പാവങ്ങൾ
(നാലപ്പാട്ട് നാരായണ മേനോന്റെ വിവർത്തനം)
ലോകത്തിലെ തന്നെ എല്ലാ പാവപ്പെട്ട മനുഷ്യർക്കുമായി എഴുതപ്പെട്ട നോവലാണ് ലാമിറാബലെ. ഫ്രഞ്ചു സാഹിത്യകാരനായിരുന്ന വിക്ടർ യൂഗോ ആണ് ഇതിന്റെ കർത്താവ്. നാലാപ്പാട്ട് നാരായണ മേനോനാണ് ഈ നോവൽ "പാവങ്ങൾ' എന്ന പേരിൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
1925-ൽ മാത്യഭൂമിയിലാണ് പാവങ്ങൾ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കുന്നത്. മലയാളഭാഷയുടെ പ്രത്യേകിച്ചും ഗദ്യത്തിന്റെ വികാസത്തെ ഈ കൃതി സാരമായിത്തന്നെ സഹായിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല. ഭാവപരമായ ആന്തരികഭാവത്തെ ആവിഷ്ക്കരിക്കുവാൻ ഭാഷയെ ചിട്ടപ്പെടുത്തി എടുക്കുവാനും ഈ വിവർത്തനം വളരെയധികം ഉപകാരപ്പെടുകയുണ്ടായി."ലാമിറാബലെ"യോട് തികച്ചും നീതി പുലർത്തുന്നതാണ് നാലപ്പാടന്റെ വിവർത്തനം.
പാഠസന്ദർഭം
"പാവങ്ങൾ' എന്ന നോവലിലെ മുഖ്യകഥാപാത്രമാണ് ഴാങ് വാൽഴാങ്. ദരിദ്രനായ ഒരു മരം വെട്ടുകാരനായിരുന്നു അയാൾ. അയാളുടെ വിധവയായ സഹോദരിയും അവരുടെ ഏഴുമക്കളും അയാളുടെ സംരക്ഷണയിലായിരുന്നു. ഒരു മഴക്കാലം തൊഴിലില്ലായ്മ ആ കുടുംബത്തെ ആകെ തളർത്തി. മക്കൾ വിശന്നുകരയുന്നത് കണ്ട് സഹിക്കാനാവാതെ ഴാങ് വാൽഴാങ് ഒരു പള്ളിക്കടുത്തുള്ള ബേക്കറിയിൽ നിന്ന് ഒരു റൊട്ടി മോഷ്ടിക്കുന്നു. ചില്ലലമാരയുടെ ചില്ല് പൊട്ടിക്കുമ്പോൾ അയാളുടെ കൈയ്ക്ക് മുറിവേറ്റു. എങ്കിലും രക്തം വാർന്നൊഴുകുന്ന കൈയ്യുമായി അയാൾ ഓടി. കടയുടമ പിന്നാലെ എത്തിയപ്പോൾ റൊട്ടി അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും അയാൾ പോലീസ് പിടിയിലായി. അഞ്ചുവർഷത്തേക്ക് തടവുശിക്ഷ ലഭിച്ചു. ജയിലിൽ വെച്ച് അയാൾ പലവട്ടം ജയിൽ ചാടാൻ ശ്രമിച്ചു. അതിന്റെ ഫലമായി ശിക്ഷയുടെ കാലാവധിയും നീണ്ടു. ഒടുവിൽ പത്തൊമ്പത് വർഷം കഴിഞ്ഞ് അയാൾ ജയിൽ മോചിതനായി. എവിടെ ചെന്നാലും ജയിലിൽ നിന്ന് കിട്ടിയ മഞ്ഞക്കാർഡ് കാട്ടണം. അത് അയാൾക്ക് മറ്റൊരു ശിക്ഷയായി.
ആരും അയാൾക്ക് അഭയം കൊടുത്തില്ല. വിശപ്പും ദാഹവും കൊണ്ട് വലത്ത് ഡി നഗരത്തിലെത്തിയ ഴാങ് വാൽഴാങിന്ന് അവിടുത്തെ മെത്രാൻ അഭയം നൽകുന്നു. ഴാങ് വാൽഴാങിന് മെത്രാൻ രാത്രിയിൽ ഭക്ഷണവും ഉറങ്ങുവാനുള്ള സൗകര്യവും ചെയ്തു കൊടുത്തു.
