തച്ഛൻ.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് , ശ്രീ മഹാഭാരതം കിളിപ്പാട്ട് എന്നിവയാണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട കൃതികൾ .