ആനഡോക്ടർ Notes Aana Doctor Question Answer Class 9 Kerala Padavali Chapter 4

 

Class 9 Malayalam Aana Doctor Notes Questions and Answers

Question 1.
നോവൽഭാഗത്തെ ഏതെല്ലാം സന്ദർഭങ്ങളാണ് ഡോ.കെ യും ആനകളും തമ്മിലുള്ള വൈകാരിക ബന്ധം സൂചിപ്പിക്കുന്നത് കണ്ടെത്തി എഴുതുക?
Answer:
ഒന്നര കൊല്ലം മുൻപ് അമ്മയുടെ കാലിൽ തറച്ച കുപ്പിച്ചില്ല് ഊരിയെടുത്ത ഓർമയിലാണ് മൈലുകൾ താണ്ടി കുന്നിറങ്ങി ഗ്രാമങ്ങൾ കടന്ന് അന്ന് അമ്മയോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാന വന്നിരിക്കുന്നത്. തങ്ങൾക്കു ചെയ്ത ഉപകാരത്തെ നന്ദിയോടെ ഓർത്തു വെച്ചിരിക്കുകയാണ് കരയിലെ ഏറ്റവും വലിയജീവിയായ ആന. ആനകൾ അങ്ങനെ ആണ് അവ ജീവിക്കുന്നത് കൂടുതൽ വലിയ ലോകത്തിലാണ്. ചെറിയ അടയാളങ്ങൾ പോലും ഓർത്തുവെയ്ക്കുന്ന വിശാലമായ മനസ്സാണ് ആനകൾക്കുള്ളത് എന്ന് കഥാകാരൻ പറയുന്നു. പാഠഭാഗത്തെ നിരവധി സന്ദർഭങ്ങളിൽ നിന്നും തന്റെ അമ്മയെ രക്ഷിച്ച് മനസ്സിനോട് ആദരവ് കാണിക്കുന്ന ആ വലിയ മൃഗത്തെയും, മൃഗങ്ങൾക്കു മുന്നിൽ പോലും എളിമയോടെ, കാരുണ്യത്തിന്റെ കടലായി വർത്തിക്കുന്ന ഡോക്ടറെയും പാരസ്പര്യത്തിന്റെ പൊരുളുകൾ തുറക്കുന്ന പുസ്തകങ്ങളായി കാണണം.

പിന്നെയും കുപ്പി തന്നെ എന്ന ഡോക്ടറുടെ വാക്കുകളിൽ തെളിയുന്ന അനുഭവ പാഠം ആണല്ലോ ആ കുട്ടിക്കൊമ്പനെ ഇവിടെ എത്തിച്ചത്. പഞ്ഞിയിൽ മരുന്ന് മുക്കി മുറിവിൽ തേക്കുമ്പോൾ ആനകുട്ടി ഒന്ന് ഞരങ്ങി എന്ന സന്ദർഭത്തിൽ ഡോക്ടർ ഹൃദയം കൊണ്ട് ആനക്കുട്ടിയെ സ്പർശിക്കുന്നുണ്ട്. ഒടുവിൽ കാലിലെ ചില്ല ടുത്ത ശേഷം ഇരുളിൽ മറഞ്ഞു നിന്ന ആനക്കൂട്ടങ്ങൾ കുട്ടിയെ വളഞ്ഞു. ആനകൾ കൂട്ടത്തോടെ നന്ദി പ്രകടിപ്പിക്കുന്ന ആ രംഗം ഓരോ വായനക്കാരനിലും നന്ദിയുടെ നൂറു ചിഹ്നം വിളികൾ കേട്ടിട്ടു ണ്ടാകും. വൈകാരികത മനുഷ്യരുടെ കൊച്ചുലോകത്തിനു മാത്രം സ്വന്തമായതല്ല എന്ന വലിയ തിരിച്ചറിവാണിത്. ഹൃദയങ്ങളിൽ അടയാളപ്പെടുന്ന ബന്ധങ്ങൾ അങ്ങനെയാണ്. അതിനു വലിപ്പ ചെറുപ്പമോ ലിംഗഭേദമോ ജാതിഭേദമോ ഇല്ല. മനുഷ്യർ എന്നോ മൃഗങ്ങൾ എന്നോ ഇല്ല. വേദനിക്കുന്നവന്റെ ശരീരത്തിനും മനസിനും നൽകുന്ന ചെറിയ തലോടൽ പോലും സൃഷ്ടിക്കുന്നതു വലിയ മാനവികതയാണ് എന്ന സത്യമാണ് ഈ ഗദ്യഭാഗം പങ്കുവെക്കുന്നത്.