എങ്കിലും അയാൾക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല. അയാളുടെ ശ്രദ്ധ മുഴുവൻ ആ വെള്ളി സാമാനങ്ങളിലായിരുന്നു. അയാൾ മെത്രാൻ കിടക്കുന്ന വാതിലിനരികിലെത്തി. വാതിൽ മെല്ലെ മെല്ലെ ഉന്തിത്തുറന്നു. അല്പം ഒരു വിടവുണ്ടായെങ്കിലും അതിലൂടെ ഒരാൾക്ക് കടക്കാൻ കഴിയില്ല. - അയാൾ വീണ്ടും ശക്തിയോടെ വാതിൽ തള്ളി. കഷ്ടിച്ച് ഒരാൾക്ക് കടക്കാനുള്ള വിടവുണ്ടായി. എന്നാൽ അകത്തുള്ള കസേര വീണ്ടും വഴിമുടക്കി.
ഴാങ് വാൽഴാങ് കുറച്ചു കൂടെ ശക്തിയായി. വാതിലിൽ തള്ളി. വലിയൊരലർച്ചയോടെ വാതിൽ തുറന്നു. തിരികുറ്റിയുടെ ഒച്ച പരിസരമാകെ പ്രതിധ്വനിച്ചു. താൻ പിടിക്കപ്പെട്ടുവെന്നും തന്റെ പണി കഴിഞ്ഞു എന്നും അയാൾക്ക് തോന്നി. അല്പനേരത്തേക്ക് ഒന്നും ചെയ്യാനാവാതെ അയാൾ തരിച്ചുനിന്നു. -- കുറച്ച് കഴിഞ്ഞ് ആരും ഒന്നും അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാൾക്ക് സമാധാനമായി. തികഞ്ഞ ആത്മവിശ്വാസത്തോടെ ഴാങ് വാൽഴാങ് അകത്തു കടന്നു. ഉറങ്ങിക്കിടക്കുന്ന മെതാനെ ശ്രദ്ധിക്കാതെ അയാൾ ചുമർക്കൂടിലേക്ക് നോക്കി. തന്റെ കയ്യിലെ ഇരുമ്പ് വിളക്ക് ഉയർത്തി താക്കോൽ അവിടെയുണ്ടെന്ന് ഉറപ്പിച്ചു. അധികം താമസിച്ചില്ല അയാൾ ചുമർക്കൂടിൽ നിന്നും വെള്ളി സാമാനങ്ങൾ എടുത്ത് അപ്പുറത്തുള്ള പ്രാർത്ഥനാമുറിയിലേക്ക് പോയി. ജനൽ തുറന്ന് ജനൽ കട്ടിള വഴി പുറത്തു കടന്നു. -കൊട്ടയിൽനിന്ന് വെള്ളിസാമാനങ്ങൾ തന്റെ മാറാപ്പിലേക്ക് മാറ്റി കൊട്ട അവിടെ വലിച്ചെറിഞ്ഞു. എന്നിട്ട് മാറാപ്പുകെട്ടുമായി ഒരു പുലിയെപോലെ മതിൽ ചാടിക്കടന്ന് ഓടിപ്പോയി.
അടുത്തദിവസം രാവിലെ മെത്രാൻ തോട്ടത്തിൽ ഉലാത്തുകയായിരുന്നു. അപ്പോൾ മദാം മാഗ്ലാർ വെളളി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കൊട്ട കാണാതായ വിവരം മെത്രാനെ അറിയിച്ചു. തനിക്ക് നേരത്തെ കിട്ടിയ കൊട്ട അദ്ദേഹം അവരെ കാണിച്ചു. ഉടൻ തന്നെ മദാം മാഗ്ലാർ പൂജാമുറിയിലേക്കോടി. തിരിച്ചുവന്ന് വെള്ളി സാമാനങ്ങൾ നഷ്ടപ്പെട്ടുപോയ വിവരം മെത്രാനെ അറിയിച്ചു. അത് കട്ടുപോയത് രാത്രിയിൽ അവിടെ താമസിപ്പിച്ച മനുഷ്യനാണെന്നും പറഞ്ഞു. - അല്പനേരം കഴിഞ്ഞില്ല, മൂന്ന് പോലീസുകാർ ഴാങ് വാൽഴാങിന്റെ ചുമലിൽ പിടിച്ച് അവിടേക്ക് കൊണ്ടുവന്നു. ഒരു കുറ്റവാളിയെപ്പോലെ തന്റെ മുന്നിൽ ഹാജരാക്കപ്പെട്ട ഴാങ് വാൽഴാങിനെ കണ്ടതോടെ മെത്രാന് കാര്യങ്ങളെല്ലാം മനസ്സിലായി.
ഴാങ് വാൽഴാങിനെ രക്ഷിക്കാനുള്ള ശ്രമമായി പിന്നെ മെത്രാൻ. മെത്രാൻ ഴാങ് വാൽഴാങിനോട് താങ്കൾ വന്നത് നന്നായെന്നും, വെള്ളി സാമാനങ്ങൾക്കൊപ്പം ഞാൻ തന്ന വെള്ളിമെഴുകുതിരിക്കാലുകൾ എന്തുകൊണ്ട് കൊണ്ടുപോയില്ല, അതുവിറ്റാലും ഇരുനൂറ് ഫ്രാങ്ക് കിട്ടുമായിരുന്നല്ലോ എന്ന് പറഞ്ഞു.
പോലീസ്സുകാർക്ക് കാര്യം മനസ്സിലായി. ഴാങ് വാൽഴാങിൽ നിന്നും കണ്ടെടുത്ത വെള്ളിസാമാനങ്ങൾ മെത്രാൻ കൊടുത്തതാണെന്നും അയാൾ മോഷ്ടിച്ചതല്ല എന്നും മനസ്സിലാക്കി അവർ അയാളെ വെറുതെ വിട്ടു. പോലീസുകാർ പോകുന്നതിന് മുമ്പ് തന്നെ മെത്രാൻ ഴാങ് വാൽഴാങിനോട് ഇനി വരുമ്പോൾ തോട്ടത്തിലൂടെ വരേണ്ടതില്ല എന്നും മുൻവശത്തുള്ള വാതിലിലൂടെ വന്നാൽ മതിയെന്നും അതെപ്പോഴും തുറന്നു തന്നെ കിടക്കുമെന്നും ഉപദേശിച്ചു. ഴാങ് വാൽഴാങ് തികഞ്ഞ പാരവശ്യത്തോടെ മെത്രാനെ നോക്കി. പോലീസുകാർ പോയി. മെത്രാൻ ഴാങ് വാൽഴാങിന്റെ ചെവിയിൽ താൻ സത്യവാനായി മാറുമെന്നുള്ളത് പ്രതിജ്ഞ ചെയ്തിട്ടുള്ള കാര്യം ഓർമ്മിപ്പിക്കുന്നു.
രണ്ടു മാർക്കിനുള്ള മാതൃകാചോദ്യോത്തരം
ചോദ്യം 1.
"വെള്ളി സാമാനം പട്ടാള മാറാപ്പിലിട്ടു കൊട്ട് വലിച്ചെറിഞ്ഞു, തോട്ടം പിന്നിട്ടു, നരിയെപ്പോലെ മതിൽ ചാടിക്കടന്ന് ഒരു പാച്ചിൽ കൊടുത്തു."
പ്രസ്തുത പ്രയോഗം പോലുള്ള മറ്റു പ്രയോഗങ്ങൾ കണ്ടെത്താമോ...?
ഉത്തരം :
രണ്ടു ചെന്നിക്കുമുള്ള രക്തനാഡികൾ കൊല്ലന്റെ രണ്ടുകൂടങ്ങൾ പോലെ ആഞ്ഞടിക്കുന്നത് അയാൾ കേട്ടു.
നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം 2.
മെത്രാൻ പറഞ്ഞു: "നിങ്ങൾ സമാധാനത്തോടുകൂടി പോവുക. കൂട്ടത്തിൽ പറയട്ടെ, എന്റെ സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്ക് തോട്ടത്തിലൂടെ കടന്നു പോരണമെന്നില്ല, തെരുവിലേക്കുള്ള വാതിലിലൂടെ തന്നെ എപ്പോഴും വരുകയും പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതു കൂടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.''