Question 2.
“പുറത്തുനിന്ന് വെള്ളച്ചാട്ടം പോലെ തണുത്ത കാറ്റ് അകത്തേക്ക് വന്നു. ഇരുട്ട് വലിയ തിരശീല പോലെ തൂങ്ങി കിടന്നു. പുറത്തിറങ്ങിയപ്പോൾ ഞാൻ നക്ഷത്രങ്ങളെ കണ്ടു കറുത്ത തിരശീലയിലെ സുഷിരങ്ങൾ.”

ഇത്തരം പ്രയോഗങ്ങളാണ് ഗദ്യ ഭാഷയെ കൂടുതൽ ആകർഷകമാക്കുന്നത്. പാഠഭാഗത്തിലെ മറ്റു സന്ദർഭങ്ങൾ കൂടി കണ്ടെത്തി അവ നോവൽ ഭാഗത്തിന് എങ്ങനെ ഭംഗി നൽകുന്നു എന്ന് ചർച്ച ചെയ്യുക?
Answer:
വായനക്കാരന്റെ ഹൃദയത്തെ തൊടുന്നതാവണം ഓരോ സാഹിത്യ രചനകളും, കവിതയായാലും, കഥയായാലും, മറ്റേതു തരം രചനകൾ ആയാലും അത് സംവദിക്കാൻ ഉദ്ദേശിക്കുന്ന അതെ അർത്ഥവും ആവേശവും വായനക്കാരനിൽ അവശേഷിക്കുമ്പോൾ മാത്രമാണ് ആ രചനകൊണ്ട് എഴുത്തുകാരൻ ഉദ്ദേശിച്ച പൂർണത കൈവരികയുള്ളു. വായനക്കൊടുവിലും വായിച്ച ഹൃദയത്തിൽ നിന്ന് വർണ്ണനകളുടെയും ഉപമയുടെയും കുത്തൊഴുക്കുണ്ടാകണം. അത്തരത്തിൽ വാക്യാർ ത്ഥങ്ങൾ കൊണ്ട് മനോഹരമാക്കിയ കൃതിയാണിതും. കാടിന്റെ മനോഹാരിതയും, കൂരിരുട്ടിന്റെ ചന്തവും, ആനയുടെയും ഡോക്ടറുടേയും സംവേദനങ്ങളും മനോഹരമായ ഭാഷയിൽ ആലേഖനം ചെയ്തിട്ടുണ്ട് കഥാകാരൻ.

പുറത്തു നിന്നും വെള്ളച്ചാട്ടം പോലെ തണുപ്പ് അകത്തേക്ക് വന്നു, എന്നതിൽ തണുപ്പിന്റെ തീവ്രതയും തുടർച്ചയുമാണ് കാണുന്നത്, വെള്ളചാട്ടം ഒരു ശക്തിയാണല്ലോ അത്രമേൽ തീവ്രമായ തണുപ്പ് എന്നാണ് ഈ പദംകൊണ്ട് അർത്ഥമാക്കുന്നത്, ഇരുട്ടിനെ തിരശീല പോലെയാണ് ഉപമിക്കുന്നത്, തിരശീലക്കു കനം ഇല്ല, നേരിയതാണ്. അതു കൊണ്ടാണല്ലോ ആനയുടെ നേരിയ നിഴലനക്കങ്ങൾ പോലും അവർക്കു മനസിലായതു, ഇരുട്ടിന്റെ തീവ്രതയെ നിസാരമായി നിസ്സാരവൽക്കരിക്കുകയാണിവിടെ. ആകാശത്തിലെ നക്ഷത്രങ്ങളെ സുഷിരങ്ങൾ ആയാണ് കഥാകാരൻ കാണുന്നത്, അങ്ങനെ വാക്കുകൾ കൊണ്ട് വരച്ചിട്ട മനോഹര ചിത്രങ്ങളാണ് ഈ കഥ. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേർക്കാഴ്ചകളാണ് വായനക്കാരനിൽ ഈ ഗദ്യഭാഗം സൃഷ്ടിക്കുന്നത്.

Question 3.
“തരുപക്ഷിമൃഗങ്ങളോടുമി
നരരോടും സുരരോടുമെന്നുമേ
ഒരു മട്ടിവരുള്ളിലേന്തുമ
സ്സരളസ്നേഹരസം നിനക്കു ഞാൻ”
ചിന്താവിഷ്ടയായ സീത
(എൻ.കുമാരനാശാൻ)
ഈ വരികളിലെ ആശയവും നോവൽ ഭാഗവും വിശകലനം ചെയ്തു ഡോ.കെ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക?
Answer:
ഒരു കൂട്ടം മനുഷ്യർ സ്വന്തം സന്തോഷങ്ങൾക്കു മാത്രമായി ഭൂമിയിലെ മറ്റൊന്നിനെയും പരിഗണിക്കാതെ ജീവിച്ചു പോകുന്നുണ്ട്. അത്തരക്കാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഡോക്ടർ കെ. മറ്റുള്ള മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് പരിഹാരമാവുകയാണ് ഡോക്ടർ കെ. മനുഷ്യനോ മൃഗങ്ങളോ സസ്യലതാദികളോ എന്ന ഭേദമില്ലാതെ സ്നേഹം, സാന്ത്വനം എന്നീ പ്രകൃതി സത്യത്തിലൂന്നി ജീവിക്കുകയാണ് ഡോക്ടർ കെ. ചിന്താവിഷ്ടയായ സീതയിൽ സ്നേഹ ഗായകൻ കുമാരനാശാൻ പറയുന്നത് പോലെ വൃക്ഷമെന്നോ, പക്ഷി മൃഗാതികളെന്നോ മനുഷ്യരെന്നോ ദൈവമെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും സ്നേഹമെന്ന ചൈതന്യമാണ് നിറഞ്ഞിരിക്കുന്നതെന്നും, അതാണ് ജീവിതമെന്നും മനസിലാക്കിയാൽ ഭൂമിയിലെ സർവചരാ ചരങ്ങളും അത്രമേൽ മനോഹരമായി വസിക്കും. ആശാന്റെ എല്ലാ കവിതകളുടെയും ആന്തരീകാർത്ഥം സ്നേഹം തന്നെ ആണ്, സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് ആശാൻ പാടു മ്പോൾ സ്നേഹമാണ് പ്രപഞ്ചം എന്ന തത്വമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. മറ്റുള്ള മനുഷ്യർ ചെയ്തു കൂട്ടുന്ന പ്രവൃത്തികൾക്ക് പരിഹാരമാവുകയാണ് ഡോക്ടർ. എല്ലാവരോടും സ്നേഹവും സാന്ത്വനവും മാത്രമാണ് അദ്ദേഹം നൽകുന്നത്. സ്നേഹം പങ്കുവെയ്ക്കാൻ ഉള്ളതാണെന്ന സത്യമാണ് ഡോക്ടർ കെ എന്ന വ്യക്തിയിലൂടെയും അദ്ദേഹത്തിന്റെ തൊഴിലിലൂടെയും ഈ പാഠഭാഗം പറഞ്ഞുവെയ്ക്കുന്നത്.