- മെത്രാന്റെ ഈ വാക്കുകൾ സമൂഹത്തിനു നൽകുന്ന സന്ദേശമെന്ത്?
ഉത്തരം :
ഫ്രഞ്ചു സാഹിത്യകാരനായ വിക്ടർ യൂഗോ എഴുതിയ നോവലാണ് ലാമിറാബലെ. നാലപ്പാട്ട് നാരായണ മേനോനാണ് ഈ നോവൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. പാവങ്ങൾ എന്നു പേരു നൽകിയ ആ നോവലിലേതാണ് പാഠഭാഗം.
ആ വെള്ളി സാമാനങ്ങൾ ഴാങ് വാൽഴാങിന് താൻ സന്തോഷത്തോടുകൂടി സമ്മാനമായി കൊടുത്തതാണെന്നും പറഞ്ഞ് രണ്ട് വെള്ളി മെഴുകു തിരിക്കാലുകൾ കൂടി അയാൾക്ക് കൊടുക്കുന്നത് കണ്ട് പോലീസുകാർ ഴാങ് വാൽഴാങിനെ വെറുതെ വിട്ടു. കള്ളനായ തന്നെ രക്ഷിക്കാൻ മെത്രാൻ ചെയ്ത മഹാമനസ്കത കണ്ട് പരവശനായ ഴാങ് വാൽഴാങിനോട് മെത്രാൻ പറയുന്ന വാക്കുകളാണിത്. മെത്രാന്റെ മനസ്സിന്റെ വിശാലതയും തെളിമയും നന്മയും ഉദ്ദേശ്യശുദ്ധിയും ഈ വാക്കുകളിൽ തെളിഞ്ഞുകാണാം. ഴാങ് വാൽ ഴാങിന് മാത്രമല്ല മാനവരാശിക്ക് തന്നെയും എക്കാലത്തും മനസ്സിൽ സൂക്ഷിക്കാനുള്ള മഹത്തായ ഒരു സന്ദേശം ഈ വാക്കുകളിൽ നിർലീനമായിക്കിടക്കുന്നുണ്ട്.
താൻ വിശ്വസിച്ച് സ്നേഹിച്ച് ഭക്ഷണവും ഉറങ്ങുവാനുളള സ്ഥലവും നൽകി ആ രാത്രിയിൽ തന്റെ കൂടെ കൂട്ടിയ ഒരു മനുഷ്യനാണ് രാത്രിയിൽ തന്നെ ചതിച്ച് വെള്ളി സാമാനങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. അങ്ങനെയുള്ള ഒരു മനുഷ്യനോടാണ് ഇനിയും ഒരു കള്ളനെപ്പോലെ തോട്ടത്തിലൂടെ വരണമെന്നില്ലെന്നും, എപ്പോഴും തുറന്നുകിടക്കുന്ന മുൻവാതിലിലൂടെ വന്നാൽ മതിയെന്നും പറയുന്നത്.
കളങ്കപൂരിതമായ ഒരു മനുഷ്യന്റെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമായ ശക്തിയും ആഴവും സ്നേഹവും ഈ വാക്കുകൾക്കുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കളവിന്റേയും കുറ്റങ്ങളുടേയും പാതയിലേക്ക് തിരിഞ്ഞു പോയവരെ വിശ്വാസത്തിലെടുക്കണമെന്നും, സ്നേഹിക്കണമെന്നും അവർക്ക് നന്നാവാനുള്ള സാഹചര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും മെത്രാൻ ഇതിലൂടെ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്യുന്നു. ഴാങ് വാൽഴാങ് എന്ന മനുഷ്യന്റെ മനസ്സിനേക്കാൾ ഈ വാചകം ചെന്ന് തറയ്ക്കുക ലോകമനസാക്ഷിയിലാണ്. സത്യസന്ധതയും വിശ്വാസവും ആണ് ജീവിതത്തിൽ സമ്പാദിക്കേണ്ടത് എന്ന മഹത്തായ ഒരു സന്ദേശമാണ് മെത്രാൻ ഇത് വഴി സമൂഹത്തിന്ന് നൽകുന്നത്.