Question 4.
വിനോദസഞ്ചാരികളിൽ ചിലരുടെ പ്രവൃത്തികൾ വന്യ മൃഗങ്ങളുടെ സ്വരജീവിതത്തെ എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുന്നു എന്ന് നാം നോവൽ ഭാഗത്ത് കണ്ടു. ഇതു പോലെ പ്രകൃതിയുടെ താളംതെറ്റിക്കുന്നതുമായി ബന്ധപ്പെട്ടതും മൃഗങ്ങൾ പ്രാധാന്യത്തോടെ വരുന്നതുമായ നിരവധി വാർത്തകൾ നിങ്ങളുടെ ശ്രദ്ധയിൽ പ്പെട്ടിരിക്കുമല്ലോ. അവ വിശകലനം ചെയ്ത് പ്രകൃതിയെ കരുതലോടെ കാക്കാം’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക?
Answer:
പ്രകൃതിയെ കരുതലോടെ കാക്കാം

പ്രകൃതിയിൽ നിന്ന് ജീവജാലങ്ങളും ജീവജാലങ്ങളിൽ നിന്ന് പ്രകൃതിയും വേറിട്ടതാണ് എന്ന തത്വം പ്രപഞ്ചസൃഷ്ടിക്കില്ല. പ്രപഞ്ചം എല്ലാവർക്കും ഒരുക്കിയിരിക്കുന്നത് ഒരു വഴി തന്നെയാണ്. പ്രപഞ്ചം ഒരുക്കിയ വഴിയിലൂടെ പരസ്പര പൂരകമായി അവനവനു വേണ്ടത് മാത്രമെടുത്ത് പിന്നാലെ വരുന്നവർക്കും ഒപ്പം നിൽക്കുന്നവർക്കും പങ്കുവെച്ചു മുന്നോട്ട് പോകുക എന്നതാണ് പ്രകൃതി തത്വം. എല്ലാവർക്കും ഉള്ള എല്ലാം പ്രകൃതിയിൽ ഉണ്ട്. എത്ര എടുത്താലും ബാക്കിയാക്കുക എന്നതാണ് പരിസ്ഥിതിയുടെ രീതി. എന്നാൽ മനുഷ്യന്റെ അമിതമായ കടന്നു കയറ്റത്തിനു വേണ്ടി ബാക്കിയാക്കാൻ പ്രകൃതി ഒന്നും തന്നെ ഒരുക്കി വെച്ചിട്ടില്ല എന്ന് നാം മനസ്സിലാ ക്കേണ്ടതാണ്. പ്രിയപ്പെട്ടവരേ പ്രകൃതി അമ്മയാണ്, അമ്മയിൽ നിന്നും ആണ് നാം വളർച്ചയക്ക് ആവശ്യമായ എല്ലാ ഊർജവും സ്വീകരിക്കുക, ഒടുവിൽ അമ്മയുടെ താര് മുറിക്കുന്ന നില പാടാണ് മനുഷ്യൻ കാണിക്കുന്നത്, പ്രപഞ്ചത്തിലെ എല്ലാ ജീവികൾക്കും വേണ്ടിയാണ് പരിസ്ഥിതി അതിന്റെ ഇടം ഒരുക്കിയിരിക്കുന്നത് അതിൽ വിവേകം ഉള്ള വർഗ്ഗവും മനുഷ്യനാണ്. എന്നാൽ ഏറ്റവും അധികം വിവേകരഹിതമായി പെരുമാറുന്നതും മനുഷ്യൻ തന്നെയാണ്.

പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകർക്കുന്ന രീതിയിൽ ജലാശയങ്ങളും പാടശേഖരണങ്ങളും ഇല്ലായ്മ ചെയ്ത് കൂറ്റൻ കെട്ടിടങ്ങൾ പണിയുക, വനമേഖലകളിൽ വിനോദ സഞ്ചാരം എന്ന പേരിൽ അതിക്രമിച്ചു കടന്നു പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വനമേഖലയിൽ ഉപേക്ഷിച്ചു നിരപരാധികളായ വന്യമൃഗങ്ങളുടെ സ്വര്യജീവിതത്തിനു തടസങ്ങൾ ഉണ്ടാക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മനുഷ്യൻ പ്രകൃതിക്കുമേൽ സൃഷ്ടിക്കുന്നത്. ഇത്തരം ഇടപെടലുകൾ പരിസ്ഥിതിയുടെ നിലനിൽപ്പിനെ തകർക്കുകയും അവയുടെ സ്വസ്ഥ ചലനങ്ങൾക്ക് താളം തെറ്റുകയും ക്രമാതീതമായി കാലാവസ്ഥകൾക്കു മാറ്റമുണ്ടാകുകയും ചെയ്യുന്നു. ഇത് ഏറ്റവും അധികം ബാധിക്കുന്നതു നാളേക്ക് വേണ്ടി സമ്പാദിച്ചു കൂട്ടുന്ന മനുഷ്യനു തന്നെയാണ് എന്ന ബോധം മനുഷ്യനാണ് ഉണ്ടാകേണ്ടത്. മനുഷ്യനാണ് കാരണവും കാരണക്കാരനും എന്ന് തിരിച്ചറിയുക. മറ്റുള്ളവരുടെ ചെറിയ ആവാസവ്യവസ്ഥയ്ക്കു കോട്ടം തട്ടാതെ പരിസ്ഥിതിയോട് ക്രൂരമായി ഇടപെടലുകൾ ഇല്ലാതെ പ്രകൃതി ഒരുക്കുന്ന സ്വർഗത്തിൽ അതിന്റെ ഒഴുക്കിൽ ജീവിക്കാൻ മനുഷ്യൻ പഠിക്കേണ്ടത് അനിവാര്യമാണ് .

Question 5.
“ഡോ. കെ., ആനയുടെ വായിലെ ചുവന്ന ഭാഗത്ത് സൂചിയുടെ മുന എറിഞ്ഞ് തറപ്പിച്ച ശേഷം പമ്പ് പിടിപ്പിച്ച് മരുന്ന് കടത്തി. തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടി. തുമ്പിക്കെ അസ്വസ്ഥമായി പുളഞ്ഞു. പാഠഭാഗത്ത് ഇത്തരത്തിലുള്ള വലുതും ചെറുതുമായ വാക്യങ്ങളും വൈവിധ്യമാർന്ന വാക്യരചനാരീതികളും കാണാമല്ലോ. ഈ രീതിയിൽ വ്യത്യസ്തതയുള്ള വാക്യരചനാരീതി സ്വീകരിക്കുന്നത് എന്തുകൊണ്ടാവും? ചർച്ചചെയ്യുക. മുകളിൽ നൽകിയ ചെറുവാക്യങ്ങളെ ഒറ്റവാക്യമായും വലിയ വാക്യത്തെ ചെറുവാക്യങ്ങളായും അർഥവ്യത്യാസം വരാതെ എഴുതിനോക്കൂ.?
Answer:
വാക്കുകൾ ചേർന്നാണ് വാക്യങ്ങൾ ഉണ്ടാകുന്നത്. വാക്യങ്ങളെ ലഘു വാക്യം, സങ്കീർണ വാക്യം, മഹാ വാക്യം എന്നിങ്ങനെ അവയുടെ ഘടനയനുസരിച്ചു തിരിക്കാം. ചെറുവാക്യങ്ങൾ ചേർത്ത് വലിയ വാക്യങ്ങളാക്കി ഭാഷാ ശൈലിയെ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ കഴിയുന്നു. ലഘു വാക്യങ്ങൾ ആശയസംവേദനത്തെ എളുപ്പമാക്കിത്തീർക്കുന്നു. ലഘുവാക്യങ്ങളും സങ്കീർണ്ണ വാക്യങ്ങളും മഹാ വാക്യങ്ങളാകുമ്പോൾ ആശയപ്രകാശനത്തിനും ഭാഷാ പ്രയോഗത്തിനും ഭംഗി കൂടുന്നു.

ആനയുടെ വായിലെ ചുവന്നഭാഗത്ത് സൂചിയുടെ മുന എറിഞ്ഞു തറപ്പിച്ചു.

  • അതിനുശേഷം പമ്പു ഘടിപ്പിച്ചു.
  • മരുന്നുകടത്തി.
  • തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടി.
  • തുമ്പിക്കൈ അസ്വസ്ഥമായി പുളഞ്ഞു.
  • തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടുകയും തുമ്പിക്കൈ അസ്വസ്ഥമായി പുളയുകയും ചെയ്തു

Question 6.
പരിസ്ഥിതി പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെടുത്തുക?
Answer:

കല്ലേൻ പൊക്കുടൻ



പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. യുനെസ്കോ യുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ. കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കൽ തറയിൽ 1937-ൽ പിറന്നു.

പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോളം കർഷകത്തൊഴിലാളി സമരത്തിലും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാ ക്കപ്പെട്ടു. ഏഴോം കർഷകത്തൊഴിലാളി സമരം (1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി. പൊക്കുടന്റെ ആത്മകഥയായ “കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആദിവാസി ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013-ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2015ൽ അന്തരിച്ചു.

Question 7.
മലയാള സാഹിത്യത്തിലെ ഹാസ്യനായകൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കൃതി പുലർത്തുന്ന ആശയം അന ഡോക്ടർ എന്ന കൃതിയോട് ചേർത്തു വായിക്കാൻ കഴിയുന്നതാണ്. വായിച്ചു കുറിപ്പ് തയ്യാറാക്കുക?
Answer:
ആന ഡോക്ടർ മലയാളികളുടെ വായനാനുഭവത്തിൽ നിറച്ചത് പാരസ്പര്യത്തിന്റെ പൊരുളുകളാണ്. പരിസ്ഥിതിയോടും അതിലെ ജീവജാലങ്ങളോടും നീതി പുലർത്തി അവരുടെ അവകാശങ്ങൾക്കു വേണ്ടി കൂടി ശബ്ദിച്ച സാഹിത്യകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. തങ്ങൾ പുതുതായി ഒരി ടത്തു സ്ഥലം വാങ്ങി വീട് വെയ്ക്കുകയും അവിടെ മനോഹരമായി താമസം നടത്തിവരുന്നതിനും ഇടയിൽ കഥാനായകന്റെ കുടുംബത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ഭൂമിയുടെ അവകാ ശികളിലെ പ്രമേയം. തന്റെ വീട്ടിലെ പഴ വർഗങ്ങൾ നശിപ്പിക്കുന്ന അണ്ണാനെയും, പഞ്ചസാരയിൽ കയറിക്കൂടുന്ന ഉറുമ്പുകളെയും രാത്രി ചുമരിൽ കേറി ഇരിക്കുന്ന പല്ലികളെയും കുറ്റം പറയുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന ബഷീറിന്റെ സ്വന്തം ഭാര്യ ഫാബി ബഷീറാണ് ഈ സഹജീവികളുടെ ശത്രുവായി വരുന്നത്.

ഒടുവിൽ പറമ്പിലെ വരുമാനമാർഗമായിരുന്ന നാളികേരം മുഴുവൻ വവ്വാൽ തിന്നാൻ തുടങ്ങിയപ്പോളാണ് ഫാബി വവ്വാലുകൾ വെടിവെച്ചു കൊല്ലുന്നതിനെ പറ്റി ചിന്തിച്ചു തുട ങ്ങിയത്. ഈ ചിന്തയിലുടനീളം ബഷീർ പറയുന്നുണ്ട് അവരും ഭൂമിയുടെ അവകാശികൾ ആണ് ഫാബി എന്ന്, അതെ മനുഷ്യന് മാത്രമാണ് ജീവിക്കാനുള്ള അവകാശം എന്ന തെറ്റായ ധാരണയാണല്ലോ അല്ലെങ്കിൽ ധാരണ ഇല്ലായ്മ ആണല്ലോ മനുഷ്യനെ ഇത്രമേൽ ക്രൂരനാക്കുന്നത്. ഒടുവിൽ വവ്വാലുകളോടുള്ള ഫാബിയുടെ പ്രതിരോധം ഒരു സാമൂഹിക കലാപമായി മാറുകയാണ്. അല്ല എങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ളതെല്ലാം കലാപങ്ങൾ തന്നെയാണല്ലോ. ബഷീർ വീണ്ടും വീണ്ടും പറയുന്നുണ്ടല്ലോ ഭൂമി അവരു ടെയും കൂടിയാണ് എന്ന്. ബഷീറിന്റെ ഈ പറച്ചിൽ തന്നെയല്ലേ ആന ഡോക്ടറും നമ്മോടു പറയുന്നത്, ഈ ആശയങ്ങൾ തന്നെയല്ലേ ഈ അദ്ധ്യായങ്ങളും നമ്മ പഠിപ്പിക്കുന്നത്.

To Top